Chalakudy Beverage Outlet Theft: ചാലക്കുടി ബിവറേജസിൽ കവർച്ച; മോഷണം പോയത് 41,270 രൂപയുടെ മദ്യം, സിസിടിവി ക്യാമറകൾ നശിപ്പിച്ചു
Chalakudy Beverage Outlet Theft: പ്രീമിയം കൗണ്ടറിൽ ഉണ്ടായിരുന്ന 41,270 രൂപയുടെ ഏഴു ബോട്ടിലുകളാണ് കവർന്നതെന്നാണ് വിവരം. ജോണിവാക്കർ ഉൾപ്പെടെയുള്ള മദ്യമാണ് മോഷ്ടാവ് കൊണ്ടുപോയത്.

പ്രതീകാത്മക ചിത്രം
തൃശ്ശൂർ: ചാലക്കുടി ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം. ബിവറേജ് ഔട്ട്ലെറ്റിന്റെ മുകളിലെ നിലയിലെ പ്രീമിയം ഔട്ട്ലെറ്റിലാണ് മോഷണം നടന്നത്. വില കൂടിയ മദ്യവും മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണവും മോഷണം പോയി. പ്രീമിയം കൗണ്ടറിൽ ഉണ്ടായിരുന്ന 41,270 രൂപയുടെ ഏഴു ബോട്ടിലുകളാണ് കവർന്നതെന്നാണ് വിവരം. ജോണിവാക്കർ ഉൾപ്പെടെയുള്ള മദ്യമാണ് മോഷ്ടാവ് കൊണ്ടുപോയത്. നാല് സിസിടിവി ക്യാമറകളും നശിപ്പിച്ചതായി പോലീസ് കണ്ടെത്തി.
രാത്രി ഏതാണ്ട് 12 മണിയോടെയാണ് മോഷ്ടാവ് ബിവറേജസിന്റെ അകത്ത് കടന്നത്. രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരനാണ് ആദ്യം മോഷണ വിവരം അറിയുന്നത്. ഇതോടെ ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയ പോലീസ് മോഷണം പോയത് മുന്തിയ ഇനം വിദേശമദ്യങ്ങളാണ് എന്ന് കണ്ടെത്തി.
ALSO READ: പൊന്നിൻ വില കൊടുത്താലും വെളിച്ചെണ്ണ വ്യാജനോ? അധികൃതർ പരിശോധനക്കെത്തും, പരാതികൾക്ക് പരിഹാരം കാണും
മോഷണത്തിന് ശേഷം ഔട്ലെറ്റിന്റെ ഷട്ടറുകൾ താഴ്ത്തിയിട്ട നിലയിൽ ആയിരുന്നു കിടന്നിരുന്നത്. ബിവറേജിലെ സിസിടിവി ക്യാമറയിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. എന്നാൽ, മുഖം തുണി കൊണ്ട് മറച്ച നിലയിലായായിരുന്നു. ചാലക്കുടി പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.