പരിചയക്കാരൻ വിമാനം അറേഞ്ച് ചെയ്തു തന്നു, അതിലെന്താ തെറ്റ്, ഇനിയും പോകും: മുഖ്യമന്ത്രി വിഡി സതീശൻ
CM VD Satheesan Chartered flight controversy: ചാർട്ടേഡ് വിമാന യാത്രാ വിവാദത്തിൽ സ്പോൺസറുടെ പേര് വെളിപ്പെടുത്താതെ, യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. സ്പോൺസറെ വെളിപ്പെടുത്താതിരുന്ന മുഖ്യമന്ത്രി, തന്റെ മലയാളിയായ ഒരു പരിചയക്കാരനാണ് വിമാനം അറേഞ്ച് ചെയ്തു തന്നത് എന്നാണ് വിശദീകരിച്ചത്. അതിൽ എന്താണ് തെറ്റെന്നും ആവശ്യം വന്നാൽ ഇനിയും പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Chartered Flight Controversy Cm Vd Satheesan Response
തിരുവനന്തപുരം: ചാർട്ടേഡ് വിമാന യാത്രാ വിവാദത്തിൽ സ്പോൺസറുടെ പേര് വെളിപ്പെടുത്താതെ, യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. താൻ ഇതുവരെ പരസ്യമായാണ് വിമാന യാത്ര നടത്തിയിരിക്കുന്നതെന്നും ഈ വിമാനയാത്രയ്ക്ക് സർക്കാരിന്റെ ഒരു പൈസപോലും ചെലവാക്കിയിട്ടില്ല. നേരത്തെ ഹെലികോപ്ടർ യാത്ര ചെയ്തപ്പോൾ ചില മാധ്യമങ്ങൾ വിവാദമാക്കി. ആ ഹെലികോപ്ടർ 80 ലക്ഷം രൂപ കൊടുത്ത് സർക്കാർ എടുത്തിട്ടിരിക്കുന്നതാണെന്നും യാത്ര ചെയ്തില്ലെങ്കിലും ആ തുക നൽകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എന്നാൽ ചാർട്ടേഡ് വിമാനത്തിൽ മലപ്പുറത്തേക്ക് യാത്ര നടത്തിയതിൽ ആരാണ് പണം മുടക്കിയതെന്ന് പറയാൻ മുഖ്യമന്ത്രി തയാറായില്ല.
സ്പോൺസറെ വെളിപ്പെടുത്താതിരുന്ന മുഖ്യമന്ത്രി, തന്റെ മലയാളിയായ ഒരു പരിചയക്കാരനാണ് വിമാനം അറേഞ്ച് ചെയ്തു തന്നത് എന്നാണ് വിശദീകരിച്ചത്. അതിൽ എന്താണ് തെറ്റെന്നും ആവശ്യം വന്നാൽ ഇനിയും പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും വിഡി സതീശൻ ഇതിലേക്ക് ഉദാഹരണമായി എടുത്തിട്ടു.
ALSO READ: ഉത്തരേന്ത്യയിൽ നിന്നും കിട്ടില്ല, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പിണറായി വിജയനും സ്വകാര്യ വിമാനങ്ങളിൽ യാത്ര നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരും സ്വകാര്യ വിമാനങ്ങളിൽ യാത്ര ചെയ്യാറുണ്ടെന്നും സതീശൻ ന്യായീകരിച്ചു. ഇത്തരത്തിൽ യാത്രകൾ നടത്തിയിട്ടുണ്ടെന്ന് കരുതി ആ വ്യക്തികളുടെ പേര് വെളിപ്പെടുത്തണമെന്ന് നിർബന്ധമില്ലെന്ന് വിഡി സതീശൻ പറഞ്ഞു.
പിണറായി ആരുടെ വിമാനത്തിൽ പോയി എന്ന് ഞാൻ പ്രതിപക്ഷത്തുള്ളപ്പോൾ ഞാൻ ചോദിച്ചില്ല. വിമാനം അറേഞ്ച് ചെയ്യുന്നവർ ഔദാര്യം കൈപറ്റുന്നവരല്ല. ഇനിയും ഞാൻ പോകുമെന്നും ആരാണ് പണം മുടക്കിയതെന്ന് പറയാനുദ്ദേശിക്കുന്നില്ലെന്നും സതീശൻ വ്യക്തമാക്കി. മലപ്പുറത്ത് വലിയ അപകടം ഉണ്ടായി. പോയില്ലെങ്കിൽ 6 പേര് മരിച്ചിട്ടും പോകാത്തതെന്താണെന്ന് ചോദിക്കും. മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ലെന്ന് പറയുമെന്നും വിമാനയാത്രയെ ന്യായീകരിക്കവേ മുഖ്യമന്ത്രി വ്യക്തമാക്കി.
മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ചാർട്ടേഡ് വിമാനയാത്ര വിവാദത്തിൽ പ്രതികരിച്ചത്. ഇത് സംബന്ധിച്ച ചില ചോദ്യങ്ങൾ വിഡി സതീശൻ അസംതൃപ്തിയോടെയാണ് നേരിട്ടത്. അതേസമയം, മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. മുൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ലോകകേരള സഭ പിരിച്ചുവിടുമെന്നും പകരം ബദൽ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
English Summary
Chief Minister V.D. Satheesan defended his chartered flight journey amidst the controversy surrounding it, without disclosing the sponsor’s identity. Instead of revealing the sponsor, he explained that an acquaintance from Kerala had arranged the flight. He questioned what was wrong with doing so and stated that he would undertake such journeys again if the need arose.