Amoebic Meningitis: വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; സംസ്ഥാനത്തെ രോഗികളുടെ എണ്ണം എട്ട്, ജാഗ്രത
Amoebic Meningitis Case In Kerala: സംസ്ഥാനത്ത് രോഗ വ്യാപത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൃത്യമായ ഉറവിടം കണ്ടെത്താൻ സാധിക്കാത്തത് ആരോഗ്യ വകുപ്പിന് വലിയ വെല്ലുവിളിയാണ്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെ വെള്ളത്തിൽ മാത്രമാണ് കുളിപ്പിച്ചതെന്നാണ് വീട്ടിലുള്ളവർ പറയുന്നത്.
കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം (Amoebic Meningitis). വയനാട് സ്വദേശിയായ 25-കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംസ്ഥാനത്ത് ഇതോടെ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം എട്ടായി. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള മൂന്ന് പേരും വയനാട് ജില്ലയിൽ നിന്നുള്ള രണ്ട് പേരുമാണ് ചികിത്സയിൽ കഴിയുന്നത്.
താമരശ്ശേരിയിൽ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസുകാരി അനയയുടെ സഹോദരനും ചികിത്സയിലുണ്ട്. അനയ കുളിച്ച അതേ കുളത്തിൽ തന്നെ സഹോദരനും കുളിച്ചതായാണ് കണ്ടെത്തൽ. എഴ് വയസുകാരനായ ഈ കുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.
മലപ്പുറം പുല്ലിപ്പറമ്പ സ്വദേശിയായ 49-കാരൻ, മലപ്പുറം ചേളാരി സ്വദേശിയായ 11 കാരി, കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ്, കോഴിക്കോട് അന്നശ്ശേരി സ്വദേശിയായ 38-കാരൻ, മലപ്പുറം ചേലമ്പ്ര സ്വദേശിയായ 47-കാരൻ, വയനാട് ബത്തേരി സ്വദേശിയായ 45-കാരൻ എന്നിവരും നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.
അതേസമയം സംസ്ഥാനത്ത് രോഗ വ്യാപത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൃത്യമായ ഉറവിടം കണ്ടെത്താൻ സാധിക്കാത്തത് ആരോഗ്യ വകുപ്പിന് വലിയ വെല്ലുവിളിയാണ്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെ വെള്ളത്തിൽ മാത്രമാണ് കുളിപ്പിച്ചതെന്നാണ് വീട്ടിലുള്ളവർ പറയുന്നത്. മറ്റുള്ളവർ പുഴയിലോ കുളത്തിലോ കുളിച്ചിട്ടില്ല എന്നാണ് പറയുന്നത്. ഇതോടെ ആരോഗ്യ വകുപ്പിന് ആശങ്കയേറുകയാണ്.