PV Anvar: ‘മുഹമ്മദ് റിയാസിനെതിരെ മത്സരിപ്പിക്കണം’; പി വി അന്‍വറിനെ പിന്തുണച്ച് ബേപ്പൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍
PV Anvar: മുൻ നിലമ്പൂർ എംഎൽഎ പി വി അൻവറിനെ അസോസിയേറ്റ് അംഗമാകാൻ യുഡിഎഫ് ഏകോപനസമിതി യോഗം തീരുമാനമെടുത്തതിന് പിന്നാലെയാണ് വിവിധ ഇടങ്ങളിൽ അദ്ദേഹത്തെ പിന്തുണച്ചും സ്വാഗതം ചെയ്തും ഫ്ലക്സ് ബോർഡുകൾ ഉയരുന്നത്....
യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാക്കിയതിന് പേരിൽ പിന്നാലെ പി വി അൻവറിനെ പിന്തുണച്ച് കോഴിക്കോട് ബേപ്പൂരിൽ ഫ്ലക്സ് ബോർഡുകൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ അൻവർ ബേപ്പൂരിൽ മത്സരിക്കണമെന്നാണ് യുഡിഎഫ് പ്രവർത്തകർ ആവശ്യപ്പെടുന്നത്. മുൻ നിലമ്പൂർ എംഎൽഎ പി വി അൻവറിനെ അസോസിയേറ്റ് അംഗമാകാൻ യുഡിഎഫ് ഏകോപനസമിതി യോഗം തീരുമാനമെടുത്തതിന് പിന്നാലെയാണ് വിവിധ ഇടങ്ങളിൽ അദ്ദേഹത്തെ പിന്തുണച്ചും സ്വാഗതം ചെയ്തും ഫ്ലക്സ് ബോർഡുകൾ ഉയരുന്നത്. ബേപ്പൂര് ബസ് സ്റ്റാൻഡിന് സമീപത്തും പാർക്കിനോട് ചേർന്നുമാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
പി വി അൻവറിന് ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം എന്നാണ് ബോർഡുകളിൽ എഴുതിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി എ മുഹമ്മദ് റിയാസിനും എതിരെ പി വി അൻവർ തുടർച്ചയായി വിമർശനങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് യുഡിഎഫിലേക്ക് സ്വാഗതം ലഭിച്ചത്. കോഴിക്കോട് കേന്ദ്രീകരിച്ച് മിനി ക്യാബിനറ്റ് പ്രവർത്തിക്കുന്നുണ്ട് എന്നും അതിന് നേതൃത്വം നൽകുന്നത് മുഹമ്മദ് റിയാസ് ആണെന്ന് ആയിരുന്നു അൻവറിന്റെ ആരോപണം. കൂടാതെ റിയാസിനെതിരെ മത്സരിക്കുമെന്നും പി വി അൻവർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ബേപ്പൂരിൽ പി വി അൻവർ തന്നെ മത്സരിക്കണം എന്നാണ് യുഡിഎഫ് പ്രവർത്തകരുടെ ആവശ്യം.
എന്നാൽ അൻവറിന്റെ വാക്കുകൾ അതിര് കടുക്കരുതെന്ന് കോൺഗ്രസ് നേതാക്കൾ താക്കീതും നൽകിയിരുന്നു. പാർട്ടിക്ക് വിരുദ്ധമായി അൻവർ സംസാരിക്കാൻ പാടില്ലെന്നും യുഡിഎഫിനെ ഒരു വഴിയമ്പലമായി കാണരുതെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം. അതായത് അൻവറിനെ ഒരു ഭാഗത്തുനിന്നും സ്വാഗതം ചെയുമ്പോൾ മറുഭാഗത്ത് വലിയ രീതിയിലുള്ള എതിർപ്പും ഉണ്ട്.