Sujith Das: പി വി അൻവറിൻ്റെ ആരോപണം: പത്തനംതിട്ട എസ്പി എസ് സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു
Sujith Das Suspended: പി വി അൻവറുമായുള്ള സംഭാഷണം പോലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ് പി സർവീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ റിപ്പോർട്ട് ഡിജിപി സർക്കാരിന് കൈമാറുകയായിരുന്നു.
തിരുവനന്തപുരം: ഇടതുപക്ഷ എംഎൽഎ പി വി അൻവറുമായി നടത്തിയ ടെലിഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പത്തനംതിട്ട എസ് പി എസ് സുജിത് ദാസിന് (Sujith Das Suspended) സസ്പെൻഷൻ. ആഭ്യന്തരവകുപ്പ് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. പി വി അൻവറുമായുള്ള സംഭാഷണം പോലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ് പി സർവീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ റിപ്പോർട്ട് ഡിജിപി സർക്കാരിന് കൈമാറുകയായിരുന്നു. ഇതു പ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും.
നേരത്തെ സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്യാൻ ആഭ്യന്തര വകുപ്പ് ശുപാർശ ചെയ്തിരുന്നു. പോലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. എംഎൽഎയെ വിളിച്ച് പരാതി പിൻവലിക്കാനായി സ്വാധീനിക്കാൻ ശ്രമിച്ചത് തെറ്റാണെന്നും ഉന്നത ഉദ്യോഗസ്ഥർക്കെതിരായ നീക്കത്തിന് എംഎൽഎയെ പ്രേരിപ്പിച്ചത് ഗുരുതര ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന കേസിലെ പരാതി പിൻവലിച്ചാൽ ജീവിത കാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുമെന്ന് എംഎൽഎയോട് എസ്പി പറയുന്ന ഓഡിയോ ആണ് പുറത്തുവിട്ടത്. എസ്പിയുടെ ക്യാമ്പ് ഹൗസിൽ നിന്ന് മരങ്ങൾ കടത്തിയെന്ന പരാതി പിൻവലിക്കാനാണ് സുജിത് ദാസ്, പി വി അൻവർ എംഎൽഎയെ സ്വാധീനിക്കാൻ ശ്രമിച്ചത്. എന്നാൽ ഈ ആവശ്യത്തിന് വ്യക്തമായ മുറുപടി നൽകുകയോ ഉറപ്പ് നൽകുകയോ ചെയ്യാതിരിക്കുന്ന എംഎൽഎ, എം ആർ അജിത് കുമാറിന്റെ ബന്ധങ്ങളെ കുറിച്ച് തിരിച്ചും ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്.
ALSO READ: കല്ലുകൊണ്ടെറിഞ്ഞ് വീഴ്ത്തുന്ന ഭീഷണിയാണെങ്കിൽ അങ്ങനെ… തോക്ക് ലൈസൻസിനായി പിവി അൻവർ രംഗത്ത്
പരാതി എംഎൽഎ ഒന്ന് പിൻവലിച്ച് തരണമെന്നാണ് സുജിത് ദാസ് ആവശ്യപ്പെടുന്നു. 25 വർഷത്തെ സർവീസ് ഉണ്ടെന്നും അത്രയും കാലം താൻ എംഎൽഎയോട് കടപ്പെട്ടിരിക്കുമെന്നും സുജിത് ദാസ് സംഭാഷണത്തിനിടെ പറയുന്നതയാണ് റിപ്പോർട്ടുകൾ. പി വി അൻവറിനെ ഫോണിൽ വിളിച്ച് സംസാരിക്കുന്നതിന്റെ ഫോൺ സംഭാഷണം പുറത്ത് വന്നത് വലിയ നാണക്കേടാണ് പോലീസ് സേനയ്ക്ക് ഉണ്ടാക്കിയതെന്നാണ് വിവരം. ഇതിന് പിന്നാലെ സംസ്ഥാനത്ത് എഡിജിപി എംആർ അജിത് കുമാറിൻ്റെ നേതൃത്വത്തിൽ ഒരു മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് അടക്കം നിരവധി ആരോപണങ്ങൾ പിവി അൻവർ എംഎൽഎ ഉന്നയിച്ചു.
അതിനിടെ തൻ്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് തോക്ക് ലൈസൻസിനായി രംഗത്ത് എത്തിയിരിക്കുകയാണ് പിവി അൻവർ. ലൈസൻസിനായി അൻവർ മലപ്പുറം കളക്ട്രേറ്റിലെത്തിയാണ് അപേക്ഷ നൽകിയിരിക്കുന്നത്. നാളെ മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുമെന്നും വെളിപ്പെടുത്തലുകൾ തൽക്കാലം നിർത്തുന്നുവെന്നും അൻവർ വ്യക്തമാക്കുകയും ചെയ്തു. എ ഡി ജി പി ക്കെതിരെ ഇന്നും ഗുരുതരമായ ആരോപണങ്ങളാണ് അൻവർ പുറത്തുവിട്ടത്. കല്ലുകൊണ്ടെറിഞ്ഞ് വീഴ്ത്തുന്ന ഭീഷണിയാണെങ്കിൽ അങ്ങനെയെന്നും ജീവന് ഭീഷണിയുള്ളത് കൊണ്ടാണ് തോക്കിന് അപേക്ഷിച്ചതെന്നും അൻവർ പ്രതികരിച്ചു.