Christmas New Year Bumper 2025 Winner : ആ ബമ്പർ സത്യനെ ഇനി തേടേണ്ട; രഹസ്യമായി ബാങ്കിലെത്തി ടിക്കറ്റ് സമർപ്പിച്ചു, വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് ബാങ്ക്
Christmas New Year Bumper 2025 Winner Details : കണ്ണൂർ ഇരട്ടി സ്വദേശിയായ സത്യനാണ് ടിക്കറ്റ് വിറ്റതെന്നാണ് ഏജൻ്റ് നൽകിയ വിവരം. എന്നാൽ ഏത് സത്യനാണെന്നും ഇപ്പോഴും ആർക്കും കണ്ടെത്താനായിട്ടില്ല

കണ്ണൂർ : ഇത്തവണത്തെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ജേതാവ് കണ്ണൂർ ഇരട്ടി സ്വദേശിയായ സത്യനാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ 20 കോടി ബമ്പർ സമ്മാനം നേടിയ ഇരട്ടിക്കാരാനായ ആ സത്യൻ ആരാണെന്നും ഇതുവരെ ആർക്കും കണ്ടെത്താനായിട്ടില്ല. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം 20 കോടി നേടിയ ഭാഗ്യജേതാവ് ആരും ആറിയാതെ തനിക്കടിച്ച ബമ്പർ ലോട്ടറി ടിക്കറ്റ് ബാങ്കിൽ സമർപ്പിച്ചു.
എന്നാൽ സ്വകാര്യത മാനിച്ച തൻ്റെ വ്യക്തി വിവരങ്ങൾ ആർക്കും പങ്കുവെക്കരുതെന്ന് ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിരിക്കുകയാണ് സത്യൻ. XD 387132 എന്ന ടിക്കറ്റിനാണ് ഇത്തവണത്തെ ക്രിസ്മസ് ന്യൂ ഇയർ ബമ്പറായ 20 കോടി രൂപ അടിച്ചിരിക്കുന്നത്. ഇരിട്ടി ഫെഡറൽ ബാങ്ക് ശാഖയിൽ തന്നെയാണ് ഭാഗ്യശാലി തൻ്റെ ടിക്കറ്റ് സമർപ്പിച്ചിരിക്കുന്നത്.
ഇന്നലെ ഫെബ്രുവരി അഞ്ചാം തീയതി ഉച്ചയോടെയാണ് ക്രിസ്മസ് പുതുവത്സര ബിആർ101 ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. ഇരിട്ടിയിൽ മുത്തു ലോട്ടറി ഏജൻസിയിൽ നിന്നും വിറ്റു പോയ ടിക്കറ്റാണെന്ന് അറിഞ്ഞതോടെ എല്ലാവരുടെയും കണ്ണ് വടക്കൻ കേരളത്തിലെ മലയോര ഗ്രാമത്തിലേക്ക് പാഞ്ഞു. ഏജൻസിയിലെ ലോട്ടറി ജീവനക്കാരൻ നൽകിയ സൂചനയിൽ സത്യൻ എന്നയാളാണ് 20 കോടി രൂപ അടിച്ച ബമ്പറെടുത്തിരിക്കുന്നത് അറിയാൻ സാധിച്ചു. എന്നാൽ ഏത് സത്യനാണെന്നും ഇതുവരെ ആർക്കും കണ്ടെത്തായിട്ടില്ല. ഇന്നലെ വൈകിട്ട് മുതൽ ആ ഭാഗ്യശാലിയെ തേടി നടക്കുകയാണ് എല്ലാവരും.
ലോട്ടറി ജീവനക്കാരൻ്റെ സൂചന പ്രകാരം ഇരിട്ടിയിലെ പല സത്യന്മാരെയും തേടി പോയെങ്കിലും അവർക്കാക്കും ബമ്പറടിച്ചെന്ന് കണ്ടെത്താനായില്ല. ഇരിട്ടിയിൽ ഇതാദ്യമായിട്ടാണ് ഇത്രയും വലിയ തുക ഒരാൾ ലോട്ടറി അടിക്കുന്നത്. അതിനാൽ സത്യനെ കണ്ടെത്താനുള്ള ആവേശം ഇരിട്ടിക്കാരായ എല്ലാവർക്കും ഉണ്ടായി. തുടർന്ന് സത്യനെ തേടി എല്ലാവരും നടക്കുമ്പോഴാണ് ഇരിട്ടിയിലെ ഫെഡറൽ ബാങ്കിലെത്തി ആ ഭാഗ്യവാൻ ആരുമറിയാതെ തൻ്റെ ലോട്ടറി സമർപ്പിച്ചത്.