Youth Stabbed to Death: മകളുമായുള്ള സൗഹൃദം വിലക്കിയിട്ടും അവസാനിപ്പിച്ചില്ല; കൊല്ലത്ത് ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊലപ്പെടുത്തി
Youth Stabbed to Death at Kollam: പ്രശ്നം സംസാരിക്കുന്നതിനിടെ പെൺകുട്ടിയുടെ അച്ഛനും അരുണും തമ്മിൽ വാക്കേറ്റമുണ്ടായി. സംഘർഷത്തിനിടെ പ്രസാദ് കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അരുണിനെ കുത്തുകയായിരുന്നു.
കൊല്ലം: ശല്യം ചെയ്തെന്ന് ആരോപിച്ച് യുവാവിനെ പെൺസുഹൃത്തിന്റെ പിതാവ് കുത്തിക്കൊന്നു. ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്റെ മകൻ അരുൺ കുമാറിനെയാണ് (19) ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) കൊലപ്പെടുത്തിയത്. ഇയാൾ സംഭവത്തിനു ശേഷം ശക്‌തികുളങ്ങര പൊലീസിൽ കീഴടങ്ങി. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിക്ക് കൊല്ലം കുരീപ്പുഴ വെസ്റ്റ് ഇരട്ടക്കട വലിയക്കാവ് നഗറിലാണ് സംഭവം. ഇരവിപുരം സ്വദേശിയായ പ്രസാദിന്റെ മകളെ അരുൺ ശല്യം ചെയ്തതായി ആരോപിച്ചുണ്ടായ വാക്കേറ്റവും സംഘർഷവുമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
മകളും അരുണും തമ്മിലുള്ള ബന്ധത്തിന്റെ പേരിൽ ഇയാൾ മകളെ ബന്ധുവീട്ടിലാക്കിയിരുന്നു. എന്നാൽ അവിടെയും അരുൺ എത്തി മകളെ കണ്ടെന്ന് ആരോപിച്ച് പെൺകുട്ടിയുടെ അച്ഛനും അരുണും തമ്മിൽ ഫോണിലൂടെ വാക്കേറ്റം ഉണ്ടായി. ഇതിനു പിന്നാലെ അരുൺ ഇത് ചോദ്യം ചെയ്യാനായി ഇരട്ടക്കടയിലെത്തി. പ്രശ്നം സംസാരിക്കുന്നതിനിടെ പെൺകുട്ടിയുടെ അച്ഛനും അരുണും തമ്മിൽ വാക്കേറ്റമുണ്ടായി. സംഘർഷത്തിനിടെ പ്രസാദ് കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അരുണിനെ കുത്തുകയായിരുന്നു. സംഭവത്തിൽ സാരമായി പരിക്കേറ്റ അരുണിനെ സുഹൃത്താണ് കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. എന്നാൽ മരണം സംഭവിച്ചിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ ശക്തികുളങ്ങര പൊലീസ് കേസെടുത്തു.
പൊലിസിൽ കീഴടങ്ങിയ പ്രസാദ് മകളുമായുള്ള സൗഹൃദം താന്‍ എതിര്‍ത്തിരുന്നുവെന്ന് മൊഴി നൽകി. സൗഹൃദം അവസാനിപ്പിക്കാന്‍ അരുണ്‍കുമാര്‍ തയ്യാറായില്ലെന്നും വെള്ളിയാഴ്ചയും സൗഹൃദത്തില്‍നിന്ന് പിന്മാറണമെന്ന് താൻ അരുണിനോട് ആവശ്യപ്പെട്ടിരുന്നതായും പ്രസാദ് പറഞ്ഞു. വിദേശത്ത് ജോലിചെയ്തുവരുന്ന അരുണ്‍കുമാര്‍ ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. അരുണ്‍കുമാറിന്റെ മാതാവ് വിദേശത്താണ്.