Maharajas College – Advocates Clash: മഹാരാജാസ് കോളജിലേക്ക് കുപ്പിയെറിഞ്ഞ സംഭവം; അഭിഭാഷകര്‍ക്കെതിരെ പരാതി നൽകി പ്രിന്‍സിപ്പല്‍
Ernakulam Maharajas College Students - Advocates Clash: കഴിഞ്ഞ ദിവസം രാത്രി മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികളും അഭിഭാഷകരും തമ്മിൽ നഗരത്തിൽ വെച്ച് നടന്ന സംഘർഷത്തിന്റെ തുടർച്ചയായാണ് അക്രമം. ജില്ലാ കോടതി പരിസരത്ത് വെച്ചുണ്ടായ സംഘർഷത്തിൽ ഇരുപക്ഷത്തുമായി 24 പേർക്കാണ് പരിക്കേറ്റത്.

എറണാകുളം: മഹാരാജാസ് കോളേജിലേക്ക് കുപ്പി എറിഞ്ഞ സംഭവത്തിൽ അഭിഭാഷകർക്കെതിരെ സെൻട്രൽ പോലീസിൽ പരാതി നൽകി കോളേജ് പ്രിൻസിപ്പൽ. കുപ്പിയെറിഞ്ഞതിൽ ചില്ലുകൾ തെറിച്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി പരാതിയിൽ പറയുന്നു. അതേസമയം, അഭിഭാഷകരുടെ ഭാഗത്ത് നിന്ന് കോളേജിനെതിരെ ഉണ്ടായ ആക്രമണം ഏതുവിധേനയും ചെറുക്കുമെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ആശിഷ് ആനന്ദ് വ്യക്തമാക്കി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കോടതി വളപ്പിൽ അഭിഭാഷകർ സംഘമായി നിന്ന് മദ്യകുപ്പികളും, കല്ലും ക്ലാസ് മുറിയിലേയ്ക്കുൾപ്പെടെ എറിയുകയായിരുന്നു. ഇവ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും ദേഹത്താണ് വീണതെന്ന് വിദ്യാർഥികൾ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികളും അഭിഭാഷകരും തമ്മിൽ നഗരത്തിൽ വെച്ച് നടന്ന സംഘർഷത്തിന്റെ തുടർച്ചയായാണ് അക്രമം.
ജില്ലാ കോടതി പരിസരത്ത് വെച്ചുണ്ടായ സംഘർഷത്തിൽ ഇരുപക്ഷത്തുമായി 24 പേർക്കാണ് പരിക്കേറ്റത്. അക്രമം തടയാൻ സംഭവ സ്ഥലത്തെത്തിയ രണ്ട് പൊലീസുകാരും ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, വിദ്യാർത്ഥികളാണ് ആദ്യം കല്ലെറിഞ്ഞതെന്ന് അഭിഭാഷകർ പറയുന്നു. കോടതി വളപ്പിൽ വെച്ച് നടന്ന ബാർ അസോസിയേഷന്റെ വാർഷികാഘോഷ പരിപാടിക്കിടെ ആയിരുന്നു ഏറ്റുമുട്ടൽ. ബെൽറ്റ്, കമ്പിവടി, ബിയർ ബോട്ടിൽ, കസേര എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. ഏറ്റുമുട്ടൽ മണിക്കൂറുകളോളം നീണ്ടു നിന്നു. ആഘോഷങ്ങൾക്കിടയിലേക്ക് വിദ്യാർഥികൾ അതിക്രമിച്ച് കയറിയെന്നും, ഭക്ഷണം കഴിച്ചതിന് പുറമെ വനിതാ അഭിഭാഷകരോട് വിദ്യാർഥികൾ അപമര്യാദയായി പെരുമാറിയെന്നുമാണ് അഭിഭാഷകരുടെ വാദം.
ALSO READ: ദൃശ്യം-4 നടപ്പാക്കിയതായി ജോമോൻ എബിനോട് പറഞ്ഞു; ബിജു കൊലക്കേസിൽ നിർണായക വിവരങ്ങളുമായി പ്രതി അറസ്റ്റിൽ
എന്നാൽ, മഹാരാജാസ് കോളേജിലെ വിദ്യാർഥിനികളോട് അഭിഭാഷകർ മോശമായി പെരുമാറിയെന്നും, അംഗപരിമിതനായ വിദ്യാർഥിയെ വളഞ്ഞിട്ട് ആക്രമിച്ചുവെന്നും വിദ്യാർഥികൾ പറയുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന 10 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് മഹാരാജാസ് കോളജും, കോടതി പരിസരവും കനത്ത പൊലീസ് കാവലിൽ ആണ്.