Rahul Mamkoottathil: രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ; ശ്രീനാദേവി കുഞ്ഞമ്മയോട് വിശദീകരണം തേടി ഡിസിസി
DCC Against Sreenadevi Kunjamma: ശ്രീനാദേവി കുഞ്ഞമ്മയോട് വിശദീകരണം തേടി ഡിസിസി. രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ചതിലാണ് വിശദീകരണം തേടിയത്.
രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ച് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയോട് വിശദീകരണം തേടി ഡിസിസി. പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെയാണ് ശ്രീനാദേവി കുഞ്ഞമ്മ പിന്തുണച്ചത്. ഇതിൽ തൃപ്തികരമായ വിശദീകരണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ ശ്രീനാദേവിക്കെതിരെ ഡിസിസി അച്ചടക്ക നടപടി സ്വീകരിക്കും.
സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ശ്രീനാദേവി കുഞ്ഞമ്മ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചത്. ‘രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ അതിജീവിതന്റെ ഒപ്പമാണ്’ എന്ന് അവർ പറഞ്ഞിരുന്നു. അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ. സത്യം ജയിക്കട്ടെ. സത്യം അവള്‍ക്കൊപ്പമാണോ അവനൊപ്പമാണോ എന്ന് കോടതി തീരുമാനിക്കട്ടെ. അതുവരെ രാഹുല്‍ ക്രൂശിക്കപ്പെടേണ്ടതില്ല. മൂന്നാമത് വന്ന പരാതിക്കാരി അതിന് ശേഷം ഫ്ലാറ്റ് വാങ്ങിക്കൊടുത്തു, വിലകൂടിയ ചെരിപ്പ് വാങ്ങിക്കൊടുത്തു എന്ന് പറയുമ്പോൾ അസ്വാഭാവികതയുണ്ട്’ എന്നും ശ്രീനാദേവി കുഞ്ഞമ്മ വിഡിയോയിലൂടെ പറഞ്ഞു. മുൻപും രാഹുലിനായി ശ്രീനാദേവി വാദിച്ചിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വലങ്കയ്യും കെഎസ്‌യു ഭാരവാഹിയുമായിരുന്ന ഫെനി നൈനാൻ അതിജീവിതയ്ക്കെതിരെ രംഗത്തുവന്നിരുന്നു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫെനിയുടെ വിമർശനം. പരാതിക്കാരിയെ തനിക്കറിയാമെന്ന് ഫെനി ഫേസ്ബുക്കിൽ കുറിച്ചു. അവരെ ബലാത്സംഗം ചെയ്തെന്ന് കേട്ടപ്പോൾ അതിശയമായി. കെഎസ്‌യു നടത്തിയ പരിപാടിക്ക് അവര്‍ 5000 രൂപ സംഭാവന നല്‍കിയിട്ടുണ്ട്. ആ തുകയ്ക്ക് 50 കൂപ്പണുകൾ കാണിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവെക്കുകയും ചെയ്തിരുന്നു.
നവംബർ 25 വരെ അവരോട് സംസാരിച്ചു. അതിൻ്റെ തെളിവുകൾ രാഹുലിൻ്റെ അഭിഭാഷകർക്ക് കൈമാറി. രാഹുലിനെതിരെ വലിയ രീതിയിലുള്ള മാധ്യമ വിചാരണയാണ് ഇപ്പോൾ നടക്കുന്നത്. അതുകൊണ്ട് തന്നെ താൻ പങ്കുവച്ച, രാഹുലിന് അനുകൂലമായ പല കാര്യങ്ങളും മാധ്യമങ്ങൾ പുറത്തുവിടുന്നില്ല. അതവരുടെ അജണ്ടയല്ലെന്നാണ് പറയുന്നത് എന്നും ഫെനി കുറിച്ചിരുന്നു.