Arjun Rescue Mission: അർജുൻ ഓടിച്ച ലോറിയുടെ ക്രാഷ് ഗാർഡ് കണ്ടെത്തി; സ്ഥിരീകരിച്ച് ലോറി ഉടമ
Mission Arjun: നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് നടത്തിയ തിരച്ചിലിനിടെയാണ് ലോറിയുടെ ക്രാഷ് ഗാർഡ് കണ്ടെത്തിയത്. ലോറിയിൽ ഉപയോഗിച്ചിരുന്ന കയറും കണ്ടെത്തിയിട്ടുണ്ട്.
ബെംഗളൂരു: ഷിരൂരിൽ ഡ്രജ്ജർ ഉപയോഗിച്ചുള്ള തിരച്ചിലിൽ ലോറിയുടെ ക്രാഷ് ഗാർഡ് കണ്ടെത്തി. മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ക്രാഷ് ഗാർഡ് ആണെന്ന് വാഹനത്തിന്റെ ഉടമ മനാഫ് സ്ഥിരീകരിച്ചു. ലോറിയിൽ ഉപയോഗിച്ചിരുന്ന കയറും കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ തിരച്ചിൽ നടത്തുന്ന ഭാഗത്ത് തന്നെ ലോറി ഉണ്ടാകുമെന്നും മനാഫ് പറഞ്ഞു.
എല്ലാ പുതിയ വാഹനങ്ങളുടെയും പുറകിൽ ഒരു ക്രാഷ് ഗാർഡ് ഉണ്ടാകും. ദൂരത്ത് നിന്ന് കണ്ടാൽ തന്നെ അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ക്രാഷ് ഗാർഡ് കണ്ടാൽ മനസിലാകും. ക്രാഷ് ഗാർഡ് എപ്പോൾ പൊട്ടിയത് ആണെന്ന് നട്ട് ബോൾഡിന്റെ എഡ്ജിൽ നോക്കിയാൽ മനസിലാകും. ലോറി കണ്ടെത്തിയാൽ അതിന്റെ പോസിഷൻ ഏത് രൂപത്തിലാണെന്ന് മനസിലാകണം. 15 ടണ്ണിലേറെ ഭാരമുള്ള വാഹനം അധിക ദൂരത്തേക്ക് പോകാൻ സാധ്യതയില്ല. ലോറി ഉടമ മനാഫ് പറഞ്ഞു.
സിപി 4 എന്ന് മാർക്ക് ചെയ്ത പ്രദേശത്ത് ഡ്രജ്ജർ ഉപയോഗിച്ച് പരിശോധന നടത്താൻ രാവിലെ 10 മണിയോടെയാണ് നാവികസേന നിർദ്ദേശം നൽകിയത്. ഡ്രജ്ജർ ഉപയോഗിച്ച് നടത്തിയ ആദ്യഘട്ട പരിശോധനയിലാണ് ഒരു കെട്ട് കയർ കണ്ടെത്തിയത്. ലോഡ് കെട്ടാൻ ഉപയോഗിക്കുന്ന കയറാണെന്ന് ആദ്യം തന്നെ വ്യക്തമായിരുന്നു. പിന്നീട് അർജുന്റെ ലോറിയിലെ തടികൾ കെട്ടാൻ ഉപയോഗിച്ച ടയറാണെന്ന് ഉടമ സ്ഥിരീകരിച്ചു. ഇതിന് ശേഷമാണ് ക്രാഷ് ഗാർഡ് കണ്ടെത്തിയത്. സിപി 4 എന്ന് മാർക്ക് ചെയ്തതിന്റെ എതിർവശത്തായിരുന്നു ഇന്നലെ ഈശ്വർ മാൽപ്പെ തിരച്ചിൽ നടത്തിയത്. മറ്റൊരു ടാങ്കൽ ലോറിയുടെ ഭാഗങ്ങളാണ് തിരച്ചിലിൽ കണ്ടെത്തിയത്.
അതേസമയം, റിട്ട മേജർ ഇന്ദ്രബാലൻ ദൗത്യം ഏകോപിപ്പിക്കുന്നതിനായി വെെകിട്ടോടെ ഷിരൂരിലെത്തും. ജില്ലാ ഭരണവും പൊലീസുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ തിരച്ചിലിന് ഇറങ്ങിയിട്ടില്ല.
അടുത്ത മൂന്ന് ഉത്തരകന്നഡ ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് തിരച്ചിലിന് ആശങ്ക സൃഷ്ടിക്കുമെന്ന് കരുതുന്നുണ്ടെങ്കിലും മഴ പെയ്താലും ഡ്രജ്ജിംഗ് തുടരാനാണ് അധികൃതരുടെ തീരുമാനം.
ഓഗസ്റ്റ് 17-നാണ് കനത്ത മഴയെ തുടർന്ന് അർജുന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചത്. ഡ്രജ്ജർ എത്തിച്ച് തിരച്ചിൽ പുനരാരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുകോടി രൂപ ചെലവ് വരുന്നതിനാല്‍ പണം മുടക്കുന്നതിനെ ചൊല്ലിയുള്ള അനശ്ചിതത്വം നിലനിന്നിരുന്നു. പിന്നീടെ അർജുന്റെ കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതോടെയാണ് തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. കർണാടക സർക്കാരാണ് ഡ്രജ്ജറിന്റെ വാടക നൽകുന്നത്. ഡ്രജ്ജിംഗ് കമ്പനിയുമായുള്ള കരാർ 7 ദിവസത്തേക്ക് കൂടി നീട്ടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
ഇന്നലെ നടത്തിയ തിരച്ചിൽ അസ്ഥിയുടെ ഭാഗം കണ്ടെത്തിയിരുന്നു. ഇത് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.