KSRTC bus free ride: തിങ്കളാഴ്ച മുതൽ സീറോ ടിക്കറ്റ് നയം… സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും ഫ്രീ യാത്ര, അറിയേണ്ടതെല്ലാം
Free KSRTC Travel for Women in Kerala: പദ്ധതി മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത പൂർണ്ണമായും സംസ്ഥാന സർക്കാർ വഹിക്കുമെന്നും കെഎസ്ആർടിസിക്ക് ഇതുവഴി യാതൊരുവിധ സാമ്പത്തിക നഷ്ടവും ഉണ്ടാകില്ലെന്നും ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. ഇതിനാവശ്യമായ തുക സർക്കാർ ഗ്രാൻ്റായി കോർപ്പറേഷന് അനുവദിക്കും. സ്ത്രീകളുടെ യാത്രാച്ചെലവ് ഇല്ലാതാകുന്നതോടെ കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയും.
തിരുവനന്തപുരം: കേരളത്തിലെ പൊതുഗതാഗത ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുമുള്ള കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനിക്ക് തിങ്കളാഴ്ച തുടക്കമാകും. ഇന്ദിരാ ഗ്യാരണ്ടി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഈ വൻ പദ്ധതിയിലൂടെ സംസ്ഥാനത്തെ 3,125 കെഎസ്ആർടിസി ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്ര യഥാർത്ഥ്യമാകുന്നത്.
ഇന്ന് രാവിലെ 8:30-ന് തമ്പാനൂർ ബസ് ടെർമിനലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും. ഉദ്ഘാടന സർവീസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും എന്നത് ഇന്നത്തെ ചടങ്ങിന്റെ പ്രത്യേകതയാണ്.
മാനദണ്ഡങ്ങളില്ല, രജിസ്ട്രേഷനില്ല; സീറോ ടിക്കറ്റ് മാത്രം
പ്രായഭേദമന്യേ സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. വരുമാനപരിധിയോ സാമൂഹിക പദവിയോ ഉൾപ്പെടെ യാതൊരുവിധ മാനദണ്ഡങ്ങളും ഇതിനായി മാനിക്കപ്പെടില്ല. പ്രത്യേക രജിസ്‌ട്രേഷന്റെയോ രേഖകളുടെയോ ആവശ്യമില്ലാതെ തന്നെ യാത്രക്കാർക്ക് ബസിനുള്ളിൽ വെച്ച് കണ്ടക്ടറിൽ നിന്നും സീറോ ടിക്കറ്റ് അല്ലെങ്കിൽ പ്രിയദർശിനി ടിക്കറ്റ് കൈപ്പറ്റി സൗജന്യമായി യാത്ര ചെയ്യാവുന്നതാണ്. ഓരോ യാത്രയുടെയും കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുന്നതിനാണ് ഈ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
സാമ്പത്തിക ബാധ്യത സർക്കാർ വഹിക്കും: മന്ത്രി സി.പി. ജോൺ
പദ്ധതി മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത പൂർണ്ണമായും സംസ്ഥാന സർക്കാർ വഹിക്കുമെന്നും കെഎസ്ആർടിസിക്ക് ഇതുവഴി യാതൊരുവിധ സാമ്പത്തിക നഷ്ടവും ഉണ്ടാകില്ലെന്നും ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. ഇതിനാവശ്യമായ തുക സർക്കാർ ഗ്രാൻ്റായി കോർപ്പറേഷന് അനുവദിക്കും. സ്ത്രീകളുടെ യാത്രാച്ചെലവ് ഇല്ലാതാകുന്നതോടെ കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയും.
ഇത് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തവും വിദ്യാഭ്യാസ-സംരംഭക പ്രവർത്തനങ്ങളും കൂടുതൽ സജീവമാക്കും. സ്ത്രീ തൊഴിലാളികളുടെ വരുമാനത്തിൽ 15 മുതൽ 25 ശതമാനം വരെ വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം സാമൂഹിക പ്രാധാന്യമുള്ള പദ്ധതികളെ ലാഭ-നഷ്ട കണക്കുകളിൽ മാത്രം വിലയിരുത്തരുത് എന്ന് മന്ത്രി സി.പി. ജോൺ പറഞ്ഞു.
വരുമാനം കൂട്ടാൻ പുതിയ വഴികൾ, ഒപ്പം ഗ്രാമവണ്ടി വിപുലീകരണവും
പദ്ധതി നടപ്പിലാകുന്നതോടെ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയുമെന്നും, ഇത് ഇന്ധന ഉപഭോഗവും കാർബൺ പുറന്തള്ളലും ഗതാഗതക്കുരുക്കും കുറയ്ക്കാൻ സഹായിക്കുമെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ. കെഎസ്ആർടിസിയുടെ ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കുന്നതിനായി ബസുകളിലെ പരസ്യങ്ങൾ കൂട്ടുക, ബസ് സ്‌പോൺസർഷിപ്പ് പദ്ധതി നടപ്പാക്കുക തുടങ്ങിയ കാര്യങ്ങളും സർക്കാർ പരിഗണിക്കുന്നുണ്ട്. ഇതോടൊപ്പം സംസ്ഥാനത്തെ ഗ്രാമവണ്ടി പദ്ധതിയും വൻതോതിൽ വിപുലീകരിക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിലുള്ള 58 സർവീസുകൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 500 ആയി ഉയർത്തും. ഡിപ്പോകൾ കേന്ദ്രീകരിച്ച് വികസന സമിതികളും രൂപീകരിക്കും.
English Summary
Kerala’s Priyadarshini scheme, under the Indira Guarantee project, officially rolls out this Monday, offering free travel to all women and transgender individuals across 3,125 KSRTC ordinary buses. Chief Minister V.D. Satheesan will inaugurate the initiative via a hassle-free “zero-ticket” system, which is fully subsidized by the state government to boost women’s workforce participation and alleviate family financial burdens.