Kalady Food Poison : കാലടിയിൽ ഓണസദ്യയിലൂടെ ഭക്ഷ്യവിഷബാധ; 50ഓളം വിദ്യാർഥികൾ ചികിത്സയിൽ
Onam feast food poisoning: അസുഖം ബാധിച്ച വിദ്യാര്‍ഥികളെ ഉടന്‍തന്നെ അങ്കമാലിയിലെയും കാലടിയിലെയും സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.
കൊച്ചി: ഓണാഘോഷത്തിനിടെ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായുള്ള വാര്‍ത്തകള്‍ എത്താറുണ്ട്. ഇപ്പോള്‍ ആ ശ്രേണിയിലേക്ക് പുതിയൊരു സംഭവം കൂടി എത്തിയിരിക്കുകയാണ്.
കാലടിയിലെ സ്‌കൂളില്‍ ഓണാഘോഷത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് അമ്പതോളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലടി ചെങ്ങല്‍ സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയത്.
കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളില്‍ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായുള്ള സദ്യയില്‍ ഏകദേശം 2,300 വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു. സദ്യ കഴിച്ചതിനുശേഷം വൈകുന്നേരത്തോടെയാണ് വിദ്യാര്‍ഥികള്‍ക്ക് പനി, തലവേദന, വയറിളക്കം തുടങ്ങിയ ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങിയത്.
അസുഖം ബാധിച്ച വിദ്യാര്‍ഥികളെ ഉടന്‍തന്നെ അങ്കമാലിയിലെയും കാലടിയിലെയും സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. ചികിത്സയിലുള്ള ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യം മെച്ചപ്പെട്ട വിദ്യാര്‍ഥികളെ ഡിസ്ചാര്‍ജ് ചെയ്തു. അവശേഷിക്കുന്നവര്‍ അടുത്ത ദിവസങ്ങളില്‍ ആശുപത്രി വിടുമെന്ന് പ്രതീക്ഷിക്കുന്നു.
സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി പരിശോധന നടത്തി. ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്. ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുന്നതാണ്.