Nilambur By Election 2025: ആസ്തിയുടെ കാര്യത്തില്‍ അന്‍വറുണ്ട് മുന്നില്‍, കോടികളുടെ കണക്ക് പറയാനില്ലാതെ സ്വരാജ്
Assets Of Nilambur By Election 2025 Candidates: തിരഞ്ഞെടുപ്പിന് മത്സരിക്കാന്‍ പണമില്ലെന്ന് പറഞ്ഞ പിവി അന്‍വര്‍ തന്നെയാണ് സ്വത്തിന്റെ കാര്യത്തില്‍ ബഹുദൂരം മുന്നിലുള്ളത്. അന്‍വറിന്റെ സ്ഥാവര ജംഗമ ആസ്തികളുടെ ആകെ മൂല്യം 52.21 കോടിയാണ്. എന്നാല്‍ 20.60 കോടി രൂപയുടെ ബാധ്യതയും അന്‍വറിനുണ്ട്.

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞ ദിവസം അവസാനിച്ചു. ഇനി ചൂടേറിയ തിരഞ്ഞെടുപ്പ് പ്രചാരണം മാത്രം. ഇതിനിടയില്‍ വലിയ ചൂടോടെ പുറത്തെത്തുന്ന വാര്‍ത്തയാണ് സ്ഥാനാര്‍ഥികളുടെ സ്വത്ത് വിവരങ്ങളുമായി ബന്ധപ്പെട്ടത്. നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എല്ലാ നേതാക്കളും അവരുടെ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിന് മത്സരിക്കാന്‍ പണമില്ലെന്ന് പറഞ്ഞ പിവി അന്‍വര്‍ തന്നെയാണ് സ്വത്തിന്റെ കാര്യത്തില്‍ ബഹുദൂരം മുന്നിലുള്ളത്. അന്‍വറിന്റെ സ്ഥാവര ജംഗമ ആസ്തികളുടെ ആകെ മൂല്യം 52.21 കോടിയാണ്. എന്നാല്‍ 20.60 കോടി രൂപയുടെ ബാധ്യതയും അന്‍വറിനുണ്ട്.
അന്‍വറിന്റെ കൈവശമുള്ളത് 25,000 രൂപയാണ്. അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരുടെയും കൈവശം 10,000 രൂപ വീതമുണ്ട്. 1.06 കോടി രൂപ വിലമതിക്കുന്ന 150 പവന്‍ സ്വര്‍ണാഭരണങ്ങളും ഇരു ഭാര്യമാരുടെയും കൈവശമുണ്ട്. 18.14 കോടിയാണ് അന്‍വറിനുള്ള ജംഗമ സ്വത്തുക്കള്‍.




34.07 കോടി രൂപയുടെ സ്ഥാവര ആസ്തിയും അദ്ദേഹത്തിനുണ്ട്. ബാങ്കില്‍ നിന്നെടുത്ത വായ്പ ഉള്‍പ്പെടെ 20 കോടി ബാധ്യതയുണ്ട്. നേരത്തെ 2021ലെ തിരഞ്ഞെടുപ്പ് സമയത്ത് 18.51 കോടി രൂപയായിരുന്നു പിവി അന്‍വറിന്റെ ജംഗമ ആസ്തി. അന്ന് 16.94 കോടിയായിരുന്നു ബാധ്യത.
ആകെ 63.89 ലക്ഷം രൂപയുടെ ആസ്തിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനുള്ളത്. അദ്ദേഹത്തിന്റെ കൈവശം 1,200 രൂപയുമുണ്ട്. 94.91 ലക്ഷം രൂപയാണ് സ്വരാജിന്റെ ഭാര്യയുടെ ആസ്തി. അവരുടെ കൈവശം 550 രൂപയുമുണ്ട്.
സ്വരാജിന് സ്വന്തമായി വാഹനമില്ല. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരില്‍ രണ്ട് വാഹനങ്ങളുണ്ട്. വില കൂടിയ തരത്തിലുള്ള ആഭരണങ്ങളൊന്നും തന്നെയില്ല. ഭാര്യയുടെ കൈവശമുള്ളത് 200 ഗ്രാം തൂക്കം വരുന്ന 18 ലക്ഷം രൂപയുടെ ആഭരണങ്ങളാണ്.
സ്വരാജ് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത് 1.38 ലക്ഷം രൂപ. അദ്ദേഹത്തിന്റെ ആകെ ബാധ്യത 9 ലക്ഷം. ഭാര്യയുടെ ബാധ്യത 25.46 ലക്ഷവുമാണ്.
സ്വരാജിനേക്കാള്‍ ഒരു പടി മുന്നിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ബാങ്ക് നിക്ഷേപം. 2 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപമാണ് അദ്ദേഹത്തിനുള്ളത്. 71,82,444 രൂപയുടെ കട ബാധ്യതയുണ്ട്. 2,18,977 രൂപയുടെ ജംഗമ വസ്തുക്കള്‍ ഷൗക്കത്തിന്റെ കൈവശവും 83,75,302 രൂപയുടേത് ഭാര്യയുടെ പക്കലുമുണ്ട്. 1 കോടി രൂപ മൂല്യമുള്ളതാണ് താമസിക്കുന്ന വീട്.