Taliparamba fire: കണ്ണൂരിൽ വൻ തീപിടിത്തം: നിരവധി കടകൾക്ക് തീപിടിച്ചു; തീയണയ്ക്കാൻ ശ്രമം തുടരുന്നു
Fire Breaks Out in Kannur’s Taliparamba: തളിപ്പറമ്പ്, കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നായി ഫയർ യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തി തീ അണക്കാൻ ശ്രമം തുടരുകയാണ്.
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടിത്തം. തളിപ്പറമ്പ് ബസ് സ്റ്റാൻഡിനു സമീപത്തെ കെവി കോംപ്ലക്സിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. മൂന്നു നില കെട്ടിടത്തിലെ 10 കടകൾ പൂർണമായും കത്തി നശിച്ചുവെന്നാണ് റിപ്പോർട്ട്. ഇതുവരെ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. തളിപ്പറമ്പ്, കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നായി ഫയർ യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തി തീ അണക്കാൻ ശ്രമം തുടരുകയാണ്.
ആളപായമുണ്ടായതായി വിവരമില്ല. കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിൽനിന്നാണ് ആദ്യം തീപടർന്നതെന്നാണ് വിവരം. തീപിടിത്തം ഉണ്ടായ കടയ്ക്ക് സമീപത്തെ തുണിക്കടകളിലേക്കും മൊബൈൽ ഫോൺ കടയിലേക്കും തീ പടർന്നതാണ് സ്ഥിതി വഷളായത്. കോംപ്ലക്സിൽ നിരവധി കടകൾ പ്രവർത്തിക്കുന്നുണ്ട്.
തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ടെന്ന് സ്ഥലം എംഎൽഎയും സംസ്ഥാന സെക്രട്ടറിയുമായ എം.വി.ഗോവിന്ദന്‍ പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കെട്ടിടത്തിനുള്ളിൽ ആരെങ്കിലും ഉണ്ടോ എന്ന സംശയം ചില നാട്ടുകാര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
അതേസമയം പ്രദേശത്ത് വ്യാപക സംഘർഷം നടക്കുന്നുണ്ട്. തീയണയ്ക്കാന്‍ ആവശ്യമായ അഗ്നിശമനസേനാ യൂണിറ്റുകള്‍ എത്തിയിട്ടില്ലെന്നും അധികൃതര്‍ നിസ്സംഗത കാണിച്ചുവെന്നും നാട്ടുകാര്‍ ആരോപിച്ചു.