VV Rajesh: ‘ബസ് നിർത്തിയിടാനൊക്കെ കോർപ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്’; തിരിച്ചെടുക്കാനുള്ള ആലോചനയൊന്നുമില്ലെന്ന് വിവി രാജേഷ്
VV Rajesh Responds To Ganesh Kumar: കെബി ഗണേഷ് കുമാറിന് മറുപടിയുമായി വിവി രാജേഷ്. ബസ് നിർത്തിയിടാൻ കോർപ്പറേഷന് സ്ഥലമുണ്ടെന്നും തിരിച്ചെടുക്കാനുള്ള ആലോചനയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇ ബസുകൾ തിരികെനൽകാൻ തയ്യാറാണെന്ന ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന് മറുപടിയുമായി തിരുവനന്തപുരം മേയർ വിവി രാജേഷ്. ബസ് നിർത്തിയിടാൻ കോർപ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ടെന്നും ബസുകൾ തിരികെയെടുക്കാനുള്ള ആലോചനയില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് വിവി രാജേഷിൻ്റെ പ്രതികരണം.
ഇ ബസ് സർവീസുമായി ബന്ധപ്പെട്ട കരാർ വ്യവസ്ഥകൾ ലംഘിക്കുന്നതാണ് താൻ ചോദ്യം ചെയ്തതെന്ന് വിവി രാജേഷ് പറഞ്ഞു. 2023 ഫെബ്രുവരി 21ന് തിരുവനന്തപുരം കോർപ്പറേഷനും സ്മാർട്ട് സിറ്റിയും കെഎസ്ആര്‍ടിസിയും തമ്മിലുണ്ടാക്കിയ കരാർ ഇത്തരത്തിലായിരുന്നില്ല. പീക്ക് ടൈമിൽ ഇ ബസുകൾ സിറ്റിയിൽ സർവീസ് നടത്തണമെന്നതായിരുന്നു വ്യവസ്ഥ. അത് പാലിക്കാൻ ഗതാഗത വകുപ്പ് തയ്യാറാവുന്നില്ല. കോർപ്പറേഷനുമായി ആലോചിക്കാതെ റൂട്ട് നിശ്ചയിക്കുന്നതിലും നിയമലംഘനമുണ്ട്. ബസ് സർവീസിലെ ലാഭവിഹിതം കോർപ്പറേഷന് നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇലക്ട്രിക് ബസ് സർവീസുമായി ബന്ധപ്പെട്ട തൻ്റെ പ്രസ്താവന മുൻ മേയർ ആര്യാ രാജേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പരിഗണിച്ചാണെന്നും വിവി രാജേഷ് വിശദീകരിച്ചു. ആര്യാ രാജേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രകാരമല്ല ഇപ്പോൾ സർവീസ്. കോർപ്പറേഷന് ലാഭം നൽകാമെന്ന് കരാറിലുണ്ട്. ഇത് പാലിക്കപ്പെടുന്നില്ല. കോർപ്പറേഷൻ പരിധിയിലെ ഗ്രാമീണമേഖലകളിലുള്ള ഇടറോഡുകളിൽ ആളുകൾ വാഹനസൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. ഇവിടെ ബസ് എത്തണം.
കോർപ്പറേഷന് ബസുകൾ തിരികെ എടുക്കാൻ ആലോചനയില്ല. ഇ ബസുകൾക്ക് കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ മാത്രമേ കിടക്കൂ എന്ന വാശിയൊന്നുമില്ല. കോർപ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്. ആയിരം ബസുകൾ പോലും ഇടാം. പക്ഷേ, അതേപ്പറ്റി ഇപ്പോൾ ആലോചിക്കുന്നില്ല. ഇ ബസ് തുകയുടെ 70 ശതമാനവും ബാറ്ററിയുടേതാണ്. ഈ ബാറ്ററികൾ മാറ്റാനുള്ള സമയമായി. അതുകൊണ്ട് ബസുകൾ തിരിച്ചെടുക്കുന്നില്ല. നിയമ വിദഗ്ധരുമായി ആലോചിച്ച് ബസ് സര്‍വീസ് തുടരുന്നതിലടക്കം തുടര്‍നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.