New Born Murder: ചേർത്തലയിലെ നവജാത ശിശുവിൻ്റെ മരണം; മൃതദേഹം ഒളിപ്പിച്ചത് ആൺസുഹൃത്തിൻറെ വീട്ടിലെ ശുചിമുറിയിൽ
Cherthala New Born Murder: ആദ്യം കൊലപ്പെടുത്തിയശേഷം കുഞ്ഞിനെ കുഴിച്ചിടുകയായിരുന്നു. എന്നാൽ പിടിക്കപ്പെടുമെന്ന് മനസിലായതോടെയാണ് പുറത്തെടുത്ത് ആൺസുഹൃത്തിൻ്റെ ശുചിമുറിയിൽ ഒളിപ്പിച്ചത്. തുടർന്ന് മറ്റൊരിടത്തേക്ക് മാറ്റാനോ കത്തിച്ചു കളയാനോ ആയിരുന്നു നീക്കമെന്നും പോലീസ് വ്യക്തമാക്കി.
ആലപ്പുഴ: ചേർത്തലയിൽ പ്രസവത്തിന് പിന്നാലെ അമ്മ നവജാത ശിശുവിനെ (Cherthala New Born Murder) ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കുഞ്ഞിൻറെ മൃതദേഹം യുവതിയുടെ ആൺ സുഹൃത്തിൻറെ വീട്ടിലെ ശുചിമുറിയിൽ നിന്നും പോലീസ് കണ്ടെടുത്തു. ശുചിമുറിയിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
ആദ്യം കൊലപ്പെടുത്തിയശേഷം കുഞ്ഞിനെ കുഴിച്ചിടുകയായിരുന്നു. എന്നാൽ പിടിക്കപ്പെടുമെന്ന് മനസിലായതോടെയാണ് പുറത്തെടുത്ത് ആൺസുഹൃത്തിൻ്റെ ശുചിമുറിയിൽ ഒളിപ്പിച്ചത്. തുടർന്ന് മറ്റൊരിടത്തേക്ക് മാറ്റാനോ കത്തിച്ചു കളയാനോ ആയിരുന്നു നീക്കമെന്നും പോലീസ് വ്യക്തമാക്കി. പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ കൊലപ്പെടുത്തിയതാണെന്ന് അമ്മ ആശയും ആൺസുഹൃത്ത് രതീഷും ചോദ്യം ചെയ്യലിൽ മൊഴി നൽകിയിരുന്നു.
തുടർന്നാണ് പോലീസ് പ്രതികളായ രതീഷിനെയും ആശയെയും രതീഷിൻറെ വീട്ടിലെത്തിച്ച് പരിശോധന ആരംഭിച്ചത്. വീടിൻറെ സമീത്തും കുറ്റിക്കാട്ടിലും ഉൾപ്പെടെ പരിശോധന നടത്തുകയും ചെയ്തു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതികൾ ആദ്യം പോലീസിന് നൽകിയ മൊഴി. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ആശുപത്രിയിൽ നിന്നും പൊതിഞ്ഞുകൊണ്ടുവന്ന തുണി കാട്ടിൽ ഉപേക്ഷിച്ചതായും ഇരുവരും മൊഴി നൽകി.
ഇതിൻറെ അടിസ്ഥാനത്തിലാണ് വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ പോലീസ് പരിശോധന നടത്തിയത്. വീട്ടിലെ സെപ്റ്റിക് ടാങ്കിന് സമീപത്തും പൊലീസ് പരിശോധന നടത്തിയിരുന്നു. പൂക്കടക്കാരനാണ് പ്രതിയായ രതീഷ്. പിന്നീട് രതീഷിൻ്റെ വീട്ടിൽ കുഞ്ഞിനെ കുഴിച്ചു മൂടിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയതും തുടർന്ന് ശുചിമുറിയിൽ നിന്നും കുഞ്ഞിൻറെ മൃതദേഹം കണ്ടെത്തിയതും.
പള്ളിപ്പുറം സ്വദേശിയായ ആശ ഡിസംബർ 25നാണ് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനായി അഡ്‌മിറ്റായത്. 26ന് പ്രസവിച്ചു. എന്നാൽ 31 ന് ആശുപത്രിയിൽ നിന്നും തിരികെവന്ന ഇവർ വീട്ടിലെത്തിയപ്പോൾ കുഞ്ഞ് ഒപ്പമുണ്ടായിരുന്നില്ല. പ്രദേശത്തെ ആശാവർക്കർ വീട്ടിലെത്തിയപ്പോൾ കുഞ്ഞിനെ കാണിക്കാൻ യുവതി തയ്യാറായില്ല. തുടർന്ന് വാർഡ് മെമ്പറെ ആശാവർക്കർ വിവരം അറിയിക്കുകയായിരുന്നു.
വാർഡ് മെമ്പർ ഷിൽജ അറിയിച്ചത് അനുസരിച്ച് പോലീസും അന്വേഷണം നടത്തിയിരുന്നു. കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറിയെന്നാണ് സ്ത്രീ പോലീസിനോട് ആദ്യം പറഞ്ഞത്. ഇവർക്ക് വെറെ രണ്ടു കുട്ടികളുണ്ട്. മൂന്നാമത്തെ കുഞ്ഞിനെ കൈമാറിയെന്നാണ് പറഞ്ഞത്.