AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mahashivratri 2026: ഇന്ന് മഹാശിവരാത്രി, പിതൃതർപ്പണ പുണ്യം തേടി ജനലക്ഷങ്ങൾ തർപ്പണം ചെയ്യും

Mahashivratri 2026 Today : ഞായറാഴ്ചയാണ് ഇത്തവണ ശിവരാത്രി എത്തിയിരിക്കുന്നത് എന്നതാണ് തിരക്കിനു പിന്നിലെ പ്രധാന കാരണം. പല ശിവക്ഷേത്രങ്ങളിലും ശിവരാത്രി ഉത്സവത്തിന്റെ ആഘോഷങ്ങൾ കൂടി നടക്കുന്നുണ്ട്.

Mahashivratri 2026: ഇന്ന് മഹാശിവരാത്രി, പിതൃതർപ്പണ പുണ്യം തേടി ജനലക്ഷങ്ങൾ തർപ്പണം ചെയ്യും
mahasivaratry 2026 Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 15 Feb 2026 | 06:51 AM

ആലുവ: കുംഭമാസത്തിലെ കറുത്ത ചതുർദശി പുണ്യത്തിൽ നാടും നഗരവും ശിവരാത്രി ആഘോഷങ്ങളിലേക്ക്. ശിവ സ്തുതികളും പഞ്ചാക്ഷരമന്ത്രവുമായി ഇന്ന് ജനലക്ഷങ്ങൾ പിതൃതർപ്പണം ചെയ്യും. രാവിലെ മുതൽ ശിവക്ഷേത്രങ്ങളില‍െല്ലാം വലിയതോതിൽ തിരക്കനുഭവപ്പെടുന്നുണ്ട്. ഞായറാഴ്ചയാണ് ഇത്തവണ ശിവരാത്രി എത്തിയിരിക്കുന്നത് എന്നതാണ് തിരക്കിനു പിന്നിലെ പ്രധാന കാരണം. പല ശിവക്ഷേത്രങ്ങളിലും ശിവരാത്രി ഉത്സവത്തിന്റെ ആഘോഷങ്ങൾ കൂടി നടക്കുന്നുണ്ട്.

വിശ്വപ്രസിദ്ധമായ ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആധികൃതർ വ്യക്തമാക്കി. ഇന്ന് അർദ്ധരാത്രിയോടെയാണ് ഇവിടെ ഔദ്യോഗിക ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കുന്നത്.

ശിവരാത്രിയോടനുബന്ധിച്ച് മൂന്ന് ദിവസം ബലിതർപ്പണത്തിന് തിരക്ക് അനുഭവപ്പെടുമെന്നാണ് കരുതുന്നത്. ഞായറാഴ്ച രാവിലെ മുതൽ തിങ്കളാഴ്ച ഉച്ചവരെ ബലിതർപ്പണം നടത്താം. എന്നാലും ഇന്ന് അർധരാത്രി ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാണ് മണപ്പുറത്ത് ഔദ്യോഗികമായി തർപ്പണം തുടങ്ങുക.

ചൊവ്വാഴ്ച കുംഭത്തിലെ അമാവാസിയായതിനാൽ അന്ന് വാവുബലി തർപ്പണവും നടത്താവുന്നതാണെന്ന് മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി അറിയിച്ചു. 116 ബലിത്തറകളാണ് ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. തർപ്പണത്തിന് 100 രൂപയാണ് നിരക്ക്. പെരിയാറിന് അക്കരെയുള്ള അദ്വൈതാശ്രമത്തിലും ബലിതർപ്പണ സൗകര്യമുണ്ടാകും.

 

ശിവരാത്രിയ്ക്ക് പിന്നിലെ കഥ

 

പാലാഴിമഥന വേളയിൽ വാസുകി വിസർജിച്ച മാരകമായ കാളകൂട വിഷം ഭൂമിയിൽ പതിച്ചാൽ സർവ്വലോകവും നശിക്കുമെന്ന അവസ്ഥ വന്നു. ലോകത്തെ ഈ മഹാവിപത്തിൽ നിന്ന് രക്ഷിക്കാനായി പരമശിവൻ ആ വിഷം പാനം ചെയ്തു. എന്നാൽ വിഷം ഭഗവാന്റെ ഉള്ളിലെത്തിയാൽ അത് ലോകത്തിന് തന്നെ ദോഷകരമാകുമെന്ന് കണ്ട് പാർവതി ദേവി ഭഗവാന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിച്ചു.

Also Read – കൊടും ചൂടിന് ആശ്വാസമായി ശിവരാത്രിയിൽ മഴയെത്തുമോ?; കാലാവസ്ഥ ഇങ്ങനെ

ദേവി പഞ്ചാക്ഷര മന്ത്രം ജപിച്ച് ആ വിഷത്തെ ശിവന്റെ കഴുത്തിൽ തന്നെ ഉറപ്പിച്ചു നിർത്തി. വിഷം തങ്ങിനിന്ന് ഭഗവാന്റെ കണ്ഠം നീലനിറമായതോടെ ശിവൻ ‘നീലകണ്ഠൻ’ എന്നറിയപ്പെട്ടു.

വിഷജ്വാലയിൽ നിന്ന് പ്രപഞ്ചത്തെയും സർവ്വ ജീവജാലങ്ങളെയും രക്ഷിച്ച ഭഗവാനെ പ്രീതിപ്പെടുത്താനായി ഭക്തർ അന്ന് രാത്രി മുഴുവൻ ഉറക്കമിളച്ച് പ്രാർത്ഥനകളിലും നാമജപങ്ങളിലും മുഴുകി. വാദ്യഘോഷങ്ങളോടും ഭക്തിയോടും കൂടി ലോകം മുഴുവൻ ആഹ്ലാദം പങ്കിട്ട ആ രാത്രിയാണ് ശിവരാത്രി ആയി നാം ആഘോഷിക്കുന്നത്.