R Sreelekha: ‘എനിക്ക് പറയാനുള്ളത് കേൾക്കണം, ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ മൗനം വെടിഞ്ഞ് ആർ ശ്രീലേഖ
BJP Leader R Sreelekha On Resignation Controversy: ഇക്കഴിഞ്ഞ ഒക്‌ടോബർ മൂന്നിനാണ് രാജിസന്നദ്ധത അറിയിച്ച് മേയർ വി വി രാജേഷിന് സെപ്റ്റംബർ 30ന് കത്ത് നൽകിയെന്ന് ശാസ്തമംഗലത്തെ വാട്‌സാപ്പ് ഗ്രൂപ്പ് വഴി ശ്രീലേഖ വ്യക്തമാക്കിയത്. വ്യക്തിപരമായ കാരണങ്ങളാണ് താൻ രാജിവയ്ക്കാൻ കാരണമെന്നും അവർ അറിയിച്ചിരുന്നു. അന്നു തന്നെ മേയർ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
തിരുവനന്തപുരം: കോർപറേഷൻ കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജി വിഷയത്തിൽ പ്രതികരണവുമായി മുൻ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി സംസ്ഥാന ഉപാധ്യക്ഷയുമായ ആർ ശ്രീലേഖ. സംഭവത്തിൽ തനിക്കു പറയാനുള്ളതു കൂടി കേൾക്കണമെന്നും അതിന് ഞായറാഴ്ച വരെ കാത്തിരിക്കണമെന്നുമാണ് ശ്രീലേഖ അറിയിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്. ‘ഞാൻ വിശദീകരിക്കാൻ ആഗ്രഹിക്കുന്നു’ എന്ന തലക്കെട്ടോടെയാണ് കുറിപ്പ്.
“ഞാൻ വിശദീകരിക്കാൻ ആഗ്രഹിക്കുന്നു- എന്തുകൊണ്ടാണ് മാധ്യമങ്ങൾ ശ്രീലേഖ രാജി വെച്ചു എന്ന് പറഞ്ഞ് 3, 4 ദിവസം ആഘോഷിച്ചതെന്ന്. ഒക്ടോബർ 11, ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ. എനിക്ക് പറയാനുള്ളത് കൂടി കേൾക്കൂ…” എന്നാണ് ശ്രീലേഖ തൻ്റെ ഫെയിസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്‌ടോബർ മൂന്നിനാണ് രാജിസന്നദ്ധത അറിയിച്ച് മേയർ വി വി രാജേഷിന് സെപ്റ്റംബർ 30ന് കത്ത് നൽകിയെന്ന് ശാസ്തമംഗലത്തെ വാട്‌സാപ്പ് ഗ്രൂപ്പ് വഴി ശ്രീലേഖ വ്യക്തമാക്കിയത്.
ALSO READ: പവർകട്ട് അവസാനിക്കുമോ? വൈദ്യുതി പ്രതിസന്ധി നീക്കാൻ നിർണായക പരിഹാര നടപടികൾ തുടങ്ങിയെന്ന് സർക്കാർ
വ്യക്തിപരമായ കാരണങ്ങളാണ് താൻ രാജിവയ്ക്കാൻ കാരണമെന്നും അവർ അറിയിച്ചിരുന്നു. അന്നു തന്നെ മേയർ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് പാർട്ടി സംസ്ഥാന നേതൃത്വം ഇടപെട്ട് ചർച്ചകൾ നടത്തിയതോടെ അവർ വാട്‌സാപ്പ് ഗ്രൂപ്പിൽനിന്നും കുറിപ്പ് പിൻവലിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാനുണ്ടെന്ന് വ്യക്തമാക്കി ശ്രീലേഖ രംഗത്തെത്തിയിരിക്കുന്നത്.
ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ശ്രീലേഖയെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് ഉൾപ്പെടെയുള്ളവർ സന്ദർശിക്കുകയും പിന്നീട് രാജിവാർത്ത തള്ളുകയും ചെയ്തിരുന്നു. സുരേഷ് ശ്രീലേഖയെ സന്ദർശിച്ച ചിത്രം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ ഫെയ്സ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു.
ആർ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്
മേയർ സ്ഥാനം നൽകാതത്തിലെ അതൃപ്തിയോ രാജി?
തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണസമിതിയെപ്പോലും ഉലയ്ക്കുന്ന തലത്തിലേക്ക് വൻ രാഷ്ട്രീയ പ്രതിസന്ധിയാണ് കഴിഞ്ഞ ദിവസം ഉയർന്ന് കേട്ടത്. ശാസ്തമംഗലം വാർഡ് കൗൺസിലറും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ രാജി സന്നദ്ധത പ്രകടിപ്പിച്ചതാണ് ബിജെപി നേതൃത്വത്തെ കടുത്ത വെല്ലുവിളിയിലാക്കിയത്. എന്നാൽ വാർത്ത പുറത്തുവന്ന് മണിക്കൂറുകൾക്കകം രാജി കുറിപ്പ് പിൻവലിക്കുകയും ചെയ്തു. തനിക്ക് മേയർസ്ഥാനം നൽകാത്തതിലുള്ള കടുത്ത അതൃപ്തിയാണ് ആർ ശ്രീലേഖയുടെ ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണമെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലടക്കം പടർന്നുപിടിച്ച ചർച്ച.
ഒരു സ്വതന്ത്രന്റെ പിന്തുണയോടെ കോർപ്പറേഷൻ ഭരിക്കുന്ന ബിജെപിക്ക് ശ്രീലേഖ രാജിവെച്ചാൽ ഭൂരിപക്ഷം നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ശാസ്തമംഗലം വാർഡിനെ പ്രതിനിധീകരിക്കുന്ന ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെക്കുകയോ പാർട്ടി വിടുകയോ ചെയ്താൽ ബിജെപിക്ക് കോർപ്പറേഷനിലെ ഭൂരിപക്ഷം പൂർണ്ണമായും നഷ്ടപ്പെടും. ഇത് പ്രതിപക്ഷത്തിന് കോർപ്പറേഷൻ ഭരണത്തിനെതിരെ അവിശ്വാസ പ്രമേയത്തിന് വഴിയൊരുക്കുകയും ഭരണസമിതിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുകയും ചെയ്യും. എന്നാൽ മേയർ സ്ഥാനം നൽകാത്തതോ മറ്റ് രാഷ്ട്രീയ കാരണങ്ങളോ അല്ല തൻ്റെ രാജിക്ക് പിന്നിലെന്ന് ശ്രീലേഖ അറിയിക്കുകയായിരുന്നു.
English Summary:
R Sreelekha IPS addresses rumors regarding her resignation from Thiruvananthapuram Corporation council, promising a full clarification on Sunday.