മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ സംസ്ഥാന ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ; നിയമനം കാബിനറ്റ് പദവിയോടെ
MK Muneer to be the Chairman of the State Administrative Reforms Commission: സംസ്ഥാന ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷനായി മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ. മുനീറിനെ നിയമിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി ദേവരാജനെ ദില്ലിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായും നിയമിക്കാൻ തീരുമാനം ആയിട്ടുണ്ട്.

Mk Muneer To Be The Chairman Of State Administrative Reforms Commission
തിരുവനന്തപുരം: സംസ്ഥാന ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷനായി മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ. മുനീറിനെ നിയമിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. കാബിനറ്റ് പദവിയോടെയാണ് എംകെ മുനീറിന് നിയമനം നൽകുക. ഭരണ നിർവഹണം, ചട്ടങ്ങളുടെ ഭേദഗതി, വികേന്ദ്രീകരണം എന്നിവ പഠിച്ച് ശുപാർശകൾ നൽകുകയാണ് കമ്മിഷൻറെ ചുമതല. ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി ദേവരാജനെ ദില്ലിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായും നിയമിക്കാൻ തീരുമാനം ആയിട്ടുണ്ട്.
നേരത്തെ കോൺഗ്രസ് നേതൃത്വവും കമ്മിഷൻ ചെയർമാൻ പദവിക്കായി അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും, ഒടുവിൽ ലീഗിന്റെ ആവശ്യത്തിന് മുന്നണി അംഗീകാരം നൽകുകയായിരുന്നു. വിഎസ് അച്യുതാനന്ദന്റെ പിൻഗാമിയായിട്ടാണ് മുനീർ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. മുൻ കമ്മിഷൻറെ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ അനാരോഗ്യത്തെ തുടർന്ന് 2021 ൽ ചുമതല ഒഴിഞ്ഞിരുന്നു.
Also Read: മുണ്ടംവേലി ലൈഫ് ഫ്ലാറ്റ് സമുച്ചയ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു
സംസ്ഥാനത്തെ മുസ്ലിം ലീഗിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിലൊരാളായിരുന്നു എംകെ മുനീർ. എന്നാൽ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഇപ്പോൾ അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ ഇല്ല. ആരോഗ്യം അത്ര നല്ലതായിരുന്നില്ല എങ്കിലും ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥിയായി മുനീർ ഉണ്ടാകും എന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നു. പക്ഷേ സ്ഥാനാർഥിപ്പട്ടികയിൽ മുനീർ ഉണ്ടായില്ല.
മുൻ പിണറായി സർക്കാർ മുതിർന്ന സിപിഎം നേതാവായ വിഎസ് അച്യുതാനന്ദനെ ക്യാബിനറ്റ് റാങ്കോടെ ഭരണപരിഷ്കാര കമ്മിഷനായി നിയമിച്ചതിന് സമാനമായാണ് ഇപ്പോൾ മുനീറിന് ക്യാബിനറ്റ് റാങ്കോടെ ഭരണ പരിഷ്കാര കമ്മിഷൻ സ്ഥാനത്തേക്ക് അവരോധിക്കുക. ഇതിന് പിന്നിൽ അദ്ദേഹത്തിന് മത്സരിച്ച് ജയിച്ച് മന്ത്രിയാകാനുള്ള അവസരം നഷ്ടമായതിനുള്ള ഒരു ‘നഷ്ടപരിഹാരം’ എന്ന രാഷ്ട്രീയ തീരുമാനമാണ് കാണാനാകുന്നത്.
ഒരു ശരാശരി മുസ്ലിം ലീഗ് നേതാവിനും മുകളിൽ നിൽക്കുന്ന വ്യക്തിത്വമാണ് കേരള രാഷ്ട്രീയത്തിൽ എംകെ മുനീറിന്റേത്. മികച്ച പ്രാസംഗികനും ഗ്രന്ഥകർത്താവുമാണ് അദ്ദേഹം. ഗായകൻ, കാർട്ടൂണിസ്റ്റ് എന്നീ നിലകളിലും പ്രാവീണ്യമുണ്ട്. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറായിട്ടായിരുന്നു രാഷ്ട്രീയ തുടക്കം. പിന്നീട് മലപ്പുറം (1991 – 1996), കോഴിക്കോട് സൗത്ത് / കോഴിക്കോട്-2 (1996 – 2006, 2011 – 2021), കൊടുവള്ളി (2021) എന്നീ മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലെത്തി.
പൊതുമരാമത്ത് വകുപ്പ് മന്ത്രി (2001 – 2006), പഞ്ചായത്ത് – സാമൂഹികക്ഷേമ വകുപ്പ് മന്ത്രി (2011 – 2016), പ്രതിപക്ഷ ഉപനേതാവ് (2017 – 2021) എന്നീ നിലകളിലും എംകെ മുനീർ പ്രവർത്തിച്ചിട്ടുണ്ട്. മുൻ കേരള മുഖ്യമന്ത്രികൂടിയായ സി. എച്ച്. മുഹമ്മദ് കോയയുടെ മകനാണ് മുനീർ. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയിട്ടുണ്ട് എന്നതും മുനീറിനെ മറ്റ് രാഷ്ട്രീയക്കാരിൽ നിന്ന് വ്യത്യസ്തനാക്കുന്ന ഒരു ഘടകമാണ്.
English Summary
A Cabinet meeting held today decided to appoint Muslim League leader and former Minister Dr. M.K. Muneer as the Chairman of the State Administrative Reforms Commission. He will be appointed with Cabinet rank. The Commission is tasked with studying and making recommendations on administrative functioning, the amendment of rules, and decentralization.