Thodupuzha Biju Death: ദൃശ്യം-4 നടപ്പാക്കിയതായി ജോമോൻ എബിനോട് പറഞ്ഞു; ബിജു കൊലക്കേസിൽ നിർണായക വിവരങ്ങളുമായി പ്രതി അറസ്റ്റിൽ
Thodupuzha Biju Death Case Update: ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടതുൾപ്പെടെ ഇയാൾക്കറിയാമായിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. കൊലപാതകത്തിനുശേഷം ജോമോൻ ആദ്യം ഫോണിൽ വിളിച്ചതും എബിനെയാണ്. ദൃശ്യം സിനിമയുടെ നാലാം ഭാഗം താൻ നടപ്പാക്കിയെന്നും ഇയാൾ എബിനോട് പറഞ്ഞു.

തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ സാമ്പത്തിക തർക്കത്തെ തുടർന്ന് ബിജുവെന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ബിസിനസ് പങ്കാളിയെ കൊലപ്പടുത്തിയ കേസിൽ നിർണായക വിവരങ്ങളറിയുന്ന എബിനാണ് അറസ്റ്റിലായിരിക്കുന്നത്. പ്രവിത്താനം സ്വദേശിയാണ് എബിൻ. ഒന്നാം പ്രതിയായ ജോമോൻ്റെ അടുത്ത ബന്ധവും ബിസിനസ് സഹായിയുമാണ് അറസ്റ്റിലായ എബിൻ. കൊലപാതകത്തിൻ്റെ തുടക്കം മുതലുള്ള കാര്യങ്ങൾ എബിന് അറിയാമെന്നാണ് പോലീസ് പറയുന്നത്.
ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടതുൾപ്പെടെ ഇയാൾക്കറിയാമായിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. കൊലപാതകത്തിനുശേഷം ജോമോൻ ആദ്യം ഫോണിൽ വിളിച്ചതും എബിനെയാണ്. ദൃശ്യം സിനിമയുടെ നാലാം ഭാഗം താൻ നടപ്പാക്കിയെന്നും ഇയാൾ എബിനോട് പറഞ്ഞു. ബിജുവിനെ തട്ടിക്കൊണ്ടുപോകലുൾപ്പെടെ മുഴുവൻ കാര്യങ്ങളും ജോമോൻ എബിനെ അറിയിച്ചിരുന്നു. ഇരുവരുടെയും ഫോൺ സംഭാഷണത്തിൻറെ വിശദാംശങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
മാർച്ച് 15 മുതൽ നടന്ന എല്ലാ ആസൂത്രണങ്ങളിലും എബിന് പങ്കാളിത്തമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കൊച്ചിയിൽ നിന്ന് ക്വട്ടേഷൻ സംഘാംഗങ്ങളെ കൂട്ടിക്കൊണ്ടുവന്ന അന്നും ജോമോൻ എബിന് ചില വിവരങ്ങൾ നൽകിയിരുന്നു. ഓമ്നി വാൻ കിട്ടുമോ എന്നതടക്കം ജോമോൻ എബിനോട് ചോദിക്കുന്നുണ്ട്. കൃത്യത്തിന് ശേഷം ജോമോന് പുതിയ ഫോൺ വാങ്ങാൻ പണം നൽകിയതും എബിനാണ്.
അന്വേഷണ സംഘം ഇരുവരുടെയും ശബ്ദ പരിശോധനയും പൂർത്തിയാക്കിയതായി അറിയിച്ചു. ഗൂഡാലോചന, കുറ്റകൃത്യം മറച്ചുവയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് എബിനെതിരെ ചുമത്തിയിരിക്കുന്നത്. എബിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതേസമയം സംഭവത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളറിയാവുന്ന ജോമോൻറെ ഭാര്യയ്ക്കാണ്. ഇവരെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഒളിവിലാണെന്നാണ് വിവരം.