കത്തിച്ച് മിന്നൽ, ഞെട്ടിച്ച് മഴ! നെയ്യാർ, അരുവിക്കര അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു
Heavy rain in Kerala: സംസ്ഥാനത്ത് മഴ ശക്തമായി. വിവിധ ജില്ലകളിൽ വൈകുന്നേരത്തോടെ യെല്ലോ അലർട്ട് ഓറഞ്ച് അലർട്ടിലേക്ക് മാറുന്ന നിലയിൽ മഴ കനത്തു. ശക്തമായ കാറ്റിലും ഇടിമിന്നലിലും വിവിധ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് നെയ്യാർ, അരുവിക്കര അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. കണ്ണൂർ പറശ്ശിനിക്കടവ്, എറണാകളും പെരുമ്പാവൂർ, വെങ്ങോല മേഖലകളിൽ ഇടിമിന്നലിൽ വ്യാപക നാശമുണ്ടായി.
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ. മിന്നലിൽ പലയിടത്തും നാശനഷ്ടങ്ങൾ നേരിട്ടു. ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കിയ മുന്നറിയിപ്പിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ വൈകുന്നേരത്തോടെ കണക്കുകൂട്ടലുകൾ തെറ്റുകയും മഴ ശക്തിപ്പെട്ട് 9 ജില്ലകളിലെ യെല്ലോ അലർട്ട്, 10 ജില്ലകളിലെ ഓറഞ്ചായി കടുക്കുകയും ചെയ്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ 10 ജില്ലകളിലാണ് വൈകുന്നേരം ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ടത്.
വൈകുന്നേരത്തോടെ ശക്തിപ്രാപിച്ച മഴയിൽ പലയിടത്തും വില്ലനായത് ഇടിമിന്നലാണ്. കണ്ണൂർ പറശ്ശിനിക്കടവിൽ ഇടിമിന്നലിൽ വ്യാപക നാശമുണ്ടായി. രണ്ട് വീടുകളുടെ ചുമരിൽ വിള്ളൽ വീണു. വയറിങ്ങും ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങളും കത്തി നശിച്ചു. പെരുമ്പാവൂർ, വെങ്ങോല മേഖലകളിലും മിന്നലിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മിന്നൽ പ്രഹരം നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട് എന്നാണ് വിവരം.
Also Read: തോന്നുംപടി വേണ്ട, സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവിന് നിയന്ത്രണം വരുന്നു
സംസ്ഥാനത്ത് മഴയ്ക്കൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും (09/10/2026) നാളെയും (10/10/2026) ഇടിമിന്നൽ ഉണ്ടാകും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. അപ്രതീക്ഷിത മിന്നലിൽ നാശനഷ്ടങ്ങൾ ഉണ്ടാകുന്നത് സംസ്ഥാനത്ത് ഒരു തുടർ സംഭവമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും പലയിടങ്ങളിലും മിന്നൽ വൻ നാശനഷ്ടം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ മഴയെക്കാൾ ഇടിമിന്നലിനെ ഭയപ്പെടേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്.
അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു
മഴ കനത്തതോടെ തിരുവനന്തപുരത്ത് നെയ്യാർ, അരുവിക്കര അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. നെയ്യാർ ഡാമിൻറെ നാല് ഷട്ടറുകളും ഇരുപത് സെൻറിമീറ്റർ വീതമാണ് ഉയർത്തിയത്. അരുവിക്കര ഡാമിൻറെ മൂന്ന് ഷട്ടറുകൾ പത്ത് സെൻറീമീറ്റർ കൂടി ഉയർത്തി. ജലനിരപ്പ് ക്രമീകരിക്കുന്നതിൻറെ ഭാഗമായാണ് ഷട്ടറുകൾ തുറന്നിരിക്കുന്നത്.
കനത്ത കാറ്റിൽ നാശം
മഴയ്ക്കും മിന്നലിനും ഒപ്പം കനത്ത കാറ്റും പലയിടങ്ങളിലും അനുഭവപ്പെട്ടു. എറണാകുളത്ത് കനത്ത മഴയിലും കാറ്റിലും താൽക്കാലിക പന്തൽ തകർന്നുവീണ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അങ്കമാലി കറുകുറ്റിയിൽ ഡിവൈഎഫ്ഐ നടത്തുന്ന ഓണ നിലാവ് പരിപാടിയുടെ താൽക്കാലിക പന്തലാണ് തകർന്നത്. ആർക്കും പരിക്കില്ല. ആലുവയിൽ കനത്തമഴയിൽ ചില റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
ഗതാഗതം തടസപ്പെട്ടു
കനത്ത മഴയെ തുടർന്ന് കൊല്ലം നിലമേലിൽ എംസി റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പത്തനംതിട്ട മലയാലപ്പുഴയിൽ കാറ്റിൽ റോഡിന് കുറുകെ മരം വീണു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വയനാട് (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്ന് ഒക്ടോബർ 9ന് വൈകിട്ട് 7.30ന് പുറത്തിറക്കിയ മുന്നറിയിപ്പിൽ IMD പറയുന്നു.
കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ വരുംമണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും, മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഇടത്തരം / ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
English Summary
Rainfall has intensified across the state. In several districts, the intensity of the rain increased as the day progressed, causing alerts to shift from yellow to orange. Incidents of damage due to strong winds and lightning have been reported. The shutters of the Neyyar and Aruvikkara dams in Thiruvananthapuram were opened. Widespread damage caused by lightning was reported in the Parasshinikadavu area of Kannur, as well as in the Perumbavoor and Vengola regions of Ernakulam.