Heavy Rain Kerala : ഇടുക്കിയിൽ മണ്ണിടിച്ചിലും മലവെള്ള പാച്ചിലും, കല്ലാർ ഡാം തുറന്നു… മുല്ലപ്പെരിയാർ തുറക്കും
Mullaperiyar Gates to be Raised today: നിലവിൽ ജലനിരപ്പ് 136 അടിക്ക് മുകളിലാണ്. ഇതിനിടെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി കല്ലാർ ഡാമിന്റെ ഷട്ടറുകളും തുറന്നു.

Mullaperiyar Dam
ഇടുക്കി: ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പലയിടത്തും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായി. നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു. കനത്ത മഴയെത്തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകൾ ശനിയാഴ്ച രാവിലെ 8 മണിക്ക് തുറക്കുമെന്ന് തമിഴ്‌നാട് അറിയിച്ചു. സെക്കന്റിൽ 5000 ഘനയടി വെള്ളം വരെയായിരിക്കും തുറന്നുവിടുക.
പെരിയാർ നദിയിൽ നിലവിൽ ജലനിരപ്പ് കുറവായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്ക് ഉയർന്നു. നിലവിൽ ജലനിരപ്പ് 136 അടിക്ക് മുകളിലാണ്. ഇതിനിടെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി കല്ലാർ ഡാമിന്റെ ഷട്ടറുകളും തുറന്നു.
രക്ഷാപ്രവർത്തനങ്ങൾ
കുമളിയിൽ കനത്ത മഴയെ തുടർന്ന് തോട് കരകവിഞ്ഞതോടെ ഒരു വീട്ടിൽ കുടുങ്ങിയ അഞ്ച് പേരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. മിനി (50), ദേവി (29), അക്ഷയ് കൃഷ്ണ (9), ദയാൻ കൃഷ്ണ (4), കൃഷ്ണ (1) എന്നിവരെയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. കുമളി ചെളിമട, ആനവിലാസം ശാസ്തനട ഭാഗങ്ങളിലും വെള്ളം കയറി.
വണ്ടിപ്പെരിയാർ, കക്കിക്കവല ആറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സമീപത്തെ വീടുകളിൽ വെള്ളം കയറിയതോടെ ഇവിടെനിന്നും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മൊത്തം 42 കുടുംബങ്ങളെ സമീപത്തുള്ള ഹോളിഡേ ഹോം ഡോർമിറ്ററി ബട്ടിംഗിലേക്ക് മാറ്റിപ്പാർപ്പിച്ചു. ജില്ലയിൽ മഴ മുന്നറിയിപ്പ് ശക്തമായതിനാൽ മലയോര മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.