Kochi Metro: പുതുവത്സരം കൊച്ചിയില്‍ ആഘോഷിക്കാം; പാതിരാത്രിയും മെട്രോ സര്‍വീസ് ഉറപ്പ്
Kochi New Year 2026 Water Metro and Metro Timing: മലയാളികളുടെ യാത്രാക്ലേശത്തിന് പരിഹാരം കണ്ടിരിക്കുകയാണ് കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. മെട്രോയില്‍ മാത്രമല്ല, വാട്ടര്‍ മെട്രോയിലും യാത്രക്കാര്‍ക്ക് സഹായകരമാകും വിധത്തിലുള്ള മാറ്റങ്ങളുണ്ട്.
കൊച്ചി: പുതുവത്സരാഘോഷത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണ് മലയാളികള്‍. കൊച്ചിയിലേക്ക് ഇന്നേദിവസം പോകുന്നവരും നിരവധിയാണ്. ന്യൂയര്‍ ആഘോഷിക്കാനെത്തുന്ന ആളുകള്‍ക്ക് വേണ്ടവിധത്തിലുള്ള യാത്രാ സൗകര്യം ഒരുക്കാന്‍ പലപ്പോഴും സംഘാടകര്‍ക്ക് സാധിക്കാറില്ല. ആഘോഷം കഴിഞ്ഞ് പുലരുവോളം ആ സ്ഥലത്ത് തന്നെ തങ്ങേണ്ടി വരുന്നവരും നിരവധി.
എന്നാല്‍ മലയാളികളുടെ യാത്രാക്ലേശത്തിന് പരിഹാരം കണ്ടിരിക്കുകയാണ് കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. മെട്രോയില്‍ മാത്രമല്ല, വാട്ടര്‍ മെട്രോയിലും യാത്രക്കാര്‍ക്ക് സഹായകരമാകും വിധത്തിലുള്ള മാറ്റങ്ങളുണ്ട്. പുതുവത്സര ദിനത്തിലെ തിരക്ക് പ്രമാണിച്ച് സര്‍വീസ് സമയം ദീര്‍ഘിപ്പിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
മെട്രോ-വാട്ടര്‍ മെട്രോ സമ്പൂര്‍ണ സമയക്രമം
ഡിസംബര്‍ 26 മുതല്‍ 2026 ജനുവരി 3 വരെയാണ് മെട്രോ പുതിയ സമയത്തില്‍ സര്‍വീസ് നടത്തുക. ഇടപ്പള്ളി മുതല്‍ ആലുവ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലേക്ക് രാത്രി 11 മണി വരെ ട്രെയിനുകള്‍ ഉണ്ടായിരിക്കും. 10.30നാണ് സാധാരണയായി മെട്രോ സര്‍വീസ് അവസാനിപ്പിക്കാറുള്ളത്. എന്നാല്‍ 30 ലേക്ക് കൂടി സര്‍വീസ് നീട്ടിയിരിക്കുകയാണ്.
എന്നാല്‍ ഡിസംബര്‍ 31ന് 11 മണിക്ക് ട്രെയിന്‍ സര്‍വീസ് അവസാനിപ്പിക്കില്ല. ആലുവ-തൃപ്പൂണിത്തുറ റൂട്ടില്‍ രാത്രി 1.30 വരെ ട്രെയിന്‍ സര്‍വീസ് നടത്തും. 20 മിനിറ്റ് ഇടവേളകളിലായിരിക്കും ട്രെയിനുകളുടെ സഞ്ചാരം. ആലുവ, തൃപ്പൂണിത്തുറ ടെര്‍മിനലുകളില്‍ നിന്നുള്ള അവസാന ട്രെയിന്‍ 1.30നും ഇടപ്പള്ളിയില്‍ നിന്നും അവസാന ട്രെയില്‍ 2 മണിക്കുമായിരിക്കും.
വാട്ടര്‍ മെട്രോ അധിക സര്‍വീസ് നടത്തുന്നത് ഡിസംബര്‍ 31ന് മാത്രമാണ്. ഹൈക്കോര്‍ട്ട്-മട്ടാഞ്ചേരി, ഹൈക്കോര്‍ട്ട്-വൈപ്പിന്‍ റൂട്ടുകളില്‍ 2026 ജനുവരി 1ന് അര്‍ധരാത്രി 12 മുതല്‍ പുലര്‍ച്ചെ 4 മണി വരെ വാട്ടര്‍ മെട്രോ സര്‍വീസുണ്ടായിരിക്കും. എട്ട് മണിയോടെയാണ് സാധാരണയായി വാട്ടര്‍ മെട്രോ സര്‍വീസ് അവസാനിപ്പിക്കാറുള്ളത്.