Perinthalmanna Hartal: പെരിന്തൽമണ്ണയിലെ ഹർത്താൽ പിൻവലിച്ചു
Perinthalmanna Hartal: മുസ്ലിം ലീഗ് ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചായിരുന്നു ഹർത്താൽ പ്രഖ്യാപിച്ചത്...
മലപ്പുറം: പെരിന്തൽമണ്ണയിൽ പ്രഖ്യാപിച്ചിരുന്ന മുസ്ലിംലീഗിന്റെ ഹർത്താൽ പിൻവലിച്ചു. സാധാരണക്കാരുടെയും വിദ്യാർത്ഥികളുടെയും ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഹർത്താൽ പിൻവലിക്കുന്നത് എന്ന് യുഡിഎഫ് അറിയിച്ചു. ഇന്ന് പല സ്കൂളുകളിലും കുട്ടികൾക്ക് പരീക്ഷ നടക്കുന്ന സമയമാണ്. മാത്രമല്ല ഹോട്ടൽ പോലുള്ള കടകളിലെ ആളുകളും വലിയ രീതിയിൽ ആശങ്ക ഉണ്ടാക്കിയിരുന്നു പെട്ടെന്ന് പ്രഖ്യാപിച്ച ഈ ഹർത്താൽ. അതിനിടെ മുസ്ലീം ലീഗ് ഓഫീസിൽ നേരെ ആക്രമണം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്ത സാഹചര്യം കൂടി കണക്കിലെടുത്താണ് ഹർത്താൽ പിൻവലിച്ചത്.
ഇവയെല്ലാം കണക്കിലെടുത്താണ് ഇപ്പോൾ ഹർത്താൽ പിൻവലിച്ചിരിക്കുന്നത്. മുസ്ലിം ലീഗ് ഓഫീസിൽ നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചായിരുന്നു ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണിവരെ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലായിരുന്നു ഹർത്താൽ.
പെരിന്തൽമണ്ണ മുസ്ലിംലീഗിന്റെ ഓഫീസിൽ നേരെ കല്ലേറ് ഉണ്ടായ പശ്ചാത്തലത്തിൽ ആയിരുന്നു ലീഗിന്റെ മണ്ഡലത്തിൽ ഹർത്താൽ പ്രഖ്യാപിച്ചത്. അതേസമയം ഓഫീസിൽ നേരെ കല്ലെറിഞ്ഞത് സിപിഎം പ്രവർത്തകരാണ് എന്ന് മുസ്ലിം ലീഗ് നേതാക്കൾ ആരോപിച്ചു. കല്ലേറ് ഉണ്ടായതിനെ തുടർന്ന് നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിൽ ലീഗ് റോഡ് ഉപരോധിച്ചിരുന്നു.സംഘടിതമായ ആക്രമണമാണ് ഉണ്ടായതെന്നും ഓഫീസിന്റെ ചില്ലകൾ ഉൾപ്പെടെ തകർന്നിട്ടുണ്ടെന്നും പ്രവർത്തകർ ആരോപിച്ചു.
കഴിഞ്ഞദിവസം വൈകിട്ട് സിപിഎം ഓഫീസിന് നേരെയും കല്ലേറ് ഉണ്ടായി. ഇതിനെ തുടർന്ന് സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിനിടയിലാണ് ലീഗിന്റെ ഓഫീസിന് നേരെ ആക്രമണം. ഇതോടെ മുസ്ലിം ലീഗ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. രാത്രിയോടെ പ്രദേശത്തുനിന്ന് ആളുകൾ പോയെങ്കിലും സംഘടന ഹർത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു.