Bevco Strike: അവധിയല്ല ബെവ്കോ സമരം; ഏതൊക്കെ ദിവസങ്ങളിൽ
2021 മുതലുള്ള ഡി.എ. കുടിശ്ശിക തീർത്ത് നൽകുക. ജീവനക്കാരെ കൊണ്ട് കാലിക്കുപ്പി എടുക്കുന്ന നടപടി അവസാനിപ്പിക്കുക. റീ ടെയിൽ ഷോപ്പുകളിലെ ഷിഫ്റ്റ് രീതി അവസാനിപ്പിക്കുക തുടങ്ങിയവ
തിരുവനന്തപുരം: അങ്ങനെ ഒരിടവേളക്ക് ശേഷം ബെവ്കോ ജീവനക്കാർ പണി മുടക്കിലേക്ക് എത്തുകയാണ്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാരുടെ സമരം എങ്കിലും വിവിധയിടങ്ങളിലെ ഷോപ്പുകളുടെ പ്രവർത്തനം ഇതുവഴി മുടങ്ങിയേക്കാൻ സാധ്യതയുണ്ട്. ഐഎൻടിയുസി അടക്കമുള്ള പ്രതിപക്ഷ യൂണിയനുകളാണ് സമരം ചെയ്യുന്നത്. എന്നാൽ സിഐടിയുവും ഇതിൻ്റെ ഭാഗമായി സെക്രട്ടേറിയേറ്റ് മാർച്ച് നടത്തുന്നുണ്ട്. ഒക്ടോബർ 29 ബുധനാഴ്ചയാണ് സമരം നടക്കുന്നത്. അന്നേ ദിവസം ബെവ്കോ ഷോപ്പുകൾ അടഞ്ഞ് കിടക്കാനാണ് സാധ്യത.
ജീവനക്കാരുടെ ആവശ്യങ്ങൾ എന്തൊക്കെ
സർക്കാർ നൽകേണ്ട അഡീഷണൽ അലവൻസായ 600 രൂപ അനുവദിക്കുക. ഒപ്പം 2021 മുതലുള്ള ഡി.എ. കുടിശ്ശിക തീർത്ത് നൽകുക. ജീവനക്കാരെ കൊണ്ട് കാലിക്കുപ്പി എടുക്കുന്ന നടപടി അവസാനിപ്പിക്കുക. റീ ടെയിൽ ഷോപ്പുകളിലെ ഷിഫ്റ്റ് രീതി അവസാനിപ്പിക്കുക തുടങ്ങിയവയാണ് ജീവനക്കാർ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ. ഒപ്പം വെയർഹൗസുകളുടെ പ്രവർത്തനം രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാക്കാനും, ബെവ്കോയിൽ ജോലി ചെയ്യുന്ന സ്വീപ്പർമാർക്ക് തൊഴിൽ സുരക്ഷ മിനിമം വേതനം എന്നിവ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ജീവനക്കാർ മുന്നോട്ട് വെക്കുന്നുണ്ട്.
ALSO READ: ഇനി ബെവ്കോയിൽ രണ്ടേ രണ്ട് അവധി ബാക്കി; നവംബറിൽ തുറക്കാത്ത ദിവസങ്ങളുണ്ടോ?
ഡ്രൈ ഡേ വരുന്നു
ബുധനാഴ്ച ബെവ്കോ അടഞ്ഞ് കിടന്നാൽ അത് വലിയ വിൽപ്പന കുറവിന് കാരണമാകും. നവംബർ 1-ന് ഡ്രൈ ഡേ ആയതിനാൽ തന്നെ സ്വഭാവികമായും അന്നേ ദിവസം സംസ്ഥാനത്തെ ബെവ്കോ ഷോപ്പുകളൊന്നും തുറക്കില്ല. എന്തായാലും സമരം സംബന്ധിച്ച് ബെവ്കോ ഔദ്യോഗികമായി ഒന്നും തന്നെ പറഞ്ഞിട്ടില്ല. അതേസമയം നവംബറിലും, ഡിസംബറിലും ഡ്രൈ ഡേകൾ ഒഴികെ ബെവ്കോ അടഞ്ഞു കിടക്കുന്ന പൊതു അവധികൾ ഇല്ല.