Karuvatta Murder Case: ക്രൂരമായ മർദ്ദനം, ആസൂത്രിത കൊലപാതകം; കരുവാറ്റ കൊലപാതകത്തിൽ കുറ്റപത്രം പുറത്ത്
Alappuzha Karuvatta Murder Case: കൊല്ലം പരവൂർ സ്വദേശികളും 16–18 പ്രായപരിധിയിൽ വരുന്നതുമായ മൂന്ന് കൗമാരക്കാർ അതിക്രൂരമായാണ് കൊല നടത്തിയതെന്ന് കഴിഞ്ഞ ദിവസം ജുവനൈൽ ജസ്റ്റിസ് ബോർഡിൽ സമർപ്പിച്ച 740 പേജുള്ള കുറ്റപത്രത്തിൽ പോലീസ് വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടയാളുടെ പതിമൂന്നുകാരിയായ കൊച്ചുമകളാണു കൊലപാതകം ആസൂത്രണം ചെയ്തത്. ഈ കുട്ടിയുടെ അമ്മയും മുത്തശ്ശിയും അതായത് കൊല്ലപ്പെട്ടയാളുടെ മകളും ഭാര്യയുമാണ് കേസിൽ പ്രധാന സാക്ഷികൾ.
ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതക കേസിലെ കുറ്റപത്രം പുറത്ത്. പ്രായപൂർത്തിയാകാത്ത പതിമൂന്നുകാരി ആസൂത്രണം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം തയ്യാറാക്കി. തൊഴിച്ചും മർദ്ദിച്ചും അതിക്രൂരമായാണ് കൊലപാതകം നടപ്പിലാക്കിയതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. അറുപത്തിയേഴുകാരനെ കൊലപ്പെടുത്തി പണവും സ്വർണവും മോഷ്ടിച്ചത് ആഴ്ചകൾ നീണ്ട ആസൂത്രണത്തിന് ശേഷമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
കൊല്ലം പരവൂർ സ്വദേശികളും 16–18 പ്രായപരിധിയിൽ വരുന്നതുമായ മൂന്ന് കൗമാരക്കാർ അതിക്രൂരമായാണ് കൊല നടത്തിയതെന്ന് കഴിഞ്ഞ ദിവസം ജുവനൈൽ ജസ്റ്റിസ് ബോർഡിൽ സമർപ്പിച്ച 740 പേജുള്ള കുറ്റപത്രത്തിൽ പോലീസ് വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടയാളുടെ പതിമൂന്നുകാരിയായ കൊച്ചുമകളാണു കൊലപാതകം ആസൂത്രണം ചെയ്തത്. ഈ കുട്ടിയുടെ അമ്മയും മുത്തശ്ശിയും അതായത് കൊല്ലപ്പെട്ടയാളുടെ മകളും ഭാര്യയുമാണ് കേസിൽ പ്രധാന സാക്ഷികൾ.
കൊലപാതകം പണത്തിന് വേണ്ടി
ഇക്കഴിഞ്ഞ ഓഗസ്റ്റ് 15നായിരുന്നു നാടിനെ ഒന്നാകെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. 87 സാക്ഷികൾ, 98 രേഖകൾ, 12 തൊണ്ടിമുതലുകൾ എന്നിവയാണ് കേസിൽ പ്രതികൾക്കെതിരെ പോലീസിൻ്റെ പക്കലുള്ളത്. കുറ്റാരോപിതരായ കൗമാരക്കാർ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കൊലപാതകം നടന്ന വീട്ടിലേക്ക് എത്തുന്നതും കൃത്യത്തിന് ശേഷം മടങ്ങുന്നതുമായ ആറ് സിസിടിവി ദൃശ്യങ്ങളും കേസിലെ പ്രധാന തെളിവാണ്.
ഹരിപ്പാട് ഇൻസ്പെക്ടർ ബി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെെ പിടികൂടി 82–ാമത്തെ ദിവസമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കൂടാതെ പ്രതികളായ മൂന്ന് പേരെയും മുതിർന്നവരായി കണക്കാക്കി വിചാരണ നടത്തണമെന്ന അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ബോർഡാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ഒരു കൊലക്കേസിലെ എല്ലാ പ്രതികളും 18 വയസ്സിൽ താഴെയുള്ളവരെന്ന അപൂർവതയും ഈ സംഭവത്തിനുണ്ട്.
കൊല്ലപ്പെട്ടയാളുടെ കൊച്ചുമകളും സുഹൃത്തായ കൊല്ലം സ്വദേശിയും തമ്മിലുള്ള സമൂഹമാധ്യമ ചാറ്റാണ് ഏറ്റവും പ്രധാനപ്പെട്ട തെളിവ്. കൊലപാതകം ആസൂത്രണം ചെയ്തതിനുള്ള പ്രധാന തെളിവായി ഇതിനെ കുറ്റപത്രത്തിൽ പറയുന്നുണ്ട്. ബൈക്കും ഐഫോണും വാങ്ങാനുള്ള പണത്തിനായി വീട്ടിൽ നിന്ന് മോഷ്ടിക്കാമെന്നായിരുന്നു പെൺകുട്ടിയുടെ ആദ്യ തീരുമാനം. ഓഗസ്റ്റ് 14ന് അലമാരയുടെ പൂട്ട് പൊളിക്കാൻ നോക്കിയത് മുത്തച്ഛൻ കണ്ടുപിടിച്ചു. ഇതിൻ്റെ പേരിൽ കുട്ടിയെ തല്ലുകയും ശകാരിക്കുകയും ചെയ്തു.
പെൺകുട്ടിയുടെ അമ്മയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതിനാൽ മുത്തച്ഛനും കൊച്ചുമകളും മാത്രമാണ് സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്. ഇനി കവർച്ച നടന്നാൽ താനാണ് ഇതിന് പിന്നിലെന്ന് മുത്തച്ഛൻ മനസ്സിലാക്കുമെന്ന് പെൺകുട്ടി മനസ്സിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പെൺകുട്ടിയുടെ നിർദ്ദേശപ്രകാരം കൂട്ടുകാരൻ ഇതിനായി മറ്റ് രണ്ടു സുഹൃത്തുക്കളുടെ സഹായവും തേടി.
ഇവർ പരസ്പരം നടത്തിയ ആശയവിനിമയവും പെൺകുട്ടി അയച്ചുകൊടുത്ത വീടിന്റെ ലൊക്കേഷനും കേസിൽ നിർണായക തെളിവായി. 15ന് രാത്രിയോടെ മൂന്നംഗ സംഘം ഹരിപ്പാട്ടെത്തി കൃത്യം നടപ്പാക്കി. സംഭവസമയത്ത് പെൺകുട്ടി മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് മാറുകയും ചെയ്തിരുന്നു. പ്രതികൾക്ക് വിഡിയോ കോളിലൂടെ പെൺകുട്ടിയാണ് സ്വർണവും പണവും സൂക്ഷിച്ചിരുന്ന അലമാര കാണിച്ചുകൊടുത്തത്.
English Summary:
Alappuzha Karuvatta murder case, Haripad police submitted a 740-page chargesheet detailing how a 13-year-old girl conspired with three teenages to murder her 67 year old grandfather. Here is the latest update.