AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nehru Trophy Boat Race: ആവേശക്കൊടുമുടിയില്‍ പുന്നമടക്കായല്‍, 70-ാമത് നെഹ്റു ട്രോഫിയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം

Nehru Trophy Boat Race: പുന്നമടയുടെ ജലപ്പരപ്പിനെ കീറി മുറിക്കുന്ന നെഹ്റു ട്രോഫി വള്ളംകളി ഇന്ന്. 19 ചുണ്ടൻ വള്ളങ്ങളാണ് നെഹ്റുവിന്റെ കയ്യൊപ്പ് പതിഞ്ഞ കീരിടം സ്വന്തമാക്കാനായി വീറോടെ പൊരുതുക.

Nehru Trophy Boat Race: ആവേശക്കൊടുമുടിയില്‍ പുന്നമടക്കായല്‍, 70-ാമത് നെഹ്റു ട്രോഫിയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം
Credits: Kerala Tourism
Athira CA
Athira CA | Published: 28 Sep 2024 | 07:45 AM

ആലപ്പുഴ: എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളി ആരംഭിക്കാൻ മണിക്കൂറൂകളുടെ മാത്രം കാത്തിരിപ്പ്. കുട്ടനാട്ടിലെ ചുണ്ടൻവള്ളങ്ങൾ ഒന്നിച്ച് അണിനിരക്കുന്ന ജലമേളയിൽ നെഹുവിന്റെ കെെയ്യൊപ്പ് പതിഞ്ഞ ട്രോഫി ഏറ്റുവാങ്ങാൻ‌ 19 വള്ളങ്ങൾ മത്സരത്തിനിറങ്ങും. 9 വിഭാ​ഗങ്ങളിലായി 74 യാനങ്ങളാണ് ജലമേളയുടെ ഭാ​ഗമാകുക. പവിലിയനിലെ നെഹ്റു പ്രതിമയിൽ പുഷ്പാർച്ചയോടെയാണ് നെഹ്റു ട്രോഫിക്ക് തുടക്കമാകുക.

പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉച്ചയ്ക്ക് രണ്ട് മണിക്ക് ജലപ്പൂരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. മന്ത്രി പി പ്രസാദ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മത്സരവും മന്ത്രി വി വാസവൻ മാസ് ഡ്രില്ലും ഫ്ലാ​ഗ് ഓഫ് ചെയ്യും.

‌രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെയും ചുണ്ടൻ വള്ളങ്ങളുടെയും ഫൈനലും നടക്കും. 4 ട്രാക്കിലായി ചുണ്ടൻ വള്ളങ്ങൾക്ക് 5 ഹീറ്റ്സ് ഉണ്ടാകും. 3.45ന് ഫെെനൽ. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച ആദ്യ നാല് വള്ളങ്ങളാണ് ഫെെനൽ പോരാട്ടത്തിന് ഇറങ്ങുക. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നാണ് ഓഗസ്റ്റ് 10നു നടത്താനിരുന്ന വള്ളംകളി മാറ്റി വച്ചത്.

ഒരോ വള്ളപ്പുരയും ട്രോഫിയിൽ മുത്തമിടാനാകുമെന്ന പ്രതീക്ഷയിലാണ്. മാസങ്ങൾ നീണ്ട കാത്തിരിപ്പിനും പരിശീലനത്തിനും ഒടുവിൽ പുന്നമടയുടെ ഓളപ്പരപ്പുകളെ കീറി മുറിച്ച് നെഹ്റുട്രോഫിയിൽ ആര് മുത്തമിടുമെന്നാണ് അറിയേണ്ടത്. തുടർച്ചയായ അഞ്ചാം തവണ കീരിടം സ്വന്തമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പള്ളാത്തുരത്തി തുഴയുന്ന വീയപുരം ചുണ്ടൻ. ആറ് മില്ലി സെക്കന്റ് വ്യത്യാസത്തിലാണ് കുമരകം ടൗൺ ബോട്ട് ക്ലബ്ബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന് കഴിഞ്ഞ വർഷം കിരീടം നഷ്ടമായത്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ആ കിരീടം സ്വന്തമാക്കാനാണ് ചമ്പക്കുളം ഇറങ്ങുന്നത്.

തുഴയുന്നവരുടെയും കാഴ്ചക്കാരുടെയും കണ്ണും മനസും ഒന്നിക്കുന്ന ആഹ്ലാദ നിമിഷങ്ങൾ, കരയും കായലും ഏറ്റുപിടിക്കുന്ന അപൂർവ്വ അനുഭവം. ആയിരക്കണക്കിന് ആളുകളാണ് പുന്നമടക്കായലിൻെറ തീരങ്ങളിലേക്ക് ജലപ്പൂരം കാണാനായി എത്തുക. പുന്നമടക്കായലിന്റെ ജല ഒളിമ്പിക്സ് കാണാനായി അങ്ങ് വിദേശത്ത് നിന്ന് പോലും ആളുകളെത്തും.

വള്ളംകളി പ്രമാണിച്ച് ഇന്ന് ജില്ലയിലെ അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.