CMRL – Exalogic Case: പിണറായിയെയും മകളെയും വെട്ടിലാക്കിയ മാസപ്പടി; സിഎംആർഎൽ – എക്സാലോജിക് കേസിന്റെ നാൾവഴികൾ….
CMRL- Exalogic Case Timeline: പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസും കരിമണൽ ഖനന കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡും (സിഎംആർഎൽ) ഉൾപ്പെട്ടതാണ് മാസപ്പടി കേസ്. ഇന്ന് രാവിലെ നടത്തിയ റെയ്ഡ് വലിയ തിരിച്ചടിയാണ് മുൻമുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്നത്.
രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച ഒന്നായിരുന്നു പിണറായി വിജയന്റെ മേൽ ചുമത്തപ്പെട്ട മാസപ്പടി ആരോപണം. വലിയ തോതിൽ ചർച്ചകളും നിയമയുദ്ധങ്ങളും ഇതിന്മേൽ നടന്നുവെങ്കിലും അതിൽ നിന്ന് തടിതപ്പാൻ പിണറായി വിജയനും മകൾ വീണ വിജയനും കഴിഞ്ഞിരുന്നു. എന്നാൽ ഇഡി അന്വേഷണം തുടരാൻ ഹൈക്കോടതി ഉത്തരവ് നൽകിയതിന് പിന്നാലെ ഇന്ന് രാവിലെ നടത്തിയ റെയ്ഡ് വലിയ തിരിച്ചടിയാണ് മുൻമുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്നത്.
പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസും കരിമണൽ ഖനന കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡും (സിഎംആർഎൽ) ഉൾപ്പെട്ടതാണ് മാസപ്പടി കേസ്. എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് ചെയ്യാത്ത സേവനത്തിന് സിഎംആർഎൽ വലിയ തുക പ്രതിഫലം നൽകിയെന്നാണ് കേസ്. ആദായ നികുതി സെന്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിനെ തുടർന്നാണ് കേസിൽ ഇഡി അന്വേഷണം ആരംഭിച്ചത്.
കരിമണൽ ഖനനം നടത്തുന്ന നിയമവിരുദ്ധമായി പരിസ്ഥിതി മലിനീകരണത്തിന് അടക്കം എർപ്പെട്ടിട്ടുള്ള സിഎംആർഎൽ കമ്പനി അവരുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് വേണ്ടി കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയിരുന്നു. അതിൽ ഏറ്റവും കൂടുതൽ പണം നൽകിയിരുന്നത് പിണറായി വിജയനാണെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. കൂടാതെ, മുഖ്യമന്ത്രിയുടെ മകളെന്ന പേരിൽ വീണ വിജയന്റെ കമ്പനിയായ എക്സാലോജികിന് മാസാമാസം 1.72 കോടി രൂപ നൽകിയിരുന്നതായും കണ്ടെത്തി. 2019 ജനുവരിയിൽ ആദായ നികുതി വകുപ്പ് സിഎംആർഎല്ലിൽ നടത്തിയ റെയ്ഡിൽ 132.82 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഇതിൽ 1.72 കോടി രൂപയാണ് വീണ വിജയന്‍റെയും എക്സാലോജിക് കമ്പനി അക്കൗണ്ടിലേക്കും എത്തിയത്.
കേസിന്റെ നാൾവഴികൾ
മാസപ്പടി വിവാദത്തിൽ ഷോൺ ജോർജാണ് ആദ്യമായി നിയമപോരാട്ടവുമായി രംഗത്തെത്തിയത്. കേന്ദ്ര അന്വേഷണ ഏജൻസികളെ സമീപിച്ചതും ഇദ്ദേഹമാണ്. ഷോൺ ജോർജ് നൽകിയ പരാതികളെ തുടർന്ന് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവിട്ടു. കേസിൽ വീണ വിജയനെ പതിനൊന്നാം പ്രതിയാക്കി.
ALSO READ: വിഡി സതീശന്‍ ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു, ഇന്ന് റെയ്ഡ്; ദുരൂഹത സംശയിച്ച് ബിനീഷ് കൊടിയേരി
തുടർന്ന് ഇരുവർക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചു. പ്രാഥമിക തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളി. 2019 ജനുവരി 25-ന് ആദായനികുതി വകുപ്പ് സിഎംആർഎൽ കമ്പനിയുടെ ഓഫീസുകളിലും ഉന്നത ഉദ്യോഗസ്ഥരുടെയും വസതികളിലും നടത്തിയ റെയ്ഡിൽ കേസിന് അടിസ്ഥാനമായ കണ്ടെത്തലുകൾ പുറത്ത് വന്നു.
ചെലവുകൾ വ്യാജമായി വർധിപ്പിച്ച് കാണിച്ച് കമ്പനി 133.82 കോടി മുതൽ 182 കോടി വരെ രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി. നിയമവിരുദ്ധമായി സമാഹരിച്ച ഈ കള്ളപ്പണം കേളത്തിലെ രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും വിതരണം ചെയ്തതായി കണ്ടെത്തി. ഇതിൽ പ്രധാനപ്പെട്ട വിഹിതം വീണ വിജയന്റെ എക്സാലോജിക് കമ്പനിക്കാണ് ലഭിച്ചത്. കമ്പനിക്ക് എന്തിനാണ് സിഎംആർഎൽ ഇത്രയും വലിയ തുക നൽകിയതെന്ന ചോദ്യമാണ് ഇടതു സർക്കാരിനെ സംശയനിഴലിലാക്കി.
എക്സാലോജിക്കിലേക്ക് ഒഴുകിയ കോടികൾ
ആലപ്പുഴയിലെ തീരദേശങ്ങളിൽ കരിമണൽ ഖനനം നടത്താൻ സിഎംആർഎൽ ഒരുങ്ങിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ഈ ഘട്ടത്തിൽ പിണറായി വിജയൻ നേരിട്ട് ഇടപെട്ടുകൊണ്ട് റവന്യൂ വകുപ്പിനോട് കമ്പനിയുടെ പ്രൊമോട്ടറായ എസ്. ശശിധരൻ കർത്തയുടെ അപേക്ഷ പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടതായി ആരോപണമുയർന്നിരുന്നു.
പിന്നാലെ വീണയ്ക്ക് സിഎംആർഎല്ലിൽ ഐടി, മാർക്കറ്റിംഗ് കൺസൾട്ടന്റായി നിയമനം ലഭിച്ചതും വിവാദമായി. 2017 മാർച്ച് 2-ന് എക്‌സാലോജിക് കമ്പനിയുമായി പ്രതിമാസം 3 ലക്ഷം രൂപയുടെ സോഫ്റ്റ്വെയർ പരിപാലന കരാറിലും ഏർപ്പെട്ടിരുന്നു.
2019 ജനുവരി 25ന് സിഎംആർഎൽ ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ 133.82 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. കൂടാതെ വീണ വിജയന് ലഭിച്ച പണത്തിന്റെ രേഖകളും പിടിച്ചെടുത്തിരുന്നു. 2023ൽ വീണ വിജയനും എക്സാലോജിക്കിനും നൽകിയ 1.72 കോടി രൂപ ബിസിനസ്സ് ചിലവല്ലെന്നും, യാതൊരു സേവനവും നൽകാതെ വാങ്ങിയ നിയമവിരുദ്ധ പണമാണെന്നും വിധിച്ചു. 2024ൽ എക്സാലോജിക് കമ്പനി, കമ്പനീസ് നിയമത്തിലെ സെക്ഷൻ 188, സെക്ഷൻ 448 എന്നിവ ലംഘിച്ചതായി കണ്ടെത്തുകയും ഇഡി, സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുകയും ചെയ്തു.
ഇതിനിടെ SFIO അന്വേഷണ ഉത്തരവ് ചോദ്യം ചെയ്ത് എക്സാലോജിക് റിട്ട് ഹർജി നൽകിയെങ്കിലും കോടതി അത് തള്ളുകയും അന്വേഷണവുമായി മുന്നോട്ട് പോകാൻ അനുമതി നൽകുകയും ചെയ്തു. 2026 മെയ് 26ന് ഇഡി അന്വേഷണം റദ്ദാക്കണമെന്ന കമ്പനിയുടെ ഹർജി ജസ്റ്റിസ് ടി.ആർ. രവി തള്ളുകയും ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാൻ പൂർണ്ണ അനുമതി നൽകുകയും ചെയ്തു. ഇതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്.
English Summary:
CMRL -Exalogic case involves Exalogic Solutions, an IT company owned by Veena Vijayan, daughter of Pinarayi Vijayan, and Cochin Minerals and Rutile Limited, a mineral sand mining company. The allegations state that CMRL paid large amounts of money to Exalogic Solutions for services that were allegedly never provided.