CPIM: വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞു; സിപിഎം കൗൺസിലർ അറസ്റ്റിൽ
CPIM Councillor Snatched Neck Chain: കണ്ണൂരിൽ വയോധികയുടെ സ്വർണമാല പൊട്ടിച്ച് സിപിഎം നഗരസഭാ കൗൺസിലർ. കൗൺസിലർ പോലീസ് പിടിയിലായി.
വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞ സിപിഎം നഗരസഭാ കൗൺസിലർ അറസ്റ്റിൽ. കണ്ണൂർ കൂത്തുപറമ്പ് നഗരസഭയിലെ പാലാപ്പറമ്പ് വാർഡ് കൗൺസിലർ പിപി രാജേഷ് ആണ് പിടിയിലായത്. പട്ടാപ്പകൽ മീൻ വൃത്തിയാക്കുകയായിരുന്ന വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.
ഈ മാസം 16ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. വീടിനരികെ നിന്ന് മീൻ മുറിയ്ക്കുകയായിരുന്ന വീട്ടമ്മയുടെ മാല പിപി രാജേഷ് പൊട്ടിച്ചെടുക്കുകയായിരുന്നു. കണിയാർകുന്ന് കുന്നുമ്മൽ ഹൗസിൽ പി ജാനകിയുടെ ഒന്നേകാൽ പവൻ്റെ മാലയാണ് കവർന്നത്. സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ചെത്തിയ അജ്ഞാതൻ ജാനകിയുടെ കഴുത്തിൽ നിന്ന് മാലപൊട്ടിച്ച് കടന്നുകളഞ്ഞു. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോൾ ഇയാൾ സ്ഥലം വിട്ടിരുന്നു. പിടിവലിയ്ക്കിടെ മാലയുടെ ഒരു കഷ്ണം ജാനകിയുടെ കയ്യിലായി. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സ്കൂട്ടറിൽ പോകുന്ന മോഷ്ടാവിനെ കണ്ടെത്തി. നമ്പർ പ്ലേറ്റ് വച്ച് മറച്ച സ്കൂട്ടറാണ് നിർണായകമായത്. കറുത്ത ഷർട്ടും പാൻ്റും ധരിച്ചയാളുടെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ സ്ഥലങ്ങളിലെ സിസിടിവികൾ പരിശോധിച്ച പോലീസ് മോഷ്ടാവിലേക്ക് എത്തുകയായിരുന്നു. തുടർന്നാണ് നഗരസഭാ കൗൺസിലറായ പിപി രാജേഷിനെ അറസ്റ്റ് ചെയ്തത്.