Jail DIG Suspended: ജയിൽപുള്ളികൾക്ക് പരോൾ നൽകാൻ കൈക്കൂലി; ജയിൽ ഡിഐജിക്ക് സസ്പെൻഷൻ
Jail DIG Suspended: പരോൾ നൽകാൻ പ്രതികളുടെ ബന്ധുക്കളിൽ നിന്നും 1.80 ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങിയതായി കണ്ടെത്തി....

Jail Dig Suspended
തിരുവനന്തപുരം: ജയിൽപുള്ളികൾക്ക് പരോളും മറ്റും നൽകുവാൻ കൈക്കൂലി വാങ്ങിയതിന് ജയിൽ ഡിഐജി എം കെ വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. കൈക്കൂലി വാങ്ങിയതായി വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞതോടെയാണ് നടപടി. പരോൾ നൽകാൻ പ്രതികളുടെ ബന്ധുക്കളിൽ നിന്നും 1.80 ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങിയതായി കണ്ടെത്തി. ഇതിനെ തുടർന്നാണ് ഹെഡ് ക്വാർട്ടേഴ്സ് വിനോദ് കുമാറിനെതിരെ ഡിസംബർ 17 ഓടെ വിജിലൻസ് കേസെടുത്തത്.
പരോള് നൽകാനും പ്രതികൾക്ക് ജയിലിൽ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാനും കൈക്കൂലി വാങ്ങുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു കേസ്. ഇതിന്റെ പശ്ചാത്തലത്തിൽ വിജിലൻസ് പരിശോധനയും നടത്തി. ലഹരി കേസിലും മറ്റും ജയിലിൽ കഴിയുന്നവർക്ക് പരോള് വേഗത്തിൽ ലഭ്യമാക്കാനും മറ്റും ഇടപെടാം എന്ന് അറിയിച്ചാണ് കൈക്കൂലി വാങ്ങിയതെന്നുമാണ് വിജിലൻസിന് ലഭിച്ച വിവരം. ഗൂഗിൾ പേ വഴി തന്നെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് പണം വാങ്ങിയതായി ആണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 1.8 0ലക്ഷം രൂപ എത്തിയ വിവരം ലഭിക്കുന്നത്. വിയ്യൂർ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനെ ഇടനിലക്കാരനാക്കിയും പണം വാങ്ങി എന്നും വിജിലൻസ് അനുമാനിക്കുന്നു. ഇതിനെ അടിസ്ഥാനമാക്കിയും അന്വേഷണം നടക്കുകയാണ്. സ്ഥലം മാറ്റുന്നതിനായി ഉദ്യോഗസ്ഥരിൽ നിന്നും പണം വാങ്ങി എന്ന പരാതിയും ഉയർന്നുവരികയാണ്. കൂടാതെ ഡിഐജിയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടും തുടർന്ന് അന്വേഷണം ഉണ്ടാകുമെന്ന് റിപ്പോർട്ട്.