Calicut International Airport: കരിപ്പൂരിൽ എത്തുന്നവർക്ക് താലപ്പൊലിയും മധുരപലഹാരങ്ങളും കൊണ്ട് സ്വീകരണം; ‘സേവാദിവസി’ൽ യാത്രക്കാരനാണ് രാജാവ്
Calicut Airport To Celebrate Seva Divas: സേവാദിവസ് ആഘോഷിക്കാനൊരുങ്ങി കോഴിക്കോട് വിമാനത്താവളം, യാത്രക്കാർക്ക് സ്വീകരണമൊരുക്കുന്നതടക്കമുള്ള ആഘോഷപരിപാടികളാണ് തീരുമാനിച്ചിരിക്കുന്നത്.

കോഴിക്കോട് വിമാനത്താവളം
കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് താലപ്പൊലിയും മധുരപലഹാരങ്ങളും കൊണ്ട് സ്വീകരണം. സേവാദിവസിൻ്റെ ഭാഗമായാണ് യാത്രക്കാരുടെ ക്ഷേമം ലക്ഷ്യമിട്ട് പലതരത്തിലുള്ള സ്വീകരണം ഒരുക്കുക. സേവാദിവസുമായി ബന്ധപ്പെട്ട് വിവിധ കലാപരിപാടികളും വിമാനത്താവളത്തിൽ നടക്കും.
ഈ മാസം 17 ബുധനാഴ്ചയാണ് സേവാദിവസ്. എയർപോർട്ട് അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് സേവാദിവസ് ആഘോഷിക്കുന്നത്. യാത്രക്കാരുടെ സേവനത്തിനായി മുഴുവൻ ജീവനക്കാരും ഒരുമിച്ച് ഇറങ്ങണമെന്നാണ് നിർദ്ദേശം. കരിപ്പൂരിൽ ഇറങ്ങുന്ന യാത്രക്കാരെ പരമ്പരാഗത കേരളീയശൈലിയിലാവും സ്വീകരിക്കുക. താലപ്പൊഴി, വാദ്യാഘോഷങ്ങൾ എന്നിവയ്ക്കൊപ്പം പൂക്കളും മധുരപലഹാരങ്ങളും സ്വീകരണത്തിലുണ്ടാവും.
കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരുടെ കാത്തിരിപ്പ് സമയം ആനന്ദകരമാക്കാൻ സെക്യൂരിറ്റി ലോഞ്ചിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. ഓരോ മണിക്കൂറിലും നാടോടിനൃത്തം ഉണ്ടാവും. കുട്ടികൾക്കായി പ്രശ്നോത്തരിയും ചിത്രരചനാമത്സരവും സംഘടിപ്പിക്കും. ആഭ്യന്തര ടെർമിനലിലും രാജ്യാന്തര ടെർമിനലിലും വിവിധ പരിപാടികളുണ്ടാവും.
കൊണ്ടോട്ടി നഗരസഭയുടെയും പള്ളിക്കൽ ഗ്രാമപഞ്ചായത്തിൻ്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് വിവിധ സ്ഥലങ്ങളിൽ തൈകൾ നടും. വിമാനത്താവളത്തിലെ വകുപ്പ് മേധാവികളാവും പരിപാടികൾക്ക് മേൽനോട്ടം വഹിക്കുക. ജീവനക്കാരെയും യാത്രക്കാരെയും ഉൾപ്പെടുത്തിയുള്ള രക്തദാന ക്യാമ്പ്, യാത്രക്കാർക്കും സന്ദർശകർക്കും ജീവനക്കാർക്കുമായുള്ള ആരോഗ്യപരിശോധന, നേത്രപരിശോധനാ ക്യാമ്പുകൾ തുടങ്ങിയവയും സേവാദിവസിലുണ്ടാവും. ഒപ്പം, കൊട്ടപ്പുറം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ തിരഞ്ഞെടുത്ത നൂറ് വിദ്യാർത്ഥികൾക്ക് വിമാനത്താവളം സന്ദർശിക്കാനുള്ള അവസരവും ഒരുക്കും.