Athirappilly Elephant : അതിരപ്പള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ് ചികിത്സയിലിരുന്ന കാട്ടാന ചെരിഞ്ഞു
ആന ആരോഗ്യത്തിലേക്ക് തിരിച്ച് വരാൻ സാധ്യത കുറവാണെന്ന് നേരത്തെ തന്നെ വെറ്റിനറി ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു
തൃശ്ശൂർ: അതിരപ്പള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ് ചികിത്സയിലിരുന്ന കൊമ്പൻ ചരിഞ്ഞു. ആനക്ക് ചികിത്സക്ക് നൽകുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആന ആരോഗ്യത്തിലേക്ക് തിരിച്ച് വരാൻ സാധ്യത കുറവാണെന്ന് നേരത്തെ തന്നെ വെറ്റിനറി ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. കോടനാട് അഭയാരണ്യത്തിലായിരുന്നു ആനയുടെ ചികിത്സ നടത്തിയിരുന്നത്. ആന രക്ഷപ്പെടാൻ 30% ചാൻസ് മാത്രമാണുള്ളതെന്ന് ഡോക്ടർ അരുൺ സക്കറിയ അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു.
കോടനാട് അഭയാരണ്യത്തിൽ പ്രത്യേകം തയാറാക്കിയ കൂട്ടിലായിരുന്നു ആന കഴിഞ്ഞിരുന്നത്. ആനയുടെ നെറ്റിയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു ഇത് അണുബാധയായി തുമ്പിക്കൈയിലേക്ക് വ്യാപിപ്പിച്ചിരുന്നു. ഇത് പിന്നീട് ആനക്ക് ശ്വസിക്കാൻ തന്നെ ബുദ്ധിമുട്ടായി ഒടുവിൽ ശ്വാസം പുറത്തേക്ക് പോകുന്നത് മുറിവിലൂടെ എന്നായിരുന്നു. സാധാരണ ആനകൾ മയക്കുവെടിയേറ്റതിൻ്റെ ആലസ്യം കഴിഞ്ഞാൽ പിന്നീട് കൂട്ടിൽ ചില പരാക്രമങ്ങളൊക്കെ നടത്തുന്നതാണ്. എന്നാൽ അതിരപ്പള്ളിയിൽ നിന്നും പിടിച്ച കൊമ്പന് ഇത്തരം പ്രശ്നങ്ങളില്ലായിരുന്നു. ഇതിനർഥം ആനക്ക് ആരോഗ്യപരമായി പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ്.
ബുധനാഴ്ച രാവിലെ 7.15-നാണ് മസ്തകത്തിൽ പരിക്കേറ്റ കൊമ്പനെ വനം വകുപ്പിൻ്റെ പ്രത്യേക സംഘത്തിൻ്റെ നേതൃത്വത്തിൽ മയക്കുവെടിവെച്ചത്. ഇതോടെ മയങ്ങിവീണ കാട്ടാനയെ കുങ്കിയാനാകളുടെ സഹായത്തോടെ എഴുന്നേൽപ്പിച്ചു. തുടർന്ന് ആനയെ അനിമൽ ആംബുലന്‍സിൽ കോടനാടിലെത്തിച്ചു ചികിത്സ നൽകി വരികയായിരുന്നു. ഏറെ നാളുകളായി അതിരപ്പിള്ളി ഭാഗത്ത് മസ്തകത്തിൽ മുറിവുമായി അലഞ്ഞിരുന്ന ആനയെയാണ് വനം വകുപ്പ് മയക്കുവെടി വെച്ച് മാറ്റിയത്.