Kollam Google Pay Dispute : ഗൂഗിൾ പേ വഴി അയച്ച പണം ലഭിക്കാത്തത് ചോദ്യം ചെയ്തു; കൊല്ലത്ത് കടയുടമയ്ക്ക് കുത്തേറ്റു
Kollam Google Pay Issue : കൊല്ലം നല്ലിലയിൽ പ്രവർത്തിക്കുന്ന ചായക്കട ഉടമയ്ക്കാണ് കുത്തേറ്റത്. നല്ലില സ്വദേശിയായ എബി ജോർജാണ് കടയുടമയെ കുത്തിപ്പരിക്കേൽപ്പിച്ചത്.
കൊല്ലം : യുപിഐ പണമിടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടിയിൽ കൊല്ലത്ത് കടയുടമയ്ക്ക് കുത്തേറ്റു. നല്ലിലയിൽ പള്ളിവേട്ട ബാബു ജങ്ഷനിൽ പ്രവർത്തിക്കുന്ന അന്ന ടീ ഷോപ്പ് ഉടമ ജോയിക്കാണ് കുത്തേറ്റത്. നല്ലില സ്വദേശി എബി ജോർജാണ് കടയുടമയെ കുത്തിയത്. എബിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അടിവയറ്റിന് കുത്തേറ്റ ജോയി സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം എബി, ജോയിയുടെ ചായക്കടയിൽ എത്തിയിരുന്നു. ഗുഗിൾ പേ വഴി നടത്തിയ പണമിടപാട് സംബന്ധിച്ച് എബിയും ജോയിയും തമ്മിൽ തർക്കമുണ്ടാകുയും അത് അപ്പോൾ തന്നെ മറ്റുള്ളവർ ഇടപെട്ട് പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാൽ അടുത്തദിവസം വീണ്ടും കടയിൽ എത്തിയ എബി, ജോയിയെ കൈയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ALSO READ : Canara Bank: കൊച്ചി കാനറ ബാങ്ക് ക്യാൻ്റീനിൽ ബീഫ് നിരോധിച്ച് മാനേജർ; ബീഫ് ഫെസ്റ്റ് നടത്തി ജീവനക്കാർ
തലേദിവസം നടന്ന തർക്കത്തിനിടയിൽ ജോയി, എബിയെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് അക്ഷേപിക്കുന്ന വിധത്തിൽ സംസാരിച്ചു എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം നടത്തിയത്. അടിയവയറ്റിന് കുത്തേറ്റ ജോയിയെ മറ്റുള്ളവർ ചേർന്ന് ഉടൻ സ്വകാര്യ ആശുപത്രയിൽ എത്തിക്കുകയായിരുന്നു. ജോയിയെ കുത്തിയതിന് ശേഷം എബി പ്രദേശത്ത് കത്തി വീശി പരാക്രമം നടത്തിയെന്നും പോലീസ് അറിയിച്ചു.