V Sivakutty: പച്ചക്കറി തോട്ടത്തിൽ നിന്ന് കോളി ഫ്ലവർ കളവ് പോയി; മന്ത്രി അപ്പൂപ്പാ നടപടി വേണമെന്ന് കുട്ടികൾ; വിഷമിക്കേണ്ട ഞാനുണ്ടെന്ന് വി ശിവൻകുട്ടി
V Sivankutty Response On School Student Letter : വിദ്യാഭ്യാസ അധികൃതരോടും കാര്യങ്ങൾ അന്വേഷിച്ചറിയാൻ നിർദ്ദേശം നൽകിയതായും മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. തന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾ വിഷമിക്കേണ്ടെന്നും നിങ്ങളോടൊപ്പം താനുമുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.

തിരുവനന്തപുരം: തൈക്കാട് സർക്കാർ മോഡൽ എൽപിഎസിലെ വിദ്യാർത്ഥികൾ ഉച്ചഭക്ഷണത്തിനായി കൃഷി ചെയ്ത പച്ചക്കറികൾ മോഷണം പോയി. മുപ്പതോളം കോളിഫ്ലവറും വഴുതനങ്ങയും തക്കാളിയുമാണ് മോഷണം പോയത്. സംഭവത്തെ തുടർന്ന് കള്ളനെ പിടികൂടണമെന്ന ആവശ്യവുമായി വിദ്യാഭ്യാസ മന്ത്രിക്ക് സ്കൂളിലെ വിദ്യാർത്ഥികൾ കത്ത് എഴുതിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി രംഗത്ത് എത്തിയിരിക്കുകയാണ്.
തൈക്കാട് ഗവൺമെന്റ് മോഡൽ എച്ച്.എസ്.എൽ.പി. സ്കൂളിലെ കൃഷി തോട്ടത്തിൽ നിന്ന് പച്ചക്കറി മോഷണം പോയതായുള്ള വിദ്യാർത്ഥികളുടെ പരാതി ലഭിച്ചിരുന്നുവെന്നും ഇക്കാര്യത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. വിദ്യാഭ്യാസ അധികൃതരോടും കാര്യങ്ങൾ അന്വേഷിച്ചറിയാൻ നിർദ്ദേശം നൽകിയതായും മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. തന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾ വിഷമിക്കേണ്ടെന്നും നിങ്ങളോടൊപ്പം താനുമുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.
അതേസമയം ആദ്യമായാണ് ഇത്തരത്തിൽ ഒരു കളവ് നടക്കുന്നതെന്നാണ് അധ്യാപിക പറയുന്നത്. പാകമായ പച്ചകറികളാണ് മോഷണം പോയത്. കഴിഞ്ഞ വെള്ളിയാഴ്ച ആവശ്യമായ പരിചരണങ്ങൾ നൽകിയാണ് വിദ്യാർത്ഥികൾ വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ തിങ്കളാഴ്ച രാവിലെ സ്കൂളിലെത്തിയപ്പോഴേക്കും ഇത് കാണാനില്ലായിരുന്നു.
കഴിഞ്ഞ ആഴ്ച അഞ്ച് കോളിഫ്ലവറുകൾ കാണാതെ പോയിരുന്നു. എന്നാൽ അന്ന് പരാതിപ്പെട്ടിരുന്നില്ല. അഞ്ച് കോളിഫ്ലവർ കാണാതായതിൽ എന്ത് പരാതിപ്പെടാനെന്ന് കരുതിയായാണ് അന്ന് പരാതിപെടാതിരുന്നത്. എന്നാൽ ഇത്തവണ പച്ചക്കറി മുഴുവനും മോഷണം പോയി. ഇതോടെ വലിയ നിരാശയിലാണാണ് കുട്ടികളും.