Kerala Local Holiday: നാളെ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി, പക്ഷെ ഈ ജില്ലക്കാർക്ക് മാത്രം ശ്രദ്ധിക്കുക
Arthunkal Perunnal Holiday 2026: മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമല്ലെന്നും പരീക്ഷകൾ യഥാസമയം നടക്കുമെന്നും അധികൃതർ അറിയിച്ചു.

Kerala School Holiday
ആലപ്പുഴ: ലോകപ്രശസ്തമായ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസലിക്കയിലെ മകരം തിരുനാളിനോടനുബന്ധിച്ച് നാളെ ആലപ്പുഴ ജില്ലയിലെ രണ്ട് താലൂക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകം. ആലപ്പുഴ ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
എന്നാൽ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമല്ലെന്നും പരീക്ഷകൾ യഥാസമയം നടക്കുമെന്നും അധികൃതർ അറിയിച്ചു. കേരളത്തിലെ ഏറ്റവും വലിയ ക്രിസ്തീയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ അർത്തുങ്കൽ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ദിനമായ ജനുവരി 20-ന് വലിയ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. ജനുവരി 20-ന് വൈകുന്നേരം നടക്കുന്ന വലിയ പ്രദക്ഷിണമാണ് പെരുന്നാളിലെ പ്രധാന ആകർഷണം.
വിശ്വാസികൾ മുട്ടിലിഴഞ്ഞും അമ്പും വില്ലും സമർപ്പിച്ചും നേർച്ചകൾ നിറവേറ്റാൻ പുലർച്ചെ മുതൽ പള്ളിയിലെത്തും. ശബരിമല മകരവിളക്കിന് ശേഷം മാലയൂരി വ്രതം അവസാനിപ്പിക്കാൻ ആയിരക്കണക്കിന് അയ്യപ്പഭക്തർ എത്തുന്നതും ഇവിടുത്തെ പ്രത്യേകതയാണ്. ‘അർത്തുങ്കൽ വെളുത്തച്ചൻ’ എന്ന പേരിലാണ് അയ്യപ്പഭക്തർക്കിടയിൽ വിശുദ്ധ സെബസ്ത്യാനോസ് അറിയപ്പെടുന്നത്.
ഈ ഉത്സവകാലത്ത് തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗത ക്രമീകരണങ്ങൾക്കുമായി വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് പോലീസും ജില്ലാ ഭരണകൂടവും ഒരുക്കിയിരിക്കുന്നത്.