5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Anna Sebastin: ഇ വെെ കമ്പനിയോട് റിപ്പോർട്ട് തേടി കേന്ദ്രം; വീഴ്ചയെങ്കിൽ നടപടിയെന്ന് കേന്ദ്ര തൊഴിൽ മന്ത്രി

Anna Sebastian Death: 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഇവെെ കമ്പനിയോടും മഹാരാഷ്ട്ര സർക്കാരിനോടും നിർദ്ദേശിച്ചിരിക്കുന്നത്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുക. ‌

Anna Sebastin: ഇ വെെ കമ്പനിയോട് റിപ്പോർട്ട് തേടി കേന്ദ്രം; വീഴ്ചയെങ്കിൽ നടപടിയെന്ന് കേന്ദ്ര തൊഴിൽ മന്ത്രി
Credits: PTI and Social Media
athira-ajithkumar
Athira CA | Updated On: 23 Sep 2024 19:11 PM

ന്യൂഡൽഹി: ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പുണെയിൽ മരിക്കാനിടയായ സംഭവത്തിൽ ഏണസ്റ്റ് ആൻഡ് യം​ഗ് (ഇവൈ) കമ്പനിക്ക് കരുക്ക് മുറുകുന്നു. അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം പുരോ​ഗമിക്കുകയാണെ‌ണ് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ഇവെെ കമ്പനിയോടും മഹാരാഷ്ട്ര സർക്കാരിനോടും റിപ്പോർട്ട് തേടിയതായും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. റിപ്പോർട്ട് പരിശോധിച്ചതിന് ശേഷം കമ്പനിയുടെ ഭാ​ഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് ബോധ്യപ്പെട്ടാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

”മഹാരാഷ്ട്ര സർക്കാരും ഇവെെ കമ്പനിയും നൽകുന്ന റിപ്പോർട്ടിൽ പഠനം നടത്തേണ്ടതുണ്ട്. മഹാരാഷ്ട്ര സർക്കാരിനോട് വിവരങ്ങൾ തേടിയുണ്ട്. യുവതിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് പൊലീസും റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുക”.- കേന്ദ്രമന്ത്രി പറഞ്ഞു.

രാജ്യത്ത് മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കണമെന്ന് പ്രതിപക്ഷം ആവശ്യമുയർത്തിയതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് കേന്ദ്ര തൊഴിൽമന്ത്രി വ്യക്തമാക്കിയത്. അതേസമയം അന്നയുടെ മരണത്തിൽ കേന്ദ്രധനകാര്യ മന്ത്രി നിർമ്മലാ സീതാരാമനെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ദെെവത്തെ ആശ്രയിച്ചാൽ മാത്രമേ സമ്മർദ്ദത്തെ നേരിടാനാവൂ എന്നും അത് എങ്ങനെയെന്ന് വീടുകളിൽ പഠിപ്പിക്കണമെന്നുമാണ് സ്വകാര്യ സർവ്വകലാശലയിലെ ചടങ്ങിൽ ധനകാര്യ മന്ത്രി പറഞ്ഞത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ധ്യാന മണ്ഡപം നിർമ്മിക്കണമെന്നും സമ്മർദ്ദം നേരിടുമ്പോഴെല്ലാം ധ്യാനിക്കണമെന്ന പരാമർശവും നിർമ്മലാ സീതാരാമൻ നടത്തി.

മകളെ ആത്മവിശ്വാസം നൽകിയാണ് വളർത്തിയതെന്നും ഓരോരുത്തൽ അവരവരുടെ രീതികളിൽ പ്രതികരണം നടത്തുകയാണെന്നും അന്നയുടെ പിതാവ് പറഞ്ഞു. കൊച്ചിയിലെ വീട്ടിലെത്തി അന്നയുടെ മാതാപിതാക്കളെ മന്ത്രിമാരായ എം ബി രാജേഷ്, മുഹമ്മദ് റിയാസ് എന്നിവർ സന്ദർശിച്ചിരുന്നു. കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഹൃദയ ശൂന്യമെന്ന് എം ബി രാജേഷും പരാമർശം പിൻവലിച്ചു മാപ്പ് പറയണമെന്ന് മുഹമ്മദ്‌ റിയാസും ആവശ്യപ്പെട്ടു.

അന്നയുടെ പേരിൽ ഇവെെ കമ്പനി ആരംഭിക്കാനിരിക്കുന്ന ഫൗണ്ടേഷനോട് സഹകരിക്കില്ലെന്നും അന്നയുടെ പിതാവ് സിബി ജോസഫ് അറിയിച്ചു. അന്നയുടെ പേരിൽ കുടുംബം ഫൗണ്ടേഷൻ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികൾക്ക് സഹായം ഉറപ്പുവരുത്തുന്ന ഫൗണ്ടേഷനാണിത്. എന്നാൽ ഇവെെ നിയമനടപടി സ്വീകരിക്കില്ലെന്നും കുടുംബം ആവർത്തിച്ചു.

അന്നയുടെ മരണത്തിൽ കേന്ദ്രസർക്കാർ അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനി കുടുംബത്തെ അനുശോചനം അറിയിച്ചിരുന്നു.‘‘കുടുംബത്തിനുണ്ടായ നഷ്ടം നികത്താൻ കഴിയില്ലെങ്കിലും, ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്. അത് ഇനിയും തുടരും. അന്നയുടെ വേർപാടിൽ കമ്പനിയ്ക്ക് അതിയായ ദുഃഖമുണ്ട്. ദുഃഖിതരായ കുടുംബത്തെ കമ്പനി അനുശോചനം അറിയിക്കുന്നു. അന്നയുടെ മാതാവ് കമ്പനിയ്ക്ക് അയച്ച കത്ത് അതീവ ​ഗൗരവത്തോടെ എടുക്കുന്നു. കമ്പനി ജീവനക്കാരുടെ ക്ഷേമത്തിന് പ്രാധാന്യം നൽകുന്നു. ഇവെെ കമ്പനിയുടെ ഭാ​ഗമായ പതിനായിരത്തോളം തൊഴിലാളികൾക്ക് ആരോഗ്യകരമായ ജോലിസ്ഥലം ‍ഉറപ്പുവരുത്താനുള്ള ശ്രമം കമ്പനി തുടരും’’ – കമ്പനി കത്തിൽ വ്യക്തമാക്കി.

Latest News