രണ്ടാം ഭാര്യയെ നോക്കാൻ ആദ്യ ഭാര്യയുടെ അവകാശങ്ങൾ നിഷേധിക്കാനാവില്ല- ഹൈക്കോടതി
മകൻ ഇതിനകം തന്നെ ആദ്യ ഭാര്യക്ക് വേണ്ടുന്ന് സാമ്പത്തിക പിന്തുണ നൽകുന്നതിനാൽ ഭർത്താവിൽ നിന്ന് ജീവനാംശത്തിനായുള്ള അവകാശവാദം നിയമപരമായി നിലനിൽക്കില്ലെന്നും അഭിഭാഷകൻ വാദിച്ചു.

കേരള ഹൈക്കോടതി
കൊച്ചി: രണ്ടാം ഭാര്യയെ നോക്കണമെന്ന് കാണിച്ച് ആദ്യഭാര്യയുടെ അവകാശങ്ങൾ മുസ്ലിം പുരുഷൻമാർക്ക് നിഷേധിക്കാനാവില്ലെന്ന് കേരളാ ഹൈക്കോടതി. ആദ്യ ഭാര്യക്ക് ജീവനാംശം അനുവദിച്ച കുടുംബ കോടതി വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജിയിൽ വിധി പറഞ്ഞു കൊണ്ടായിരുന്നു ജസ്റ്റിസ് കൗസർ എടപ്പഗത്തിൻ്റെ നിരീക്ഷണം. ബ്യൂട്ടി പാർലർ നടത്തി ഉപജീവനം കണ്ടെത്തുന്ന ആദ്യ ഭാര്യയുടെ ചിലവ് നോക്കാൻ തനിക്ക് സാധിക്കില്ലെന്നും, അവർക്ക് വരുമാനമുണ്ടെന്നും തനിക്ക് അതിനുള്ള വരുമാനമില്ലെന്നും കാട്ടിയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
ആദ്യഭാര്യയാണ് 2015-ൽ മതിയായ കാരണങ്ങളില്ലാതെ പരാതിക്കാരനെ ഉപേക്ഷിച്ചതെന്നും. അതുകൊണ്ട് തന്നെ ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 125 (4) പ്രകാരം ജീവനാംശത്തിന് അർഹതയില്ലെന്നും പരാതിക്കാരൻ്റെ അഭിഭാഷകൻ വാദിച്ചു. അതുകൊണ്ട് തന്നെ മറ്റൊരു വിവാഹം കഴിച്ച തനിക്ക് രണ്ടാം ഭാര്യയെ പരിപാലിക്കേണ്ടതിനാൽ ആദ്യ ഭാര്യയ്ക്ക് ജീവനാംശം നൽകാൻ കഴിയില്ലെന്നും പരാതിക്കാരൻ്റെ വക്കീൽ ഹൈക്കോടതിയെ അറിയിച്ചു. തങ്ങളുടെ മകൻ ഇതിനകം തന്നെ ആദ്യ ഭാര്യക്ക് വേണ്ടുന്ന് സാമ്പത്തിക പിന്തുണ നൽകുന്നതിനാൽ ഭർത്താവിൽ നിന്ന് ജീവനാംശത്തിനായുള്ള അവകാശവാദം നിയമപരമായി നിലനിൽക്കില്ലെന്നും അഭിഭാഷകൻ വാദിച്ചു.
കോടതി നീരീക്ഷണം
ഒരു മുസ്ലിം ഭർത്താവിന് ഒന്നിൽ കൂടുതൽ ഭാര്യമാർ എന്നത് നിക്ഷിപ്ത അവകാശമല്ലെന്ന് കോടതി വ്യക്തമാക്കി. “അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ പുരുഷന്മാർക്ക് ബഹുഭാര്യത്വം അനുവദനീയമാകുന്നുള്ളു, അതും എല്ലാ ഭാര്യമാരെയും തുല്യമായി പരിഗണിക്കണമെന്ന കർശനമായ ഉത്തരവ് പ്രകാരമാണിത്- കോടതി നിരീക്ഷിച്ചു. എല്ലാ ഭാര്യമാരോടും നീതി പുലർത്താൻ ഭർത്താവിന് കഴിയണമെന്നാണ് മുസ്ലിം നിയമത്തിലെ ബഹുഭാര്യത്വത്തിൻ്റെ അടിത്തറയെന്ന് ഹൈക്കോടതി വ്യക്തമാക്കി.