Kerala Police: കേരള പോലീസില്‍ അഴിച്ചുപണി; അഞ്ചുപേര്‍ ഐജി റാങ്കിലേക്ക്
Kerala Police and IAS Officers Promotion: ഇവര്‍ക്ക് പുറമെ കെ കാര്‍ത്തിക്കിനെ തിരുവനന്തപുരം കമ്മീഷണറായും ഹരിശങ്കറിനെ കൊച്ചി കമ്മീഷണറായും നിയമിച്ചു. ദക്ഷിണ മേഖല ഐജി ഇനി ജി സ്പര്‍ജന്‍ കുമാറാണ്. വിജിലന്‍സ് ഐജിയായി തോംസണ്‍ ജോസിനെ മാറ്റി.
തിരുവനന്തപുരം: പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. സംസ്ഥാനത്ത് അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ ഐജി റാങ്കിലേക്ക് ഉയര്‍ത്തി. 18 വര്‍ഷത്തെ സര്‍വീസുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഐജിയായി സ്ഥാനക്കയറ്റം നല്‍കിയത്. പുട്ട വിമലാദിത്യ, അജിത ബീഗം, ആര്‍ നിശാന്തിനി, എസ് സതീഷ് ബിനോ, രാഹുല്‍ ആര്‍ നായര്‍ എന്നിവരാണ് ഐജി റാങ്കിലേക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍.
ഇവര്‍ക്ക് പുറമെ കെ കാര്‍ത്തിക്കിനെ തിരുവനന്തപുരം കമ്മീഷണറായും ഹരിശങ്കറിനെ കൊച്ചി കമ്മീഷണറായും നിയമിച്ചു. ദക്ഷിണ മേഖല ഐജി ഇനി ജി സ്പര്‍ജന്‍ കുമാറാണ്. വിജിലന്‍സ് ഐജിയായി തോംസണ്‍ ജോസിനെ മാറ്റി. തൃശൂര്‍ റേഞ്ച് ഡിഐജി അരുള്‍ ആര്‍ബി കൃഷ്ണ, തിരുവനന്തപുരം റേഞ്ച് ഡിഐജി ജെ ഹിമേന്ദ്രനാഥ്, ഇന്റലിജന്‍സ് ഡിഐജി എസ് ശ്യാംസുന്ദര്‍ എന്നിങ്ങനെയാണ് പുതിയ നിയമനം.
അജിത ബീഗം സാമ്പത്തിക വിഭാഗം ഐജിയായാണ് ഇനി പ്രവര്‍ത്തുക. ആര്‍ നിശാന്തിനി പോലീസ് ആസ്ഥാനത്തെ ഐജിയായിരിക്കും.
പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും സ്ഥാനക്കയറ്റമുണ്ട്. ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി. വകുപ്പുകള്‍ മാറ്റാതെയാണ് സ്ഥാനക്കയറ്റം നല്‍കിയത്. തദ്ദേശ വകുപ്പ് സെക്രട്ടറിയായാണ് ടിപി അനുപമയെ നിയമിച്ചത്. മുഹമ്മദ് ഹനീഷ് ഇനി വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കും. പൊതുഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി അഞ്ജന എമ്മിനെയും, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി ഷീബ ജോര്‍ജിനെയും നിയമിച്ചു. സഹകരണ വകുപ്പ് സെക്രട്ടറിയായാണ് വീണ എന്‍ മാധവന് സ്ഥാനക്കയറ്റം.