Vithura man death: തിരുവനന്തപുരത്ത് മകന്റെ ചോറൂണു ദിവസം പിതാവ് തൂങ്ങിമരിച്ചു
Debt Crisis Leads to Man's Death: ദുരന്തം നടക്കുന്ന ദിവസം അമലിന്റെ മകന്റെ ചോറൂണ് ചടങ്ങുകൾ നടക്കുകയായിരുന്നു. ചടങ്ങിന്റെ ഭാഗമായി കുടുംബാംഗങ്ങൾ അടുത്തുള്ള ഗുരുമന്ദിരത്തിലേക്ക് പോയിരുന്നു. എന്നാൽ അമൽ ഇവർക്കൊപ്പം ചേരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പഴയ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം: മകന്റെ ചോറൂണ് ചടങ്ങുകൾ നടക്കുന്നതിനിടെ വിതുരയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി. പേരയത്തുംപാറ സ്വദേശി അമൽകൃഷ്ണനാണ് ( 30 ) മരിച്ചത്. കനത്ത കടബാധ്യതയാണ് ജീവനൊടുക്കാൻ കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ആറ് സുഹൃത്തുക്കളുമായി ചേർന്ന് അമൽ കൃഷ്ണൻ നടത്തിവന്ന ടർഫിന് സമീപത്തെ പഴയ കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തു നിന്ന് പോലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
ദുരന്തം നടക്കുന്ന ദിവസം അമലിന്റെ മകന്റെ ചോറൂണ് ചടങ്ങുകൾ നടക്കുകയായിരുന്നു. ചടങ്ങിന്റെ ഭാഗമായി കുടുംബാംഗങ്ങൾ അടുത്തുള്ള ഗുരുമന്ദിരത്തിലേക്ക് പോയിരുന്നു. എന്നാൽ അമൽ ഇവർക്കൊപ്പം ചേരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പഴയ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ടർഫ് നടത്തിപ്പുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ കട ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം.
വിതുര പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സാമ്പത്തിക പ്രയാസങ്ങൾ മൂലമുള്ള കടുത്ത മാനസിക സമ്മർദ്ദമാണ് അമലിനെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.