Amoebic Meningoencephalitis: വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ചാവക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു
Amoebic Meningoencephalitis: സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിനേഴുപേരാണ് മരിച്ചത്. ഈ മാസം മാത്രം ഏഴ് മരണം സ്ഥിരീകരിച്ചു.
തൃശ്ശൂർ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. ചാവക്കാട് സ്വദേശിയായ 59 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു. ബുധനാഴ്ചയാണ് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിൽ കണ്ടെത്തിയ വയോധികനെ വളണ്ടിയർമാരാണ് ആശുപത്രിയിൽ എത്തിച്ചത്.
നിലവിൽ കോഴിക്കോട് ജില്ലയിൽ മാത്രം പതിനൊന്ന് പേരാണ് ചികിത്സയിലുള്ളത്. മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ മൂന്ന് കുട്ടികളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏഴ് പേരും സ്വകാര്യ ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിനേഴുപേരാണ് മരിച്ചത്. ഈ മാസം മാത്രം ഏഴ് മരണം സ്ഥിരീകരിച്ചു. ഈ വർഷം ഇതുവരെ 66 പേര്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.
അമീബിക് മസ്തിഷ്‌കജ്വരം
അക്കാത്ത അമീബ, സാപ്പിനിയ, ബാലമുത്തി വെര്‍മമീബ, നെഗ്ലേറിയ ഫൗലേറി എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുന്നതിലൂടെ ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌കജ്വരം. കെട്ടിക്കിടക്കുന്ന വെളളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലാണ് പ്രധാനമായും രോഗം ഉണ്ടാകുന്നത്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാൽ അഞ്ച് മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.
ലക്ഷണങ്ങൾ
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്. കുഞ്ഞുങ്ങളിൽ ഭക്ഷണം കഴിക്കാനുള്ള വിമുഖത. രോഗം ഗുരുതരാവസ്ഥയിലായാൽ ഓർമ്മക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിവയുമുണ്ടാകും.