Amoebic Meningoencephalitis: അമീബിക് മസ്തിഷ്ക ജ്വരം: അന്തരീക്ഷത്തിലും അമീബയുടെ സാന്നിധ്യം കണ്ടെത്തി
Kerala Amoebic Meningoencephalitis: അന്തരീക്ഷത്തിൽ കാണപ്പെടുന്ന അമീബ, ജലകണങ്ങളുമായി ചേർന്ന് ശരീരത്തിലെത്തുന്നതാണ് രോഗത്തിന് കാരണമാകുന്നത്. കുളിക്കുമ്പോൾ ജലത്തിലൂടെ മൂക്കിൽ പ്രവേശിക്കുന്നതാണ് ഏറ്റവും അപകടകരമായി മാറുന്നത്. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച അമീബിക് മസ്തിഷ്കജ്വരത്തിൽ ഭൂരിഭാഗവും അക്കാന്ത അമീബ കാരണമാണെന്നാണ് നിഗമനം.
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തിന് കാരണമായ അമീബകളുടെ സാന്നിധ്യം അന്തരീക്ഷത്തിലും കണ്ടെത്തി. വെള്ളത്തിലും ചെളിയിലും കാണപ്പെടുന്ന ‘നേഗ്ലറിയ ഫൗലേറി’ വിഭാഗത്തിന് പുറമെയാണ് ‘അക്കാന്ത അമീബ’യുടെ സാന്നിധ്യം അന്തരീക്ഷത്തിലും കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച അമീബിക് മസ്തിഷ്കജ്വരത്തിൽ ഭൂരിഭാഗവും അക്കാന്ത അമീബ കാരണമാണെന്നാണ് നിഗമനം.
അന്തരീക്ഷത്തിൽ കാണപ്പെടുന്ന അമീബ, ജലകണങ്ങളുമായി ചേർന്ന് ശരീരത്തിലെത്തുന്നതാണ് രോഗത്തിന് കാരണമാകുന്നത്. കുളിക്കുമ്പോൾ ജലത്തിലൂടെ മൂക്കിൽ പ്രവേശിക്കുന്നതാണ് ഏറ്റവും അപകടകരമായി മാറുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിലെ അമീബയാണ് രോഗം റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയ ആദ്യകാലങ്ങളിൽ രോഗകാരണമെന്നായിരുന്നു ആരോഗ്യവകുപ്പ് കണ്ടെത്തിയത്. വീടുകളിലെ കിണറ്റിലെ വെള്ളത്തിൽ കുളിച്ചവർക്കും നിലവിൽ രോഗം സ്ഥിരീകരിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 17 പേരാണ് മരിച്ചത്. കൂടാതെ ഇതുവരെ 66 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുസംബന്ധിച്ച കണക്കുകൾ ആരോഗ്യവകുപ്പ് തന്നെയാണ് പുറത്തുവിട്ടത്. ഈ മാസം രോഗം സ്ഥിരീകരിച്ച 19 രോഗികളിൽ ഏഴുപേരും മരണത്തിന് കീഴടങ്ങി. നിലവിൽ പതിനഞ്ചിലേറെ രോഗികളാണ് കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലായി ചികിത്സയിൽ കഴിയുന്നത്.
തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം
തിരുവനന്തപുരം ജില്ലയിൽ പതിനേഴുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് അടച്ചു. കഴിഞ്ഞ ദിവസം ഈ കുട്ടി സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിംഗ് പൂളിലെത്തി കുളിച്ചിരുന്നതായാണ് വിവരം. ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരവധിപേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം മലപ്പുറം അരീക്കോട് സ്വദേശിയായ പത്ത് വയസ്സുകാരിക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് കുട്ടി.