Chalakudy Bridge Reopening: യാത്രാദുരിതത്തിന് താൽക്കാലിക വിരാമം, ചാലക്കുടി പാലം തുറന്നു… തൃശ്ശൂർ പൂരത്തിന് ശേഷം അടയ്ക്കും
നിലവിൽ പാലം തുറന്നുനൽകുന്നത് താൽക്കാലിക ആശ്വാസം മാത്രമാണ്. തൃശൂർ പൂരത്തിന് ശേഷം പാലത്തിന്റെ ബെയറിങ്ങുകൾ മാറ്റിസ്ഥാപിക്കുന്നതിനായി പാലം വീണ്ടും അടയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ 27 അല്ലെങ്കിൽ 28 മുതൽ പാലം വീണ്ടും അടച്ചേക്കും. തൂണുകൾക്കും സ്പാനിനും ഇടയിലുള്ള, തേയ്മാനം സംഭവിച്ച പഴയ ബെയറിങ്ങുകൾ മാറ്റി പുതിയവ സ്ഥാപിക്കും. ഈ പ്രവൃത്തികൾ പൂർത്തിയാക്കാൻ ഏകദേശം രണ്ടാഴ്ചയോളം വേണ്ടിവരുമെന്നാണ് കരുതുന്നത്.
ചാലക്കുടി: ദേശീയപാത 544-ൽ അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന കൊച്ചി–തൃശൂർ ദിശയിലെ ചാലക്കുടി പാലം ഇന്ന് വൈകിട്ട് 6 മണിക്ക് ശേഷം ഗതാഗതത്തിനായി തുറന്നു. പാലത്തിന്റെ ബലപരിശോധനകൾ പൂർത്തിയായ സാഹചര്യത്തിലാണ് ദേശീയപാത ബ്രിജസ് വിഭാഗം അധികൃതരുടെ ഈ തീരുമാനം. പാലത്തിന്റെ സ്പാനുകളിൽ 25 ടൺ ഭാരം കയറ്റിവച്ചുള്ള ബലപരിശോധനയാണ് ഇന്ന് പൂർത്തിയാകുന്നത്. പരിശോധനയുടെ ഭാഗമായി പാലത്തിന്റെ വിവിധ ഭാഗങ്ങളിൽ ടാറിങ് മുറിച്ചുനീക്കുകയും ദ്വാരങ്ങൾ ഇടുകയും ചെയ്തിരുന്നു. ഇവയെല്ലാം അറ്റകുറ്റപ്പണി നടത്തി പൂർവ്വസ്ഥിതിയിലാക്കിയ ശേഷമായിരിക്കും വാഹനങ്ങൾ കടത്തിവിടുക. പാലം അടച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ദേശീയപാതയിൽ കിലോമീറ്ററുകളോളം നീളുന്ന കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
പാലം അടച്ചപ്പോൾ തിരക്ക് നിയന്ത്രിക്കുന്നതിനായി തൃശൂർ റൂറൽ പൊലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. 24 മണിക്കൂറും ചാലക്കുടി ഡിവൈഎസ്പി ഓഫീസിൽ പ്രവർത്തിച്ചു വരുന്ന കൺട്രോൾ റൂമും ഹൈവേ പോലീസിൻ്റെ പ്രത്യേക നിരീക്ഷണവും സ്ഥലത്ത് ഏർപ്പെടുത്തിയിരുന്നു. നേരത്തെ ചാലക്കുടി പാലം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആലോചനകൾ നടന്നിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ തിരുനാൾ ഫെബ്രുവരി ആറ് മുതൽ ഒൻപത് വരെ നടക്കുന്നതിനാലാണ് നീട്ടിവച്ചത്. 1966 ഡിസംബർ 16നാണ് ദേശീയപാതയിൽ ചാലക്കുടിപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ നിർമാണം ആരംഭിച്ചത്.
തൃശൂർ പൂരത്തിന് ശേഷം വീണ്ടും അടയ്ക്കും
നിലവിൽ പാലം തുറന്നുനൽകുന്നത് താൽക്കാലിക ആശ്വാസം മാത്രമാണ്. തൃശൂർ പൂരത്തിന് ശേഷം പാലത്തിന്റെ ബെയറിങ്ങുകൾ മാറ്റിസ്ഥാപിക്കുന്നതിനായി പാലം വീണ്ടും അടയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ 27 അല്ലെങ്കിൽ 28 മുതൽ പാലം വീണ്ടും അടച്ചേക്കും. തൂണുകൾക്കും സ്പാനിനും ഇടയിലുള്ള, തേയ്മാനം സംഭവിച്ച പഴയ ബെയറിങ്ങുകൾ മാറ്റി പുതിയവ സ്ഥാപിക്കും. ഈ പ്രവൃത്തികൾ പൂർത്തിയാക്കാൻ ഏകദേശം രണ്ടാഴ്ചയോളം വേണ്ടിവരുമെന്നാണ് കരുതുന്നത്.
Also Read – തൃശ്ശൂർ പൂരം ആന എഴുന്നള്ളത്ത്, ഹർജിയിൽ ഉടൻ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി
തിരഞ്ഞെടുപ്പ് കഴിഞ്ഞ് തൊഴിലാളികൾ മടങ്ങിയെത്തുന്നതുകൂടി പരിഗണിച്ചാണ് പ്രധാന അറ്റകുറ്റപ്പണികൾ പൂരത്തിന് ശേഷത്തേക്ക് മാറ്റിവച്ചത്. വരും ദിവസങ്ങളിൽ പാലം വീണ്ടും അടയ്ക്കുമ്പോൾ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ യാത്രക്കാർ മുൻകൂട്ടി പ്ലാൻ ചെയ്യേണ്ടതാണ്.
പൂരത്തിൽ വെടിക്കെട്ട് ഒഴിവാക്കും; ആചാരങ്ങൾ മാറ്റമില്ലാതെ തുടരും
മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ തൃശൂർ പൂരത്തിൽ പ്രധാന വെടിക്കെട്ടുകൾ ഒഴിവാക്കാൻ തീരുമാനം. ഹൈക്കോടതി നിർദ്ദേശപ്രകാരം മന്ത്രിമാരും ഉദ്യോഗസ്ഥരും ദേവസ്വം ഭാരവാഹികളും പങ്കെടുത്ത അടിയന്തര യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനം എടുത്തത്. വെടിക്കെട്ട് ഒഴിവാക്കിയെങ്കിലും പറയെടുപ്പ് ഉൾപ്പെടെയുള്ള മറ്റെല്ലാ ആചാരങ്ങളും വിപുലമായി തന്നെ നടക്കും. പൂരത്തിന് പിറ്റേന്ന് പുലർച്ചെ നടക്കുന്ന പ്രധാന വെടിക്കെട്ട് ഇത്തവണ ഉണ്ടാവില്ല. വെടിക്കെട്ട് സാമഗ്രികൾ പൂർണ്ണസജ്ജമാണെന്നും അവ നിർവീര്യമാക്കാൻ പ്രയാസമാണെന്നും പാറമേക്കാവ് ദേവസ്വം അറിയിച്ചെങ്കിലും സുരക്ഷ മുൻനിർത്തി അനുമതി നൽകിയില്ല. തിരുവമ്പാടി വിഭാഗം ആചാരത്തിന്റെ ഭാഗമായി കതിനകൾ മാത്രമാകും പൊട്ടിക്കുക. പാറമേക്കാവ് വിഭാഗം കുഴിമിന്നൽ പോലുള്ളവയും ഉപയോഗിക്കും.