Chittoor Child Missing: ഡോഗ് സ്ക്വാഡ് മണം പിടിച്ചെത്തിയത് കുളത്തിനരികെ; കുട്ടിയ്ക്കായി കുളത്തിലും പരിശോധന
Chittoor Child Missing Search: ചിറ്റൂരിൽ കാണാതായ കുട്ടിയ്ക്കായി സമീപത്തെ കുളത്തിലും പരിശോധന. ഡോഗ് സ്ക്വാഡ് മണം പിടിച്ചെത്തിയത് ഇവിടേക്കാണ്.
പാലക്കാട് ചിറ്റൂരിൽ കാണാതായ കുട്ടിയ്ക്കായി പരിശോധന തുടരുന്നു. വീടിന് സമീപത്തെ കുളത്തിനരികെയാണ് ഡോഗ് സ്ക്വാഡ് മണം പിടിച്ചെത്തിയത്. ഇതോടെ കുളത്തിലും പരിസരപ്രദേശങ്ങളിലേക്കുമായി തിരച്ചിൽ വ്യാപിപ്പിച്ചു. പാലക്കാട് ചിറ്റൂർ ഇരവങ്കാട് സ്വദേശി മുഹമ്മദ് അനസിൻ്റെയും സൗഹിദയുടെയും മകനായ സുഹാനെയാണ് ഈ മാസം 27 രാവിലെ മുതൽ കാണാതായത്.
രാവിലെ 11 മണിയോടെ കുട്ടി വീട്ടിൽ നിന്ന് പോയതായാണ് വിവരം. വീട്ടുമുറ്റത്തേക്ക് കുട്ടി ഒറ്റയ്ക്ക് ഇറങ്ങുന്നത് പതിവായിരുന്നു. അതിനാൽ കുട്ടിയെ കാണാനില്ലെന്ന വിവരം വളരെ വൈകിയാണ് വീട്ടുകാർ അറിഞ്ഞത്. ഇതിന് പിന്നാലെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചിറ്റൂർ പോലീസിൻ്റെ നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. തിരച്ചിലിനായി എത്തിയ ഡോഗ് സ്ക്വാഡിലെ പോലീസ് നായ മണം പിടിച്ചെത്തിയത് വീടിന് സമീപത്തെ ഒരു കുളത്തിനരികിലായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കുളത്തിലും സമീപപ്രദേശങ്ങളിലും പോലീസ് പരിശോധന നടത്തുന്നത്.
Also Read: Child Missing: പാലക്കാട് നാല് വയസുകാരനെ കാണാതായി; വ്യാപക തിരച്ചിൽ
സുഹാൻ സംസാരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടിയാണെന്നാണ് വിവരം. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കൂട്ടുകാരുമായി പിണങ്ങിയാണ് കുട്ടി ഇറങ്ങിപ്പോയത് എന്നും സൂചനയുണ്ട്. കുട്ടി അധികം ദൂരം പോകാനിടയില്ലെന്നും വീടിൻ്റെ സമീപത്ത് തന്നെ ഉണ്ടാകാമെന്നും പോലീസ് കരുതുന്നു. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
കാണാതാകുമ്പോൾ കുട്ടി വെളുത്ത വരയുള്ള ടീ ഷർട്ടും കറുത്ത ട്രൗസറുമാണ് ധരിച്ചിരുന്നത്. നോയൽ പബ്ലിക് സ്കൂളിലെ യുകെജി വിദ്യാർത്ഥിയാണ്. കുട്ടിയെ കണ്ടുകിട്ടുന്നവർ ചിറ്റൂർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുക. 9188722338 എന്നതാണ് നമ്പർ.