Kerala Weather Alert: മഴ എത്തുന്നു…. വാരാന്ത്യം വരെ കാത്തിരുന്നാൽ മതി… ഇനി അധികമില്ല ചൂടുകാലം
Summer Rains to Hit Kerala Soon: ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും സാധാരണയേക്കാൾ മുൻപേ രൂപപ്പെട്ട ആന്റി - സൈക്ലോണിക് സിസ്റ്റങ്ങൾ അന്തരീക്ഷത്തിലേക്ക് വലിയ തോതിൽ ഈർപ്പം എത്തിച്ചു. ഈ ഈർപ്പം വെസ്റ്റേൺ ഡിസ്ടർബൻസുമായി ചേർന്നപ്പോൾ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും ആലിപ്പഴ വീഴ്ചയ്ക്കും കാരണമായി. ഉപ-ഉഷ്ണമേഖലാ പടിഞ്ഞാറൻ ജെറ്റ് സ്ട്രീമുകളുടെ പ്രവർത്തനവും സമുദ്രത്തിന് മുകളിലെ ഉയർന്ന മർദ്ദ മേഖലകളും ഈ വർഷത്തെ പ്രീ-മൺസൂൺ കാലഘട്ടത്തെ കൂടുതൽ പ്രവചനാതീതമാക്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിനും ഉഷ്ണതരംഗ ഭീതിക്കും ആശ്വാസമായി വരും ദിവസങ്ങളിൽ വ്യാപകമായ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രിൽ 28 മുതൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഏപ്രിൽ 28 മുതൽ എല്ലാ ജില്ലകളിലും മഴയെത്തും. മെയ് ആദ്യവാരത്തോടെ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
നിലവിൽ പാലക്കാട്, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാൽ അതീവ ജാഗ്രത പാലിക്കണം. കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സൂര്യാതപം, ചർമ്മരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും.
പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ
- പകൽ 10 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
- പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക. ശരീരം പൂർണ്ണമായും മറയ്ക്കുന്ന ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
- മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, പുറംജോലികളിൽ ഏർപ്പെടുന്നവർ, കുട്ടികൾ, പ്രായമായവർ എന്നിവർ പ്രത്യേക ജാഗ്രത പുലർത്തണം.
Also Read – സംസ്ഥാനത്ത് ഉഷ്ണതരംഗം സാധ്യത; ഇന്ന് അവധി ഏതെല്ലാം ജില്ലകളിൽ, അതീവ ജാഗ്രത
- ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. നിർജ്ജലീകരണം ഒഴിവാക്കാൻ ഒആർഎസ് (ORS), ലസ്സി, പഴച്ചാറുകൾ എന്നിവ ഉപയോഗിക്കാം.
- കഠിനമായ ചൂട് പാമ്പുകൾ പുറത്തിറങ്ങാൻ കാരണമാകുന്നുണ്ട്. പാമ്പുകടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം, കടിയേറ്റാൽ ഉടൻ ശാസ്ത്രീയ ചികിത്സ തേടുക.
- സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
എന്തുകൊണ്ട് ഈ അസാധാരണ കാലാവസ്ഥ?
2026 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഇന്ത്യയിൽ അനുഭവപ്പെട്ട അസാധാരണമായ ചൂടിനും മഴയ്ക്കും പിന്നിൽ ഒന്നിലധികം കാലാവസ്ഥാ ഘടകങ്ങളുടെ സങ്കീർണ്ണമായ കൂട്ടിച്ചേരലാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. തുടർച്ചയായി സജീവമായ വെസ്റ്റേൺ ഡിസ്ടർബൻസുകളാണ് പ്രധാന വില്ലനായത്. ഏപ്രിൽ മാസത്തിലെ 23 ദിവസങ്ങളിൽ 20 ദിവസവും ഇതിന്റെ സ്വാധീനം പ്രകടമായിരുന്നു.
ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും സാധാരണയേക്കാൾ മുൻപേ രൂപപ്പെട്ട ആന്റി – സൈക്ലോണിക് സിസ്റ്റങ്ങൾ അന്തരീക്ഷത്തിലേക്ക് വലിയ തോതിൽ ഈർപ്പം എത്തിച്ചു. ഈ ഈർപ്പം വെസ്റ്റേൺ ഡിസ്ടർബൻസുമായി ചേർന്നപ്പോൾ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും ആലിപ്പഴ വീഴ്ചയ്ക്കും കാരണമായി. ഉപ-ഉഷ്ണമേഖലാ പടിഞ്ഞാറൻ ജെറ്റ് സ്ട്രീമുകളുടെ പ്രവർത്തനവും സമുദ്രത്തിന് മുകളിലെ ഉയർന്ന മർദ്ദ മേഖലകളും ഈ വർഷത്തെ പ്രീ-മൺസൂൺ കാലഘട്ടത്തെ കൂടുതൽ പ്രവചനാതീതമാക്കി. ചൂടും മഴയും ഒരുപോലെ വർധിക്കുന്ന ഈ സാഹചര്യം കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യക്തമായ സൂചനയായാണ് ഗവേഷകർ കാണുന്നത്.