Malappuram Rabies: മുറിവ് തുന്നാന്‍ പാടില്ല; അഞ്ചര വയസുകാരിയുടെ മരണത്തില്‍ ചികിത്സാ പിഴവില്ലെന്ന് ആശുപത്രി അധികൃതര്‍
Rabies Death in Malappuram: കോഴിക്കോട് മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്കെതിരെ കുട്ടിയുടെ പിതാവ് സല്‍മാനുല്‍ ഫാരിസ് രംഗത്തെത്തി. ചികിത്സ വൈകിയെന്നും ചികിത്സാ പിഴവിനെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെയോ ആരോഗ്യവകുപ്പിന്റെയോ ഭാഗത്തുനിന്ന് ഇതുവരെ ആരും ബന്ധപ്പെട്ടില്ലെന്നും ഫാരിസ് പ്രതികരിച്ചു.
മലപ്പുറം: പെരുവള്ളൂരില്‍ പേവിഷബാധയേറ്റ് അഞ്ചര വയസുകാരി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി അധികൃതര്‍. കുട്ടിയുടേത് കാറ്റഗറി 3 ല്‍ വരുന്ന കേസാണ്. മുറിവ് തുന്നാന്‍ പാടില്ലെന്നാണ് ഗൈഡ്‌ലൈനില്‍ പറയുന്നതെന്ന് വിശദീകരണം. ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.
അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്കെതിരെ കുട്ടിയുടെ പിതാവ് സല്‍മാനുല്‍ ഫാരിസ് രംഗത്തെത്തി. ചികിത്സ വൈകിയെന്നും ചികിത്സാ പിഴവിനെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെയോ ആരോഗ്യവകുപ്പിന്റെയോ ഭാഗത്തുനിന്ന് ഇതുവരെ ആരും ബന്ധപ്പെട്ടില്ലെന്നും ഫാരിസ് പ്രതികരിച്ചു.
വാക്‌സിന്‍ എടുത്തിട്ടും മരണം സംഭവിക്കുകയാണെങ്കില്‍ അക്കാര്യത്തില്‍ വിശദമായ പഠനം നടത്തേണ്ടതുണ്ടെന്നും കുടുംബം ചൂണ്ടിക്കാട്ടി. സിയ ഫാരിസാണ് കഴിഞ്ഞ ദിവസം പേവിഷബാധയേറ്റ് മരിച്ചത്.




മാര്‍ച്ച് 29നാണ് കുട്ടിയെ നായ ആക്രമിച്ചത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും മുറിവ് ഡെറ്റോള്‍ ഉപയോഗിച്ച് കഴുകിയെന്നും കുടുംബം പറഞ്ഞിരുന്നു.
മരുന്ന് ഇല്ലാത്തതിനാല്‍ ഡോക്ടര്‍ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ അവിടെ നിന്നും ചികിത്സ ലഭിക്കാന്‍ വൈകിയെന്നാണ് കുടുംബം ആരോപിക്കുന്നത്.