AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mahashivratri 2026 Aluva : ശിവരാത്രി ആഘോഷിക്കാൻ ആലുവയ്ക്ക് പോകുന്നവർ ശ്രദ്ധിക്കുക, ​ഗതാ​ഗത നിയന്ത്രണങ്ങളും മറ്റ് വിവരങ്ങളും ഇതാ

Aluva Manappuram All Set for Pilgrims: മണപ്പുറത്ത് പ്രത്യേക പാർക്കിംഗ് ഗ്രൗണ്ടുകൾ ഒരുക്കിയിട്ടുണ്ട്. ദേശീയപാതയോരങ്ങളിൽ പാർക്കിംഗ് അനുവദിക്കില്ല. കൊട്ടാരം കടവിൽ നിന്നുള്ള പാലം വഴി കാൽനടയാത്രക്കാർക്ക് മാത്രമായിരിക്കും പ്രവേശനം.

Mahashivratri 2026 Aluva : ശിവരാത്രി ആഘോഷിക്കാൻ ആലുവയ്ക്ക് പോകുന്നവർ ശ്രദ്ധിക്കുക, ​ഗതാ​ഗത നിയന്ത്രണങ്ങളും മറ്റ് വിവരങ്ങളും ഇതാ
Aluva SivaratriImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Updated On: 15 Feb 2026 | 06:51 AM

ആലുവ: ആലുവ മണപ്പുറം മഹാശിവരാത്രി ആഘോഷങ്ങൾക്കായി പൂർണ്ണമായും സജ്ജമായി. ഇന്ന് അവധി ദിനം കൂടിയായതിനാൽ ഇത്തവണ മണപ്പുറത്ത് അഭൂതപൂർവമായ ജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. പിതൃപുണ്യം തേടി എത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും നഗരസഭയും ചേർന്ന് ഒരുക്കിയിരിക്കുന്നത്.

ഞായറാഴ്ച അർധരാത്രി ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാണ് മണപ്പുറത്ത് ഔദ്യോഗികമായി ബലിതർപ്പണം ആരംഭിക്കുക. ഞായറാഴ്ച രാവിലെ മുതൽ തിങ്കളാഴ്ച ഉച്ചവരെ തർപ്പണം നടത്താം. ചൊവ്വാഴ്ച കുംഭമാസത്തിലെ അമാവാസിയായതിനാൽ അന്ന് വാവുബലി തർപ്പണവും നടത്താവുന്നതാണെന്ന് ക്ഷേത്രം മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി അറിയിച്ചു. ദേവസ്വം ബോർഡ് 116 ബലിത്തറകളാണ് ലേലം ചെയ്തിട്ടുള്ളത്. ബലിതർപ്പണത്തിന് 100 രൂപയാണ് ദേവസ്വം ബോർഡ് നിശ്ചയിച്ചിട്ടുള്ള നിരക്ക്.

ഗതാഗത നിയന്ത്രണങ്ങൾ

 

തിരക്ക് നിയന്ത്രിക്കുന്നതിനായി ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ 16 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. മണപ്പുറത്തേക്ക് പോകുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും സെമിനാരിപ്പടി – ജിസിഡിഎ റോഡ് – ആയുർവേദ ആശുപത്രി വഴി പോകണം.

Also Read – ഇന്ന് മഹാശിവരാത്രി, പിതൃതർപ്പണ പുണ്യം തേടി ജനലക്ഷങ്ങൾ തർപ്പണം ചെയ്യും

മണപ്പുറത്ത് നിന്ന് പുറത്തേക്ക് പോകുന്ന വാഹനങ്ങൾ പഴയ ദേശം റോഡ് വഴി പറവൂർ കവലയിലേക്ക് പോകണം. വരാപ്പുഴ, ഇടയാർ ഭാഗത്ത് നിന്നുള്ള ബസുകൾ തോട്ടക്കാട്ടുകരയിൽ യാത്രക്കാരെ ഇറക്കി യുസി കോളേജ് വഴി തിരികെ പോകണം. അങ്കമാലി ബസുകൾ പറവൂർ കവലയിൽ യാത്രക്കാരെ ഇറക്കണം.

മണപ്പുറത്ത് പ്രത്യേക പാർക്കിംഗ് ഗ്രൗണ്ടുകൾ ഒരുക്കിയിട്ടുണ്ട്. ദേശീയപാതയോരങ്ങളിൽ പാർക്കിംഗ് അനുവദിക്കില്ല. കൊട്ടാരം കടവിൽ നിന്നുള്ള പാലം വഴി കാൽനടയാത്രക്കാർക്ക് മാത്രമായിരിക്കും പ്രവേശനം.

 

സുരക്ഷയും മറ്റ് സൗകര്യങ്ങളും

 

1500 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിച്ചു. സിസിടിവി, വാച്ച് ടവറുകൾ, സ്‌കൂബ ടീം എന്നിവരുടെ നിരീക്ഷണം 24 മണിക്കൂറും ഉണ്ടാകും. ഭക്തർക്കായി ദേവസ്വം ബോർഡ് 2 കോടി രൂപയുടെയും നഗരസഭ ഒരു കോടി രൂപയുടെയും അപകട ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആർടിസി 210 സ്പെഷ്യൽ സർവീസുകൾ നടത്തും. കൊച്ചി മെട്രോയും ദക്ഷിണ റെയിൽവേയും രാത്രി സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്തും. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ആഘോഷങ്ങൾ. രാത്രി ഉറക്കമൊഴിയുന്ന ഭക്തർക്കായി അന്നദാനം ഒരുക്കിയിട്ടുണ്ട്.

ശിവരാത്രിയോടനുബന്ധിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന വ്യാപാരമേളയ്ക്കും നാളെ തുടക്കമാകും. നഗരസഭയുടെയും മറ്റ് സർക്കാർ വകുപ്പുകളുടെയും ഏകോപനത്തോടെയാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.