SIR In Kerala: വോട്ടർ പട്ടിക പരിഷ്കരണം കേരളത്തെ എങ്ങനെ ബാധിക്കും?; നിബന്ധനകളിൽ പ്രവാസികൾക്ക് ആശങ്ക
How Does SIR Affect Kerala: തീവ്ര വോട്ടർ പട്ടിക പരിഷ്കരണം കേരളത്തെ എങ്ങനെ ബാധിക്കും? പ്രവാസികൾ അധികമുള്ള സംസ്ഥാനത്തിന് അത്ര എളുപ്പമാവില്ല എസ്ഐആർ.
വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ആശങ്കകൾ ശക്തമാവുകയാണ്. കേരളമടക്കം 12 സംസ്ഥാനങ്ങളിലാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യമൊട്ടാകെ എസ്ഐആറിൻ്റെ ആശങ്കകളുണ്ടെങ്കിലും പ്രവാസികൾ കൂടുതലുള്ള കേരളത്തിൽ ഈ ആശങ്കകൾ വളരെ ശക്തമാണ്.
വോട്ടവകാശ നിഷേധമാണ് വ്യാപകമായി എസ്ഐആറിൻ്റെ ഭീഷണിയായി കണക്കാക്കപ്പെടുന്നത്. പേര് രജിസ്റ്റർ ചെയ്യാൻ പുതിയ രേഖകൾ നിർബന്ധമാക്കുന്നതിലൂടെ വോട്ടർ പട്ടികയിൽ നിന്ന് വൻതോതിൽ ആളുകളെ ഒഴിവാക്കാൻ കാരണമാകുമെന്ന് രാഷ്ട്രീയനിരീക്ഷകർ പറയുന്നു. മതിയായ, പുതിയ രേഖകൾ ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ നിരവധി ആളുകൾക്ക് വോട്ടവകാശം നഷ്ടപ്പെടും. പ്രവാസികൾ, ന്യൂനപക്ഷ വിഭാഗങ്ങൾ, വേഗത്തിൽ പ്രതികരിക്കാൻ കഴിയാത്ത വയോധികർ തുടങ്ങിയവർക്ക് എസ്ഐആറിൽ വോട്ടവകാശം നഷ്ടമാവാനുള്ള സാധ്യതകളുണ്ട്. ഇതിനൊപ്പമാണ് ന്യൂനപക്ഷങ്ങളെ മനപൂർവം ഒഴിവാക്കുമെന്ന ആരോപണങ്ങൾ. ബീഹാറിലടക്കം ഇത്തരം നീക്കങ്ങളുണ്ടായെന്ന് ആരോപണങ്ങളുണ്ട്.
ഏറ്റവുമധികം പ്രവാസികളുള്ള ഒരു സംസ്ഥാനമാണ് കേരളം. ഈ പ്രവാസികൾക്ക് എസ്ഐആർ ഒരു വലിയ ഭീഷണിയാണ്. തിരഞ്ഞെടുപ്പിൻ്റെ സമയത്ത് അവധിയെടുത്ത് നാട്ടിലെത്തി വോട്ടുചെയ്ത് മടങ്ങുന്ന രീതി പല പ്രവാസികൾക്കുമുണ്ട്. എന്നാൽ, എസ്ഐആർ നടപ്പാക്കുന്ന രീതി പരിഗണിക്കുമ്പോൾ പ്രവാസികളിൽ പലരുടെയും വോട്ടവകാശം നഷ്ടമാവാനുള്ള സാധ്യതകളുണ്ട്. വോട്ടർ പട്ടിക പരിഷ്കരണത്തിനായി ആവശ്യപ്പെടുന്ന രേഖകൾ കൃത്യസമയത്ത് എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇവർക്ക് വോട്ടവകാശം നഷ്ടമാവും. രേഖകൾ ഹാജരാക്കുന്നതും യോഗ്യത തെളിയിക്കുന്നതും സുതാര്യമായോ എളുപ്പത്തിലോ നടക്കാനിടയില്ല. പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ പോലും വോട്ട് ചെയ്യാനുള്ള അവസരമാണ് ഇതോടെ നിഷേധിക്കപ്പെടുന്നത്.
Also Read: Nationwide SIR : ‘എസ്ഐആർ ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി’; വിമർശിച്ച് മുഖ്യമന്ത്രി
തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് എസ്ഐആർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ഇതിനകം ശക്തമാണ്. സങ്കീർണമായ താമസരീതികളുള്ള പൗരന്മാർക്ക് അതിനെ പിന്തുണയ്ക്കുന്ന രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ ബ്യൂറോക്രാറ്റിക് തടസങ്ങൾ കാരണം അവർക്ക് വോട്ട് ചെയ്യാനുള്ള അവകാശം നഷ്ടമാവും. ഇത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും നിരീക്ഷണമുണ്ട്. എസ്ഐആറിലൂടെ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കാനുള്ള ശ്രമമാണോ എന്ന ആശങ്കയുമുണ്ട്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ആവശ്യമുള്ള ഒന്നാണെങ്കിലും തിടുക്കത്തിൽ, തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് സങ്കീർണമായി നടത്തുന്നത് പല തരത്തിലുള്ള ഒഴിവാക്കലുകൾക്ക് വേണ്ടിയാണെന്ന വിമർശനമാണ് പൊതുവായി ഉയരുന്നത്.
എസ്ഐആറിൽ ആധാർ കാർഡാവും തിരിച്ചറിയൽ രേഖ. കേരളം അടക്കം 12 സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷ്വദീപ്, ആന്‍ഡമാൻ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് എസ്ഐആർ നടപടിക്രമങ്ങൾ ആരംഭിച്ചത്. ഇവിടങ്ങളിലെ വോട്ടർ പട്ടിക മരവിപ്പിക്കും.