AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി

Confident Group Chairman CJ Roy Passes Away: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഐടി റെയ്ഡിനിടെ സ്വയം വെടിവയ്ക്കുകയായിരുന്നു. ബെംഗളൂരുവിലാണ് സംഭവം നടന്നത്.

CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
Cj Roy
Jayadevan AM
Jayadevan AM | Updated On: 30 Jan 2026 | 06:15 PM

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കിയതായി ടിവി 9 കന്നഡ റിപ്പോര്‍ട്ട് ചെയ്തു. ബെംഗളൂരുവിലെ അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് വച്ച്‌ പിസ്റ്റൾ ഉപയോഗിച്ച് സ്വയം വെടിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്‍കം ടാക്‌സ് വകുപ്പിന്റെ റെയ്ഡിനിടെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക സൂചന.

കൊച്ചിയില്‍ നിന്നുള്ള ഇന്‍കം ടാക്‌സ് സംഘമാണ് റെയ്ഡിനെത്തിയതെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ ഐടി വകുപ്പ്‌ പരിശോധന നടത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ഇന്‍കം ടാക്‌സ് സംഘം റെയ്ഡിനെത്തിയത്.

റെയ്ഡ് പുരോഗമിക്കുന്നതിനിടെ റോയി സ്വയം വെടിവയ്ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇന്‍കം ടാക്‌സ് റെയ്ഡ് നടത്തിയതെന്നാണ് സൂചന.

Also Read:  CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം

റെയ്ഡ് പുരോഗമിക്കുന്നതിനിടെ ഉച്ചയ്ക്ക് ശേഷം റോയിയെ ഐടി വകുപ്പ് ഉദ്യോഗസ്ഥര്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് റോയിയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഇതിനിടെ റോയിയോട് ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് റോയി വെടിവച്ചത്. നെഞ്ചിലാണ് വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ട്.

കൊച്ചി സ്വദേശിയാണ് റോയ്. ബെംഗളൂരു കേന്ദ്രീകരിച്ചാണ് റോയ് ബിസിനസ് കെട്ടിപ്പടുത്തത്. റിയല്‍ എസ്റ്റേറ്റ് ബിസിനസിനു പുറമെ സിനിമാ നിര്‍മ്മാണത്തിലടക്കം സജീവമായിരുന്നു. ബിഗ് ബോസ് മലയാളം അടക്കമുള്ള റിയാലിറ്റി ഷോകളിലെ മുഖ്യ സ്‌പോണ്‍സറും റോയിയായിരുന്നു.

കാസനോവ, മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം തുടങ്ങിയ സിനിമകളുടെ സഹനിര്‍മ്മാതാവ് കൂടിയാണ് സിജെ റോയ്. മർച്ചന്റ് നേവി ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ബിസിനസ് രംഗത്തേക്ക് കടക്കുകയായിരുന്നു. വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരുന്നു.

( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056 )