Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസുകൾ അവസാനിപ്പിക്കാൻ പൊലീസ്
hema committee report: 35 കേസുകളാണ് പ്രത്യേകാന്വേഷണ സംഘം രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 21 എണ്ണം നേരത്തേ ഒഴിവാക്കി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ബാക്കിവന്ന 14 എണ്ണം കൂടി അവസാനിപ്പിച്ച് ഈ മാസംതന്നെ കോടതികളിൽ റിപ്പോർട്ട് നൽകാനാണ് തീരുമാനം.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. കമ്മിറ്റി മുമ്പാകെ മൊഴി കൊടുത്തവർക്ക് കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം.
35 കേസുകളാണ് പ്രത്യേകാന്വേഷണ സംഘം രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 21 എണ്ണം നേരത്തേ ഒഴിവാക്കി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ബാക്കിവന്ന 14 എണ്ണം കൂടി അവസാനിപ്പിച്ച് ഈ മാസംതന്നെ കോടതികളിൽ റിപ്പോർട്ട് നൽകാനാണ് തീരുമാനം.
മലയാള സിനിമയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി, റിപ്പോർട്ട് സമർപ്പിച്ച് വർഷങ്ങൾക്ക് ശേഷമാണ് അതിലെ വിവരങ്ങൾ പുറത്ത് വന്നത്. റിപ്പോർട്ട് കാസ്റ്റിങ് കൗച്ച് ഉൾപ്പെടെ ഗുരുതര പ്രശ്നങ്ങളാണ് വെളിപ്പെടുത്തിയത്. റിപ്പോർട്ടിന് പിന്നാലെ ഏതാനും പേർ സാമൂഹിക മാധ്യമങ്ങളിലൂടെ ഉൾപ്പെടെ ലൈംഗികാതിക്രമ പരാതികൾ ഉന്നയിച്ചിരുന്നു. പരാതികൾ കൂടിയതോടെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു.
ഇത്തരത്തിൽ ഉന്നയിക്കപ്പെട്ട പരാതികളുമായി ബന്ധപ്പെട്ട് നാൽപത് കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ നടൻമാരായ മുകേഷ്, മണിയൻപിള്ള രാജു, സിദ്ധീഖ്, സംവിധായകൻ രഞ്ജിത്ത് തുടങ്ങിയവരുടെ പേരിലുള്ളതടക്കം 30 കേസുകളിൽ കുറ്റപത്രം നൽകിയിരുന്നു. ഈ കേസുകൾ തുടരും.