Arjun Rescue Mission: പോസ്റ്റ്‌മോർട്ടം പൂർത്തിയായി; രണ്ടു ദിവസത്തിനകം മൃതദേഹം അർജുൻറെ വീട്ടിലെത്തിക്കും
Arjun Rescue Mission: അർജുന്റെ മൃതദേഹം കോഴിക്കോട്ടെ വീട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം കേരള സർക്കാർ ഏറ്റെടുത്തു. ഡിഎൻഎ പരിശോധനാ ഫലം രണ്ട് ദിവസത്തിനകം ലഭ്യമാക്കും.
ബെംഗളൂരു: ഷിരൂരിൽ നിന്ന് അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് ഇന്ന് തുടക്കമാകും. ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ മംഗലാപുരത്തെ എഫ്എസ്എൽ ലാബിലേക്ക് അയച്ചു. രണ്ട് ദിവസത്തിനകം ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചേക്കും. ഡിഎൻഎ പരിശോധന നടത്തണമെന്ന ആവശ്യം അർജുന്റെ കുടുംബവും ഉയർത്തിയിരുന്നു. മൃതദേഹം ഇന്ന് വെെകിട്ടോ നാളെയോ അർജുന്റെ കുടുംബത്തിന് വിട്ടുനൽകും. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് ഉത്തര കന്നട ജില്ലാ ഭരണകൂടം അറിയിച്ചു. അർജുന്റെ മൃതദേഹം കോഴിക്കോട്ടെ വസതിയിൽ എത്തിക്കാനുള്ള എല്ലാ ചെലവുകളും കേരള സർക്കാരാണ് വഹിക്കുന്നത്.
ഡിഎൻഎ പരിശോധനയുടെ നടപടിക്രമങ്ങൾ പൂർത്തിയായാൽ ഉടൻ മൃതദേഹം വീട്ടിലെത്തിക്കുമെന്നാണ് ഉറപ്പുനൽകിയിരിക്കുന്നതെന്ന് അർജുന്റെ സഹോദരി പറഞ്ഞു. ”കേരള സർക്കാരും കർണാടക സർക്കാരും നടപടിക്രമങ്ങൾ വേഗത്തിലാകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. അർജുനെ കണ്ടെത്താനായി ആദ്യം മുതൽ അവസാനം വരെ കൂടെ നിന്ന് ഒരുപാട് മലയാളികളുണ്ട്. കുടുംബത്തെ ചേർത്തുപിടിച്ചവർ, ഡ്രജ്ജിംഗ് സംവിധാനം എത്തിക്കാൻ പ്രവർത്തിച്ചവർ, കൂടെ നിന്ന മാധ്യമപ്രവർത്തകർ എല്ലാവർക്കും നന്ദിയുണ്ട്.” -അർജുന്റെ സഹോദരി പറഞ്ഞു.
അർജുനൊപ്പം കാണാതായ മറ്റ് രണ്ട് പേർക്ക് വേണ്ടിയുള്ള തെരച്ചിലും ഇന്ന് നടക്കും. കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ എന്നിവർക്ക് വേണ്ടിയുള്ള തെരച്ചിലാണ് പുരോഗമിക്കുക. അർജുൻ ഓടിച്ചിരുന്ന ലോറി കരയിലെത്തിക്കാനുള്ള ശ്രമം ഇന്ന് രാവിലെ പുനരാരംഭിക്കും. ഇന്നലെ ക്രെയിനിലെ വടംപൊട്ടിയതോടെയാണ് ദൗത്യം അവസാനിപ്പിച്ചത്. ഗംഗാവലി പുഴയിലെ വെള്ളത്തിലാണ് ലോറി ഇപ്പോഴും ഉള്ളത്. ലോറിയുടെ ഭാഗങ്ങൾ നഷ്ടമായിട്ടില്ലെന്നും പൂർണ രൂപത്തിൽ തന്നെയാണ് ഉള്ളതെന്നുമാണ് ലഭിച്ചിട്ടുള്ള വിവരം. ക്യാബിനിൽ നിന്ന് കൂടുതൽ മൃതദേഹ ഭാഗം കിട്ടുമോ എന്നുള്ള കാര്യവും അർജുന്റെ വസ്തുകൾ എന്തെങ്കിലും ഉണ്ടോയെന്ന കാര്യവും പരിശോധിക്കും. 48 ടൺ ഭാരം താങ്ങാവുന്ന ക്രെയിനാണ് ലോറി ഉയർത്തുന്നതിനായി സ്ഥലത്ത് എത്തിച്ചിട്ടുള്ളത്. എന്നാൽ കെട്ടി വലിക്കുമ്പോൾ രണ്ട് തവണയാണ് വടം പൊട്ടിപോയത്.
കാണാതായതിന്റെ 72-ാം ദിവസമാണ് ഗംഗാവാലി പുഴയിൽ നിന്ന് അർജുന്റെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് 2 മണിയോടെയാണ് നാവികസേന അടയാളപ്പെടുത്തിയ സിപി 2 പോയിന്റിൽ നിന്ന് അർജുൻ ഓടിച്ചിരുന്ന ഭാരത് ബെൻസിന്റെ ലോറി കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിലായിരുന്നു മൃതദേഹം. നിലവിൽ മൃതദേഹം കാർവാർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഗോവയിൽ നിന്ന് എത്തിച്ച ഡ്രജ്ജറും നാവിക സേന മാർക്ക് ചെയ്ത് നൽകിയ സാധ്യതാ പോയിന്റുമാണ് ലോറി കണ്ടെത്തുന്നതിൽ നിർണായകമായത്. ഗോവ തുറമുഖത്ത് നിന്ന് ഡ്രജ്ജർ എത്തിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. വേലിയിറക്ക സമയത്താണ് രണ്ട് പാലം കടന്ന് ഡ്രജ്ജർ ഷിരൂരിലെത്തിച്ചത്. പുഴയിൽ പൊങ്ങി കിടന്ന് അടിത്തട്ടിലെ മണ്ണ് നീക്കുന്നതിനുള്ള സംവിധാനമാണ് ഡ്രജ്ജർ. അടിത്തട്ടിൽ ഉറപ്പിച്ചു നിർത്തുന്നതിന് വലിയ രണ്ട് തൂണുകളുള്ള ഡ്രജ്ജറാണ് എത്തിച്ചത്. ഗോവയിൽ നിന്ന് എത്തിച്ച ഡ്രജ്ജറിന്റെ ചെലവ് വഹിക്കുന്നത് കർണാടക സർക്കാരാണ്.